Administrator
Administrator
മാറ്റമില്ലാതെ കാസര്‍കോട്
Administrator
Friday 13th May 2011 4:32pm

കാസര്‍ഗോഡ്: സംസ്ഥാനത്ത് ബി.ജെ.പി പ്രതീക്ഷയര്‍പ്പിച്ച ജില്ലയാണ് കാസര്‍ഗോഡ്. വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇക്കുറിയും കാസര്‍ഗോഡിന്റെ ചിത്രം തെളിയുന്നത്. ഇത്തവണ ഇടതുപക്ഷത്തിന്റെയും ലീഗിന്റെയും കോട്ടകള്‍ക്ക് വലിയ കോട്ടം തട്ടിയില്ല. മഞ്ചേശ്വരം ലീഗ് തിരിച്ച് പിടിച്ചപ്പോള്‍ തിരിച്ചടിയായത് ബി.ജെ.പിക്കാണ്. ബി.ജെ.പിയുടെ കര്‍ണ്ണാടക സംസ്ഥാനഘടകം അരയും തലയും മുറുക്കിയിറങ്ങിയെങ്കിലും ബി.ജെ.പിക്ക് ഒരു സീറ്റ് പോലും നേടാനായില്ല.

ഇടതുപക്ഷത്തിന്റെ കുത്തക അവര്‍ക്ക് നിലനിര്‍ത്താനായെങ്കിലും ഭൂരിപക്ഷത്തിന് ഇടിവ് വന്നിട്ടുണ്ട്. തൃക്കരിപ്പൂരും കാഞ്ഞങ്ങാടും ഉദുമയും എല്‍.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍ യു.ഡി.എഫ് കാസര്‍ഗോഡും മഞ്ചേശ്വരവും ഒപ്പം കൂട്ടി. തൃക്കരിപ്പൂരില്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ യു.ഡി.എഫ് മേല്‍ക്കൈ നേടിയെങ്കിലും പിന്നീട് ചിത്രം മാറിവരുന്നത് അവസ്ഥയാണ് കണ്ടത്. ഭൂരിപക്ഷം കുറഞ്ഞെങ്കിലും സി.പി.ഐ.എമ്മിലെ കെ.കുഞ്ഞിരാമന്‍ മണ്ഡലം നിലനിര്‍ത്തി. 20,000ത്തിനുമുകളില്‍ ഭൂരിപക്ഷം നേടിയാണ് കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ കുഞ്ഞിരാമന്‍ ജയിച്ചത്. 8421 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇക്കുറി കെ.വി ഗംഗാധരനെ കെ.കുഞ്ഞിരാമന്‍ പരാജയപ്പെടുത്തിയത്. മണ്ഡലം നിലനിര്‍ത്താനായെങ്കിലും സി.പി.ഐ.എമ്മിന് ഇത് വലിയ തിരിച്ചടിയാണ്.

ജില്ലയിലെ മറ്റൊരു മണ്ഡലമായ കാഞ്ഞങ്ങാട് എല്‍.ഡി.എഫിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി ഇ. ചന്ദ്രശേഖരന്‍ 12,178 വോട്ടിന്റെ നല്ല ഭൂരിപക്ഷത്തിലാണ് ഇത്തവണ നിയമസഭയിലെത്തുന്നത്. കോണ്‍ഗ്രസിന്റെ അഡ്വ.എം.സി ജോസിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇ.ചന്ദ്രശേഖര്‍ ആകെ പോള്‍ ചെയ്തത് 66,640 വോട്ടാണ്.

മണ്ഡലം രൂപീകരിച്ച ആദ്യതിരഞ്ഞെടുപ്പില്‍ മാത്രമാണ് യു.ഡി.എഫ് ഇവിടെ വിജയിച്ചത്. എന്നാല്‍ തുടര്‍ന്ന് വന്ന തിരഞ്ഞെടുപ്പിലെല്ലാം ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിക്കുകയും അവരുടെ കുത്തക തുടരുകയും ചെയ്യുന്നുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തിലെ പ്രശ്‌നം ഒഴിച്ചാല്‍ എല്‍.ഡി.എഫിന് ഉദുമയില്‍ വേറൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ യു.ഡി.എഫ് വ്യക്തമായ ലീഡ് നേടിയപ്പോള്‍ സി.പി.ഐ.എമ്മിനുള്ളിലെ ഉള്‍പാര്‍ട്ടി പ്രശ്‌നം നെഗറ്റീവ് വോട്ടായി മാറിയോ എന്ന് സംശയിച്ചുവെങ്കിലും വോട്ടെണ്ണിത്തീരുമ്പോള്‍ എല്‍.ഡി.എഫ് മണ്ഡലം നിലനിര്‍ത്തി.

