24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്; നിപ ഭീതി അകലുന്നു
Kerala News
24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്; നിപ ഭീതി അകലുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st September 2023, 12:20 pm

കോഴിക്കോട്: പരിശോധനക്കയച്ച 24 സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മൂന്ന് സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഇതുവരെ 352 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.

ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ നില കൂടുതല്‍ മെച്ചപ്പെട്ടു. സമ്പര്‍ക്ക പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള മറ്റ് മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

നിപ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.

എന്ത് കൊണ്ട് കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിക്കുന്നത് എന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ പ്രകാരം സംസ്ഥാനം സീറോ സര്‍വലന്‍സ് പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വീണ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലുള്ള വ്യക്തികളുടെ ആന്റിബോഡി പരിശോധിച്ചാണ് പഠനം നടത്തുന്നതെന്നും നിപ പ്രതിരോധത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനം പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

81 സാമ്പിളുകളാണ് നിപ സംശയിച്ച് ഈ വര്‍ഷം മാത്രം പരിശോധിച്ചത്. നിപ പ്രോട്ടോകോളിന്റെ ഭാഗമായി പരിശീലനം നടത്തുകയും ലാബ് സൗകര്യമൊരുക്കുകയും ചെയ്തു. 21 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരീഡ് എങ്കിലും വീണ്ടും 21 ദിവസം കൂടി പ്രവര്‍ത്തനം നടത്തും.

അതിനാല്‍ 42 ദിവസം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതാണ്. മൃഗ സംരക്ഷണം, വനം വകുപ്പുകളുടെ സഹകരണത്തോടെ വണ്‍ ഹെല്‍ത്ത് ശക്തിപ്പെടുത്തുന്നതാണ്. പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ് രൂപീകരിക്കാനുള്ള നടപടികള്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും വീണ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlights: No Nipah cases reported for the past five days in Kerala