ജീവനക്കാര്‍ അവര്‍ക്കിഷ്ടമുള്ളവരുമായി പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ സര്‍ക്കാറിന് വകുപ്പുതല നടപടി സ്വീകരിക്കാനാവില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി
national news
ജീവനക്കാര്‍ അവര്‍ക്കിഷ്ടമുള്ളവരുമായി പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ സര്‍ക്കാറിന് വകുപ്പുതല നടപടി സ്വീകരിക്കാനാവില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി
ന്യൂസ് ഡെസ്‌ക്
Saturday, 16th March 2019, 1:22 pm

 

ജയ്പൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട വ്യക്തിയുമായി പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ സര്‍ക്കാറിന് അവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കഴിയില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം അവരുടെ സ്വകാര്യതയാണെന്നും അതില്‍ തൊഴില്‍ ദാതാവിന് നടപടിയെടുക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശര്‍മ്മ നിരീക്ഷിച്ചു.

“അവിഹിത ബന്ധം” എന്ന ആരോപണത്തിന്റെ പേരില്‍ വകുപ്പുതല നടപടികള്‍ നേരിട്ട രണ്ട് പേര്‍ നല്‍കിയ റിട്ട് ഹരജി പരിഗണിക്കുകയായിരുന്നു കോടതി. രാജസ്ഥാന്‍ പൊലീസിലെ ഇന്‍സ്‌പെക്ടറും വനിതാ കോണ്‍സ്റ്റബിളുമാണ് കോടതിയെ സമീപിച്ചത്.

“അവിഹിത ബന്ധം” ആരോപിച്ച് ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. രാജസ്ഥാന്‍ കോണ്ടക്ട് റൂളിനു വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന ആരോപണമായിരുന്നു ഇവര്‍ക്കെതിരെയുണ്ടായിരുന്നത്. ഇന്‍സ്‌പെക്ടറോട് ഡി.എന്‍.എ ടെസ്റ്റിന് വിധേയനാവാനും നിര്‍ദേശിച്ചിരുന്നു.

Also read:“”സോണിയാ ഗാന്ധിയെ ബാര്‍ ഡാന്‍സറാക്കിയപ്പോഴും മന്‍മോഹന്‍ സിങ്ങിനെ അപമാനിച്ചപ്പോഴും താങ്കള്‍ എവിടെയായിരുന്നു””; ബി.ജെ.പിയെ പിന്തുണച്ചുകൊണ്ടുള്ള നടന്‍ മാധവന്റെ ട്വീറ്റിന് പൊങ്കാല

സര്‍ക്കാര്‍ ജീവനക്കാര്‍ അധാര്‍മ്മിക ജീവിതം നയിക്കരുതെന്ന 1971 രാജസ്ഥാന്‍ കോണ്ടക്ട് റൂളിന്റെ സെക്ഷന്‍ 4 ല്‍ പ്രായപൂര്‍ത്തിയായ യുവതീ യുവാക്കള്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉള്‍പ്പെടുമോയെന്ന ചോദ്യമുയര്‍ത്തിയാണ് റിട്ട് ഹരജി നല്‍കിയത്.

സ്വകാര്യതയ്ക്കുള്ള അവകാശത്തിനും വ്യക്തിബന്ധങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അധികാരത്തിനും സമൂഹത്തിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ ബാധകമല്ലെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാജസ്ഥാന്‍ കോടതി ഉത്തരവ്. സ്വകാര്യത, സ്വവര്‍ഗലൈംഗികത, വിവാഹേതര ബന്ധം എന്നീ വിഷയത്തിലായിരുന്നു സുപ്രീം കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.