എഡിറ്റര്‍
എഡിറ്റര്‍
എന്‍ഡോസള്‍ഫാന്‍ മൂലം ആരും മരിച്ചിട്ടില്ലെന്ന് സി.ഐ.ടി.യു നേതാവ്
എഡിറ്റര്‍
Saturday 6th October 2012 12:00am

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിച്ച് ആരും മരിച്ചിട്ടില്ലെന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) സംസ്ഥാനസമിതി അംഗം എം.ഗംഗാധരന്‍ നായര്‍. എന്‍ഡോസള്‍ഫാന്‍മൂലം ജില്ലയില്‍ യാതൊന്നും സംഭവിച്ചിട്ടില്ലെന്നും ആരും മരിച്ചിട്ടില്ലെന്നും അറിയിച്ച് ഗംഗാധനരന്‍ നായര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പ്ലാന്‍േറഷന്‍ സംരക്ഷണ സമിതിയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് എം.ഗംഗാധരന്‍.

Ads By Google

എന്‍ഡോസള്‍ഫാന്റെ പേരില്‍ സര്‍ക്കാറിന്റെ ഖജനാവ് കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്നും പത്ത് രൂപ പോലും ഇതിന്റെ പേരില്‍ ആര്‍ക്കും കൊടുക്കരുതെന്നും കത്തില്‍ പറയുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി, കളക്ടര്‍ എന്നിവര്‍ക്കും കത്തയച്ചു.

സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍ വ്യാപകമായ അപാകമുണ്ടെന്ന ആരോപണവുമായി കഴിഞ്ഞ ഫിബ്രവരിയില്‍ പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്‍ സംരക്ഷണസമിതി രംഗത്തുവന്നിരുന്നു. പ്രസിദ്ധീകരിച്ച 4,000 പേരുടെ പട്ടികയില്‍ ഉള്ളവരാരും എന്‍ഡോസള്‍ഫാന്‍ തളിച്ചതുകൊണ്ടല്ല രോഗികളായത് എന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇതിന്റെ തെളിവുകള്‍ സംരക്ഷണസമിതിയുടെ കൈയിലുണ്ടെന്നും ഗംഗാധരന്‍ നായര്‍ അവകാശപ്പെട്ടിരുന്നു.

അമിതമദ്യപാനം, പുകയിലയുടെ നിയന്ത്രണമില്ലാത്ത ഉപയോഗം എന്നിവ മൂലം മരിച്ച നിരവധിപേര്‍ ലിസ്റ്റിലുണ്ട്. ഇങ്ങനെ മരിച്ചവരുടെ കുടുംബാംഗങ്ങളെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍പ്പെടുത്തി സംരക്ഷിക്കാന്‍, തൊഴിലാളികള്‍ ചോരനീരാക്കി നിലനിര്‍ത്തിയ പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്റെ പണം ചെലവഴിക്കാന്‍ സമ്മതിക്കില്ലെന്നാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പറയുന്നത്.

2010 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് നടത്തിയ എന്‍ഡോസള്‍ഫാന്‍ പഠന റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ പ്ലാന്റഷന്‍ കോര്‍പ്പറേഷന്‍ സംരക്ഷണസമിതി കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് കത്തയച്ചിരുന്നു. നോട്ടീസിന്റെ പകര്‍പ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്കും നല്‍കിയിരുന്നു.

നോട്ടീസ് ലഭിച്ച് ഒരാഴ്ച്ചക്കകം പഠന റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നായിരുന്നു സമിതിയുടെ പ്രധാന ആവശ്യം. മെഡിക്കല്‍ കോളേജിന്റെ തെറ്റായ പഠന റിപ്പോര്‍ട്ടിന്റെ ഫലമായാണ് കേരള പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്‍ മുമ്പ് അഞ്ചുകോടിരൂപ സര്‍ക്കാറിന് നല്‍കേണ്ടിവന്നതെന്ന് സമിതി ചൂണ്ടിക്കാട്ടിയായിരുന്നു കത്തയച്ചിരുന്നത്.

Advertisement