രജ്ദീപ് സര്‍ദേശായിയ്‌ക്കെതിരായ കോടതിയലക്ഷ്യക്കേസിന് എ.ജി അനുമതി നിഷേധിച്ചു
national news
രജ്ദീപ് സര്‍ദേശായിയ്‌ക്കെതിരായ കോടതിയലക്ഷ്യക്കേസിന് എ.ജി അനുമതി നിഷേധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th September 2020, 6:38 pm

ന്യൂദല്‍ഹി: ഇന്ത്യാ ടുഡേ മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായിയ്‌ക്കെതിരായ കോടതിയലക്ഷ്യക്കേസിന് അറ്റോര്‍ണി ജനറല്‍ അനുമതി നിഷേധിച്ചു. പ്രശാന്ത് ഭൂഷണ്‍ കേസിലെ പ്രതികരണത്തെ തുടര്‍ന്നായിരുന്നു സര്‍ദേശായിയ്‌ക്കെതിരെ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്തത്.

സര്‍ദേശായിയുടെ ട്വീറ്റുകള്‍ കോടതിയുടെ മഹത്വത്തെ ഏതെങ്കിലും തരത്തില്‍ ഗൗരവമായി ബാധിക്കുന്ന ഒന്നല്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു.

‘അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ സുപ്രീംകോടതിയുടെ മഹിമയെ ദുര്‍ബലപ്പെടുത്തുന്നതിനോ പൊതുജനങ്ങളുടെ മനസ്സില്‍ അതിന്റെ നിലവാരം കുറയ്ക്കുന്നതിനോ സാധിക്കുന്നതല്ല. നിസ്സാരമായ പരാമര്‍ശങ്ങളും വിമര്‍ശനങ്ങളും കടന്നുപോകുന്നത് അരോചകമാണെങ്കിലും സ്ഥാപനത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താന്‍ സാധ്യതയില്ല,’ കെ.കെ വേണുഗോപാല്‍ പറഞ്ഞു.

അതേസമയം എ.ജിയുടെ നടപടിയെ സര്‍ദേശായി സ്വാഗതം ചെയ്തു. സത്യം ജയിക്കുമെന്നായിരുന്നു സര്‍ദേശായിയുടെ ട്വീറ്റ്.

പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യക്കേസില്‍ ഒരു രൂപ പിഴ വിധിച്ചതിന് പിന്നാലെയായിരുന്നു സര്‍ദേശായിയുടെ ട്വീറ്റ്. ഇതിനെതിരെ അസ്ത ഖുരാന എന്നയാളാണ് ഹരജി ഫയല്‍ ചെയ്തത്.

‘കോടതി പ്രശാന്ത് ഭൂഷണ് 1 രൂപ പിഴ വിധിച്ചിരിക്കുന്നു. നാണക്കേടില്‍ നിന്ന് രക്ഷനേടാന്‍ കോടതി ശ്രമിക്കുന്നു’ എന്നായിരുന്നു സര്‍ദേശായിയുടെ ട്വീറ്റ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: No contempt proceedings against Rajdeep Sardesai