ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Kerala
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം: നഗരപ്രദേശങ്ങൾക്ക്​ ഇളവില്ല; തീരുമാനം സി.പി.ഐയുടെ എതിര്‍പ്പിനെ തുടര്‍ന്ന്
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 5:19pm
തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ നഗര പ്രദേശങ്ങള്‍ക്ക് ഇളവുനല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. സി.പി.ഐയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ്‌ നഗരപ്രദേശങ്ങള്‍ക്ക് ഇളവുനല്‍കാനുള്ള തീരുമാനം പിന്‍വലിച്ചത്.
തിരുവനന്തപുരത്തേയും എറണാകുളത്തേയും നിയമത്തില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാരിന്‍റെ ആലോചനയില്‍ ഉണ്ടായിരുന്നു. നിയമ ഭേദഗതി സമവായത്തില്‍ എത്തിക്കുന്നതിന് ഉന്നതതല യോഗത്തിനു മുന്നോടിയായി എ.കെ.ജി സെന്‍ററില്‍ സി.പി..ഐ.എം.യോഗം ചേര്‍ന്നിരുന്നു. നിയമത്തില്‍ ഇളവുവരുത്താനും ലഘൂകരിക്കാനും അനുവധിക്കില്ലെന്ന ശക്തമായ നിലപാടാണ് സി.പി.ഐ യോഗത്തില്‍ സ്വീകരിച്ചത്.
ശേഷം ഉന്നതതല യോഗത്തിലും സി.പി.ഐ നിലപാട് കടുപ്പിച്ചു. തുടര്‍ന്ന് നഗരപ്രദേശങ്ങള്‍ക്ക് തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവുവരുത്തുന്ന തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയാണ് ഉണ്ടായത്. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്താണ് നെല്‍വയല്‍, തണ്ണീര്‍ത്തട നിയമം കൊണ്ടുവരുന്നത്. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ നിയമത്തില്‍ ഭേതഗതികള്‍ വരുത്തിയിരുന്നു. പൊതു ആവശ്യങ്ങള്‍ക്കായി നെല്‍വയല്‍ നികത്തുമ്പോള്‍ പ്രാദേശിക സമിതികളുടെ റിപ്പോര്‍ട്ടുകള്‍ അനുകൂലമല്ലെങ്കിലും സംസ്ഥാന സമിതിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു പ്രധാന ഭേദഗതി.
ഗെയില്‍ വാതക പൈപ്പ്ലൈന്‍ പദ്ധതിയുടെ സ്ഥലമെടുപ്പ് ഉദ്ദേശിച്ചായിരുന്നു ഭേദഗതി കൊണ്ടുവന്നത്. 2008നു മുമ്പുള്ള നെല്‍വയല്‍ നികത്തലുകള്‍ക്ക് പിഴ ഈടാക്കിക്കൊണ്ട് സാധൂകരണം നല്‍കാമെന്നും ഭേദഗതിയുണ്ടായിരുന്നു. നിയമസഭയുടെ സബ്ജറ്റ് കമ്മിറ്റി ഇത് പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രി ഇടപെട്ട് അടിയന്തിര യോഗം വിളിച്ചുചേര്‍ത്തത്

Advertisement