റിപബ്ലിക്ക് ദിനത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയത് ഇസ്‌ലാമിക പതാകയെന്ന് സംഘപരിവാര്‍; പൊളിഞ്ഞത് മറ്റൊരു നുണ
Social Tracker
റിപബ്ലിക്ക് ദിനത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയത് ഇസ്‌ലാമിക പതാകയെന്ന് സംഘപരിവാര്‍; പൊളിഞ്ഞത് മറ്റൊരു നുണ
ന്യൂസ് ഡെസ്‌ക്
Wednesday, 30th January 2019, 9:02 am

കോഴിക്കോട്: ഇക്കഴിഞ്ഞ റപബ്ലിക്ക് ദിനത്തില്‍ കേരളത്തിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയത് പച്ചക്കൊടിയാണെന്ന സംഘപരിവാര്‍ പ്രചരണത്തെ പൊളിച്ചടക്കി ആള്‍ട്ട് ന്യൂസ്. റിപ്പബ്ലിക് ദിനം ബഹിഷ്‌കരിച്ച് കേരളത്തിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ ഇസ്ലാമിക് പതാക ഉയര്‍ത്തി, അതും വെള്ളനിറത്തില്‍ ചന്ദ്രക്കലയും നക്ഷത്രവും ആലേഖനം ചെയ്ത മുസ്ലിം ലീഗിന്റെ പച്ചക്കൊടി” എന്ന അടിക്കുറിപ്പോടെ പച്ച കൊടി പിടിച്ച് വെള്ള വസ്ത്രം ധരിച്ച വിദ്യാര്‍ത്ഥികളുടെ ചിത്രമാണ് സംഘപരിവാര്‍ പ്രചരിപ്പിച്ചത്.

 

“റിപ്പബ്ലിക് ദിനം ബഹിഷ്‌കരിച്ച് കേരളത്തിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ ഇസ്ലാമിക് പതാക ഉയര്‍ത്തി” എന്ന തലക്കെട്ടില്‍ ചിത്രം ഷെയര്‍ ചെയ്തു സഞ്ജയ് ഗുപ്ത എന്നയാളാണ് നുണ പ്രചരണത്തിന് തുടക്കം കുറിച്ചത്. പിന്നാലെ ഇത് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

Read Also :  പി.കെ. ശ്രീമതിക്കെതിരായ അധിക്ഷേപം; ബി. ഗോപാലകൃഷ്ണനെതിരെ അറസ്റ്റ് വാറന്റ്

എന്നാല്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമായി വടക്കേന്ത്യയില്‍ വ്യാപകമായി പ്രചരിപ്പിച്ച ഈ ചിത്രം യഥാര്‍ത്ഥില്‍ Iuml Voice of Indian Muslims എന്ന ഫേസ്ബുക്ക് പേജില്‍ “ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ഭാവി തലമുറ” എന്ന കുറിപ്പോടെ 2013 മേയ് 17ന് പോസ്റ്റ് ചെയ്ത ചിത്രമാണ്. മുസ്ലിം ലീഗിന്റെ കൊടിയും പിടിച്ച് പ്രകടനമായി കുട്ടികള്‍ പോകുന്ന ഈ ചിത്രത്തില്‍ അരികിലൂടെ കടന്നുപോകുന്ന പച്ച നിറമുള്ള ബസും പിന്നില്‍ മഞ്ഞ നിറമടിച്ച വാനും കാണാം.

ഇതേ തലക്കെട്ടില്‍ സമാനമായ പ്രചരണം 2014ലും 2017 ലും സംഘ്പരിവാരം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത. “ശംഖ്നാദ്” എന്ന അക്കൗണ്ടില്‍ നിന്നാണ് 2014ല്‍ ഈ വ്യാജം പ്രചരിച്ചിരുന്നത്. കേശവ് മിശ്ര എന്നയാളിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് 2017ല്‍ പ്രചരിച്ചത്. ആ സമയങ്ങളിലെല്ലാം സംഘപരിവാര്‍ ഗ്രൂപ്പുകളും പേജുകളും എരിവും പുളിയും ചേര്‍ത്ത് വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. അതേ നുണയാണ് ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.

സംഘപരിവാര്‍ നുണ പൊളിച്ചടക്കിയതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വര്‍ഗീയ ദ്രുവീകരണം ലക്ഷ്യമിട്ടു സംഘപരിവാര്‍ നടത്തുന്ന ആസൂത്രിത നീക്കമാണ് നുണപ്രചരണത്തിന് പിന്നിലെന്നാണ് ഉയരുന്ന വിമര്‍ശനം.

നേരത്തെ ശബരിമ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടും പ്രളയകാലത്തും കേരളത്തിനെതിരെ നിരവധി നുണ പ്രചരണങ്ങള്‍ ദേശീയതലത്തില്‍ സംഘപരിവാര്‍ നടത്തിയിരുന്നു. അത് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു എന്നതാണ് പുതിയ നുണപ്രചരണം തെളിയിക്കുന്നത്.