തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നത് ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്താന്‍; പ്രത്യയശാസ്ത്രത്തില്‍ ഒരു വിട്ടു വീഴ്ചയുമില്ലെന്ന് സി.പി.ഐ.എം
national news
തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നത് ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്താന്‍; പ്രത്യയശാസ്ത്രത്തില്‍ ഒരു വിട്ടു വീഴ്ചയുമില്ലെന്ന് സി.പി.ഐ.എം
ന്യൂസ് ഡെസ്‌ക്
Sunday, 17th March 2019, 6:28 pm

ചെന്നൈ: രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യമാണ് തങ്ങളെ കോണ്‍ഗ്രസുമായും ഡി.എം.കെയുമായും സഖ്യം ചേരാന്‍ പ്രേരിപ്പിച്ചതെന്നും, പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ ഒരു കാരണവശാലും വിട്ടു വീഴ്ച ഉണ്ടാകില്ലെന്നും തമിഴ്‌നാട് സി.പി.ഐ.എം സെക്ട്രട്ടറിയും പി.ബി അംഗവുമായ ജി. രാമകൃഷ്ണന്‍.

സഖ്യത്തിലുള്ള എല്ലാവരും ബി.ജെ.പി അധികാത്തില്‍ വരുന്നതിനെക്കുറിച്ച് ഒരു പോലെ ആശങ്കയിലായിരുന്നെന്നും, മതനിരപേക്ഷയെ തകര്‍ക്കുന്ന രീതിയില്‍ കേന്ദ്രത്തില്‍ ബി.ജെ.പിയും സംസ്ഥാനത്ത് എ.ഐ.എ.ഡി.എം.കെയും മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ തരണം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക നയങ്ങളിലടക്കമുള്ള ആശയങ്ങളില്‍ പ്രത്യക്ഷമായ വൈരുദ്ധ്യം വെച്ചു പുലര്‍ത്തുന്ന കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രാമകൃഷ്ണന്‍.

തമിഴ്‌നാട്ടില്‍ രണ്ടു സീറ്റുകളിലാണ് സി.പി.ഐ.എം മത്സരിക്കുന്നത്. തമിഴ്‌നാട് സി.പി.ഐ.എം. രണ്ടു സീറ്റുകളില്‍ സി.പി.ഐയും മത്സരിക്കുന്നുണ്ട്.

കോയമ്പത്തൂരിലും മധുരയിലുമാണ് സി.പി.ഐ.എം മല്‍സരിക്കുന്നത്. മുന്‍ എംപി പി.ആര്‍. നടരാജന്‍, സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവായ എഴുത്തുകാരന്‍ എസ്.വെങ്കടേശന്‍ എന്നിവരാണ് യഥാക്രമം സ്ഥാനാര്‍ത്ഥികള്‍. രണ്ടും വിജയ പ്രതീക്ഷ മണ്ഡലങ്ങളാണ്.

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പുതുച്ചേരിയിലെ ഒരു സീറ്റ് ഉള്‍പ്പെടെ 10 സീറ്റില്‍ മത്സരിക്കും. സി.പി.ഐ.എമ്മിനേയും സി.പി.ഐയേയും കൂടാതെ വി.സി.കെയ്ക്കും രണ്ട് സീറ്റ് വീതം നല്‍കാന്‍ ധാരണയായിരുന്നു.

അതേസമയം എം.ഡി.എം.കെ, മുസ്ലിം ലീഗ്, ജനനായക കക്ഷി, കൊങ്ങ് നാട് മക്കള്‍ കക്ഷി എന്നിവയ്ക്ക് ഒരു സീറ്റ് വീതവും നല്‍കും.

2004ല്‍ ഡി.എം.കെ.യുമായി സഖ്യത്തിലേര്‍പ്പെട്ട കോണ്‍ഗ്രസിന് 10 സീറ്റാണ് ലഭിച്ചിരുന്നത്. തിരഞ്ഞെടുപ്പില്‍ പുതുച്ചേരി ഉള്‍പ്പെടെ 40 സീറ്റും സഖ്യം തൂത്തുവാരിയിരുന്നു. 2009-ല്‍ ഡി.എം.കെ.യുമായി സഖ്യം തുടര്‍ന്ന കോണ്‍ഗ്രസിന് 15 സീറ്റ് ലഭിച്ചെങ്കിലും എട്ട് സീറ്റില്‍ മാത്രമാണ് ജയിച്ചത്. 2014-ല്‍ ഡി.എം.കെ.യുമായി സഖ്യം ഉപേക്ഷിച്ച കോണ്‍ഗ്രസ് ഒരു സീറ്റില്‍പോലും വിജയിച്ചില്ല. 4.3 ശതമാനം വോട്ടുകളാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത്.

അതേസമയം അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ.പി മത്സരിക്കാനാണ് ബിജെപി-എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ ധാരണ. പുതുച്ചേരിയിലും ഇരു പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കും. പട്ടാളി മക്കള്‍ കക്ഷിയുമായും എ.ഐ.എ.ഡി.എം.കെ സഖ്യധാരണയായിരുന്നു. ഏഴ് സീറ്റാണ് പി.എം.കെയ്ക്ക് നല്‍കിയത്. ആകെ നാല്‍പത് ലോക്‌സഭാ സീറ്റുകളാണ് തമിഴ്‌നാട്ടിലുള്ളത്.