ബി.ജെ.പി ഏറെ പ്രതീക്ഷ നിലനിര്‍ത്തിയ മണ്ഡലങ്ങളിലൊന്നാണ് കാസര്‍ഗോഡ്. ബി.ജെ.പിയിലെ ജയലക്ഷ്മി എം.ഭട്ട് തുടക്കത്തില്‍ കൃത്യമായ ലീഡ് നിലനിര്‍ത്തിയെങ്കിലും അവസാന മണിക്കൂറുകളില്‍ ചിത്രം മാറുകയായിരുന്നു. ഐ.എന്‍.എല്‍, മുസ്‌ലീം ലീഗില്‍ ലയിച്ചതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്. വിമതര്‍ തലകുത്തിയെങ്കിലും ലീഗിന്റെ വിജയത്തെ അത് ബാധിച്ചില്ല. വിമതശല്യം കുറച്ചെങ്കിലും സഹായകമായത് ബി.ജെ.പിക്കാണ്. മുന്‍ ഐ.എന്‍.എല്‍ നേതാവ് എന്‍.എ നെല്ലിക്കുന്നാണ് കാസര്‍ഗോഡ് മുസ് ലീം ലിഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.

ദേശീയ തലത്തില്‍ തന്നെ ഏറെ മാധ്യമശ്രദ്ധ പതിഞ്ഞ മണ്ഡലമാണ് മഞ്ചേശ്വരം. കേരളത്തില്‍ താമര വിരിയിക്കാമെന്ന ബി.ജെ.പിയുടെ മോഹം ഇക്കുറിയും മോഹമായി മാത്രം അവശേഷിക്കുകയാണ്. ബി.ജെ.പിയുടെ കര്‍ണാടക ഘടകം ഏറ്റെടുത്ത രണ്ട് മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. ബി.ജെ.പിയുടെ യുവനേതാവ് കെ.സുരേന്ദ്രനായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി. അവസാന നിമിഷം വരെ വിജയ പ്രതീക്ഷയുണ്ടായിരുന്ന നേതാവാണ് കെ.സുരേന്ദ്രന്‍. ലീഗിലെ പടലപ്പിണക്കങ്ങളും ചെര്‍ക്കളം അബ്ദുള്ളയുടെ ചരടുവലികളും തനിക്ക് അനുകൂലമായി വരുമെന്ന് സുരേന്ദ്രന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 5,828 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫിലെ മുസ് ലീം ലീഗ് സ്ഥാനാര്‍ത്ഥി പി.ബി അബ്ദുല്‍ റസാഖ് വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഈ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡും മഞ്ചേശ്വരവും സി.പി.ഐ.എം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ വന്‍ഭൂരിപക്ഷത്തില്‍ സി.പി.ഐ.എമ്മിലെ സി.എച്ച് കുഞ്ഞമ്പു മഞ്ചേശ്വരത്ത് ചെര്‍ക്കളം അബ്ദുള്ളയ്‌ക്കെതിരെ വിജയിച്ചിരുന്നു. സിറ്റിംങ് എം.എല്‍.എ കൂടിയായ സി.എച്ച്.കുഞ്ഞമ്പുവും മണ്ഡലത്തില്‍ ശ്രദ്ധേയമായ വികസന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ഇത് വരും ദിവസങ്ങളില്‍ സി.പി.ഐ.എമ്മിനകത്ത് സജീവ ചര്‍ച്ചയാവുക തന്നെ ചെയ്യും.

കാസര്‍ഗോഡ്
മണ്ഡലം വിജയിച്ചത് വോട്ട് പാര്‍ട്ടി തൊട്ടടുത്ത് വോട്ട് പാര്‍ട്ടി ഭൂരിപക്ഷം
മഞ്ചേശ്വരം പി.ബി.അബ്ദുല്‍ റസാക്ക് 49817 MLKSC കെ.സുരേന്ദ്ന്‍ 43989 BJP 5828
കാസര്‍കോട് എന്‍.എ നെല്ലിക്കുന്ന് 53068 MLKSC ജയലക്ഷ്മി എന്‍ ഭട്ട് 43330 BJP 9738
ഉദുമ കെ.കുഞ്ഞിരാമന്‍ 61646 CPI (M) അഡ്വ:സി.കെ ശ്രീധരന്‍ 50266 INC 11380
കാഞ്ഞങ്ങാട് ഇ.ചന്ദ്രശേഖരന്‍ 66640 CPI അഡ്വ:എം.സി.ജോസ് 54462 INC 12178
തൃക്കരിപ്പൂര്‍ കെ.കുഞ്ഞിരാമന്‍ 67871 CPI (M) കെ.വ് ഗംഗാധരന്‍ 59106 INC 8765
LDF – 3 UDF – 2 BJP – 0 OTH – 0
6

Advertisement