റൊണാൾഡോയുടെ ഈഗോയെ തൃപ്തിപ്പെടുത്താൻ ആർക്കും കഴിയില്ല, റോണോ പെരുമാറുന്നത് മുൻവിധിയോടെ; വെളിപ്പടുത്തലുമായി മുൻ ഏജന്റ്
football news
റൊണാൾഡോയുടെ ഈഗോയെ തൃപ്തിപ്പെടുത്താൻ ആർക്കും കഴിയില്ല, റോണോ പെരുമാറുന്നത് മുൻവിധിയോടെ; വെളിപ്പടുത്തലുമായി മുൻ ഏജന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th January 2023, 1:45 pm

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റൊണാൾഡോ പുറത്ത് പോയതോടെ ആരാധകർ കാത്തിരുന്ന കാര്യമാണ് റോണോയുടെ പുതിയ ക്ലബ്ബ് പ്രവേശനം. എന്നാൽ ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി റോണോ സൗദി അറേബ്യയിലേക്ക് ചേക്കേറിയിരിക്കുകയാണ്. ഏകദേശം 225 മില്യൺ യൂറോക്കാണ് റൊണോയെ അൽ നസർ തങ്ങളുടെ ക്ലബ്ബിലേക്ക് എത്തിച്ചത്.

എന്നാലിപ്പോൾ റൊണാൾഡോക്ക് എതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ മുൻ ഏജന്റും നിരവധി പ്രമുഖ താരങ്ങളുടെയും പരിശീലകരുടെയും ഏജന്റായി പ്രവർത്തിച്ച ജോർജ് മെൻഡിസ്.

റൊണാൾഡോയുടെ ഈഗോയും എടുത്ത്ചാട്ടവുമാണ് താരത്തെ യൂറോപ്പിന്റെ വെളിയിലേക്ക് കളിക്കേണ്ട അവസ്ഥയിൽ എത്തിച്ചതെന്നാണ് മെൻഡിസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

20 വർഷത്തിലേറെ ഒരുമിച്ച് പ്രവർത്തിച്ച റോണോയും മെൻഡിസും പരസ്പരമുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പിരിയുകയായിരുന്നു.
“റൊണാൾഡോക്ക് പല പ്രശ്നങ്ങളുമുണ്ട്.മുൻ ധാരണ വെച്ച് പെരുമാറുന്നു എന്നതാണ് റൊണാൾഡോയുടെ വലിയൊരു പ്രശ്നം. അത് കൊണ്ട് സത്യവും മിഥ്യയും തമ്മിൽ വേർതിരിച്ചറിയാൻ റൊണാൾഡോക്ക് പലപ്പോഴും കഴിയുന്നില്ല.

അദ്ദേഹം എപ്പോഴും വളരെ ആകാംക്ഷാഭരിതനാണ്. അത് കൊണ്ടാണ് ചുറ്റുമുള്ളവരെല്ലാം റോണോയെ ജൂലിയസ് സീസറിനെപ്പോലെ കാണുന്നത്. കാരണം അദ്ദേഹത്തിന് വിശാലതയിൽ ലോകത്തെ നോക്കിക്കാണാനുള്ള ശേഷിയില്ല,’ മെൻഡിസ് പറഞ്ഞു.

റൊണാൾഡോക്ക് തന്റെ പ്രശസ്തി അദ്ദേഹത്തിന്റെ 38വയസ്സിലും പഴയത് പോലെ നിലനിർത്താൻ കഴിയില്ല എന്ന സത്യം അദ്ദേഹം മനസ്സിലാക്കണം. അദ്ദേഹത്തിന് എന്നും ഒരു നക്ഷത്രം പോലെ കത്തിജ്വലിച്ച് നിൽക്കാനോന്നും കഴിയില്ല. റൊണാൾഡോയുടെ ഈഗോയെ ആർക്കും തൃപ്ത്തിപ്പെടുത്താൻ കഴിയില്ല. അത് അദ്ദേഹത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കും,’ മെൻഡിസ് കൂട്ടിച്ചേർത്തു.

റൊണാൾഡോക്കൊപ്പം ദേഹയ, ജോസ് മൗറീന്യോ, ഡീഗോ കോസ്റ്റാ, ജാവോ ഫെലിക്സ് മുതലായ താരങ്ങളുടെയും ഏജന്റായിരുന്നു ജോർജ് മെൻഡിസ്.

അതേസമയം തന്നെ തുടർച്ചയായി ബെഞ്ചിൽ ഇരുത്തുന്നു എന്ന് ആരോപിച്ച് ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ മത്സരം പൂർത്തിയാകും മുമ്പ് ഗ്രൗണ്ട് വിട്ടതാണ് റൊണാൾഡോയും മാൻ യുണൈറ്റഡും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം.

പിന്നീട് റൊണാൾഡോ പിയേഴ്സ് മോർഗന് നൽകിയ ആഭിമുഖത്തിൽ യുണൈറ്റഡിനെ തള്ളി പറഞ്ഞതോടെ റൊണോയും ക്ലബ്ബും പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു.

 

Content Highlights:No one can satisfy Ronaldo’s ego, and Ronaldo behaves with prejudice; said Ex-agent Jorge Mendes