'അവന്റെ ബിസിനസില്‍ എനിക്ക് പങ്കില്ല; ഡയരക്ടറോ ഷെയര്‍ ഹോള്‍ഡറോ അല്ല'; അനന്തരവന്റെ കോടികളുടെ വായ്പാ തട്ടിപ്പില്‍ കമല്‍നാഥ്
India
'അവന്റെ ബിസിനസില്‍ എനിക്ക് പങ്കില്ല; ഡയരക്ടറോ ഷെയര്‍ ഹോള്‍ഡറോ അല്ല'; അനന്തരവന്റെ കോടികളുടെ വായ്പാ തട്ടിപ്പില്‍ കമല്‍നാഥ്
ന്യൂസ് ഡെസ്‌ക്
Tuesday, 20th August 2019, 3:47 pm

ന്യൂദല്‍ഹി: 354 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ അനന്തരവന്‍ രതുല്‍ പുരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്.

അനന്തരവന്റെ ബിസിനസുമായി തനിക്ക് ഒരു വിധത്തിലുള്ള പങ്കും ഇല്ലെന്നും ആ കേസുമായി തന്നെ കൂട്ടിക്കെട്ടേണ്ടുമെന്നായിരുന്നു കമല്‍ നാഥ് പ്രതികരിച്ചത്.

” ആദ്യമേ പറയട്ടെ. അവര്‍ ചെയ്യുന്ന ഒരു ബിസിനസിലും എനിക്ക് പങ്കില്ല. ഞാന്‍ ഷെയര്‍ഹോള്‍ഡറോ ഡയരക്ടറോ അല്ല”- ഭോപ്പാലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ കമല്‍നാഥ് പറഞ്ഞു.

തന്നെ സംബന്ധിച്ച് ഇത് തീര്‍ത്തും അപകീര്‍ത്തികരമായ കാര്യമാണ്. കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. കോടതി കൃത്യമായ നടപടി കൈക്കൊള്ളുമെന്നാണ് വിശ്വസിക്കുന്നത്. – ചിദംബരം പറഞ്ഞു.

രതുല്‍ പുരിക്കെതിരെ സി.ബി.ഐ കഴിഞ്ഞ ദിവസം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

രതുല്‍പുരിക്കു പുറമെ അദ്ദേഹത്തിന്റെ പിതാവും കമ്പനിയുടെ മാനേജിങ് ഡയരക്ടറുമായ ദീപക് പുരി, ഡയറക്ടര്‍മാരായ നിതാ പുരി (രതുലിന്റെ അമ്മയും കമല്‍നാഥിന്റെ സഹോദരിയും) സഞ്ജയ് ജെയ്ന്‍, വിനീത് ശര്‍മ എന്നിവര്‍ക്കെതിരേയും സി.ബി.ഐ. കേസെടുത്തിരുന്നു.

ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖയുണ്ടാക്കല്‍, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. 2012-ല്‍ രതുല്‍ എക്സിക്യുട്ടിവ് ഡയറക്ടര്‍ പദവി ഒഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പദവികളില്‍ തുടരുകയായിരുന്നു.

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് കേസില്‍ രതുല്‍പുരിക്കെതിരെ ദല്‍ഹി ഹൈക്കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതേ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നുണ്ട്.

ഓഗസ്റ്റ് ആറിനാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ രതുല്‍പുരിക്കും കമ്പനി ഡയരക്ടര്‍ക്കുമെതിരെ 354.51 കോടിയുടെ വായ്പാ തട്ടിപ്പ് പരാതി നല്‍കുന്നത്.

ബാങ്കുകള്‍ അനുവദിച്ച പണം കമ്പനിയും അതിന്റെ ഡയറക്ടര്‍മാരും തങ്ങളുടെ വ്യക്തിഗത ആവശ്യത്തിനായി ദുര്‍വിനിയോഗം ചെയ്തെന്നും അപഹരിച്ചെന്നും ഫണ്ടുകള്‍ ലഭ്യമാക്കുന്നതിന് വ്യാജരേഖകള്‍ നല്‍കിയെന്നുമാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ പരാതിയില്‍ പറയുന്നത്.