Administrator
Administrator
സ്മാര്‍ട്ട് സിറ്റി: ഇടതുസര്‍ക്കാരിന്റെ കരാര്‍ നടപ്പാക്കും
Administrator
Thursday 23rd June 2011 12:18pm

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കരാറില്‍ മാറ്റംവരുത്താതെ  നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ടീകോം പ്രതിനിധികളുമായി ഇന്ന് തിരുവനന്തപുരത്ത്  നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.

കരാറില്‍ മാറ്റംവരുത്തുന്നത് വീണ്ടും കാലതാമസമുണ്ടാകുന്നതിനിടയാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്‍.ഡി.എഫ് ഭരണകാലത്ത് കരാറില്‍ മാറ്റം വരുത്താന്‍ വേണ്ടി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കളഞ്ഞു. തങ്ങളുടെ സര്‍ക്കാരിന് ഇതിനായി അഞ്ചുദിവസംപോലും കളയാന്‍ താല്‍പര്യമില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രനിയമത്തിന് വിരുദ്ധമായ ചില ഉറപ്പുകള്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയിരുന്നെന്നും എന്നാല്‍ വിജ്ഞാപനമിറങ്ങിയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിച്ചതുപോലുള്ള ബുദ്ധിമോശം കാണിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ടീകോമിന് കേരളസര്‍ക്കാരിനോട് പറയാനുള്ളത് പറഞ്ഞു. കേന്ദ്ര സെസിന്റെ നിയമപരിധിയില്‍നിന്നുകൊണ്ടുതന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

മുന്‍സര്‍ക്കാരിന്റെ കരാറില്‍ ചെറിയ മാറ്റംവരുത്താന്‍ ഞങ്ങളാഗ്രഹിക്കുന്നു. സ്മാര്‍ട്ട് സിറ്റിയ്ക്കുമാത്രമായി നല്‍കാന്‍ തീരുമാനിച്ചിരുന്ന കേന്ദ്രസെസ് നയം കേരളത്തിലെ എല്ലാ ഐ.ടി പാര്‍ക്കുകള്‍ക്കും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് നാളെ സെസിന് അപേക്ഷ നല്‍കും. അപേക്ഷ നല്‍കി 15 ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കും.

നടപ്പിലാക്കേണ്ട അടിസ്ഥാനസൗകര്യങ്ങളെ സംബന്ധിച്ചും ടീകോം ആവശ്യങ്ങളുന്നയിച്ചിട്ടുണ്ട്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് കൊച്ചി മധുര ഹൈവേ വഴി ബൈപാസിലേക്ക് ബന്ധിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. പുറമെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് നെടുമ്പാശ്ശേരിയിലേക്ക് നീട്ടാനും സാധ്യതയുണ്ട്. റോഡുമായി സംബന്ധിച്ച അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയെന്നതാണ് ടീകോമിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഈ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും കേരളസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കും.

നിലവില്‍ 246 ഏക്കര്‍ സ്ഥലമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്കായി അനുവദിച്ചത്. ഇതിനു പുറമെ കിന്‍ഫ്രയുടെ 4 ഏക്കര്‍ സ്ഥലംകൂടി നല്‍കാന്‍ ധാരണയായിട്ടുണ്ട്. കൂടാതെ പേട്ട വരെയുള്ള മെട്രോ റെയില്‍ സ്മാര്‍ട്ട് സിറ്റി വരെയാക്കി നീട്ടുന്നത് പരിഗണിക്കും. ഇതിനായുള്ള സാമ്പത്തിക വശങ്ങള്‍ പരിശോധിച്ച ശേഷം സാധ്യമെങ്കില്‍ നടപ്പില്‍വരുത്തും.

ഓഗസ്റ്റ് 31 നു മുമ്പായി അടച്ചുപൂട്ടിയ ടീകോം ഓഫീസ് പുനരാരംഭിക്കും. ഒക്ടോബര്‍ 31 നു മുമ്പായി ഹെഡ് ക്വാര്‍ട്ടേഴ്‌സിന് തറക്കല്ലിടും. അതേ ദിവസംതന്നെ സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ ഒന്നാംഘട്ടമാരംഭിക്കും. 3.5 ലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് ഒന്നാംഘട്ടം ആരംഭിക്കുന്നത്. 2012 ഒക്ടോബര്‍ 31 ന് ഒന്നാംഘട്ട പ്രവര്‍ത്തനം പൂര്‍ത്തിയാക്കും.

ടീകോം സി.ഇ.ഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല, സ്മാര്‍ട്ട് സിറ്റി എം.ഡി ഡോ: ബാജു ജോര്‍ജ്, സ്മാര്‍ട്ട് സിറ്റി ഉന്നതാധികാര സമിതിയംഗം എം.എ യൂസഫലി, ടീകോം ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ അനിരുദ്ധ് ഡംകെ, ടീകോം ഓപ്പറേഷന്‍സ് മേധാവി ഇസ്മായീല്‍ നഖ്വി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സ്മാര്‍ട്ട് സിറ്റി പദ്ധതി ചെയര്‍മാനായി പി.കെ കുഞ്ഞാലിക്കുട്ടിയെയും സെക്രട്ടറിയായി ടി.ബാലകൃഷ്ണനെയും ഡയറക്ടര്‍ബോര്‍ഡ് തിരഞ്ഞെടുത്തു. മുഖ്യമന്ത്രി പേട്രണായും മന്ത്രി കെ.ബാബു, വ്യവസായി എം.എ യൂസഫലി എന്നിവരെ പ്രത്യേകപ്രതിനിധികളായും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement