'ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാന്‍ തീരുമാനിച്ചിട്ടില്ല'; മദ്യാസക്തി കുറയ്ക്കാന്‍ ഡീ അഡിക്ഷന്‍ സെന്ററുകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി
Kerala
'ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാന്‍ തീരുമാനിച്ചിട്ടില്ല'; മദ്യാസക്തി കുറയ്ക്കാന്‍ ഡീ അഡിക്ഷന്‍ സെന്ററുകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി
ന്യൂസ് ഡെസ്‌ക്
Thursday, 26th March 2020, 1:26 pm

തിരുവനന്തപുരം: ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചതിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍.

നിലവിലെ സാഹചര്യം തുടരുമെന്നും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യമനുസരിച്ചാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കുകയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മദ്യത്തിന് ആസക്തിയുള്ളവര്‍ അതില്‍ നിന്ന് പിന്‍മാറുകയാണ് വേണ്ടത്. അതിനായി ആവശ്യമെങ്കില്‍ ഡീ അഡിക്ഷന്‍ സെന്ററുകളടക്കം വര്‍ധിപ്പിക്കുമെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു.

മദ്യവില്‍പ്പന ശാലകള്‍ അടച്ച പശ്ചാത്തലത്തില്‍ അനധികൃത, വ്യാജ മദ്യ വില്‍പ്പനയും മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും തടയുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ബുധനാഴ്ചയാണ് ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചൂപൂട്ടിയത്. രാജ്യം മുഴുവന്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനത്തെ മുഴുവന്‍ ബിവറേജ് ഔട്ട്‌ലറ്റുകളും അടച്ചുപൂട്ടിയത്. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കള്ള് ഷാപ്പുകളും തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അത്യാവശ്യക്കാര്‍ക്ക് മദ്യം ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളും ഇതിന് പിന്നാലെ വന്നിരുന്നു. ഇക്കാര്യത്തിലാണ് മന്ത്രി ഇപ്പോള്‍ വ്യക്തത വരുത്തിയത്.

ഇതിന് മുമ്പ് നടന്ന മന്ത്രിസഭാ യോഗത്തില്‍ മദ്യശാലകള്‍ അടച്ചിട്ടാല്‍ വ്യാജ മദ്യ ദുരന്തത്തിന് വഴിവെക്കുമെന്ന് നിരീക്ഷിച്ചിരുന്നു. 598 ബാറുകള്‍, 265 ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യശാലകള്‍, കണ്‍സ്യൂമര്‍ ഫെഡിന് കീഴിലെ 39 ഔട്ട്‌ലെറ്റുകള്‍, 358 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, 42 ക്ലബുകള്‍ എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ അടച്ചിടുന്നത്.

നേരത്തെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കൊവിഡ് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്നായിരുന്നു പ്രധാന വിമര്‍ശനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