പെരുമറ്റം ജമാഅത്ത് കമ്മിറ്റിയുടെ സ്‌കൂളിലെ 14 വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍: അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ കുട്ടികളുടെ ഭാവി നശിപ്പിക്കുമെന്ന് ഹൈക്കോടതി
Education
പെരുമറ്റം ജമാഅത്ത് കമ്മിറ്റിയുടെ സ്‌കൂളിലെ 14 വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍: അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ കുട്ടികളുടെ ഭാവി നശിപ്പിക്കുമെന്ന് ഹൈക്കോടതി
ന്യൂസ് ഡെസ്‌ക്
Thursday, 11th April 2019, 4:40 pm

2009 ല്‍ സ്ഥാപിതമായ മൂവാറ്റപ്പുഴയിലെ പെരുമറ്റം മുസ്‌ലിം ജമാ അത്ത് കമ്മിറ്റിയുടെ സ്‌കൂളിന് സര്‍ക്കാരിന്റെയൊ സി.ബി.എസ്.ഇ യുടെയോ അംഗീകാരം ലഭിച്ചിട്ടില്ല. ഇക്കാരണത്താല്‍ പെരുമറ്റം വി.എം പബ്ലിക് സ്‌കൂളിലെ 14 വിദ്യാര്‍ഥികളാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. സര്‍ക്കാരിന്റെയും സി.ബി.എസ്.ഇയുടെയും അംഗീകാരമില്ലാത്ത സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ ചേര്‍ന്ന ഇവര്‍ക്ക് 2019 – 20 അക്കാദമിക വര്‍ഷത്തിലെ പത്താം ക്ലാസ് പരീക്ഷ എഴുതുവാനുള്ള റെജിസ്‌ട്രേഷന്‍ ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്.

‘നല്ല നിലവാരമുള്ള വിദ്യാലയങ്ങളില്‍ കുട്ടികള്‍ പഠിക്കണമെന്നേ് എല്ലാമാതാപിതാക്കളേയും പോലെ ഞങ്ങളും ആഗ്രഹിച്ചുള്ളൂ. നല്ല സ്‌കൂളായിരുന്നു, നല്ല അധ്യാപകരും സൗകര്യങ്ങളും ഉണ്ട്, ഫീസും കുറവ്. പെട്ടെന്ന് തന്നെ സി.ബി.എസ്.സി യുടെ അംഗീകാരം ലഭിക്കും എന്ന ഉറപ്പിന്മേലാണ് ഇവിടെ തുടര്‍ന്നു പഠിക്കാന്‍ തീരുമാനിച്ചത്. പക്ഷേ ഇപ്പോള്‍ പ്രതീക്ഷകള്‍ എല്ലാം തകിടം മറിഞ്ഞു.’ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു രക്ഷിതാവ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

അഫിലിയേഷന്റെ നടപടികള്‍ തുടരുകയായിരുന്നുവെന്നും സര്‍്ക്കാരിന്റെ എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചതാണെന്നുമാണ് മാനേജ്‌മെന്റിന്റെ പക്ഷം.

ഇപ്പോള്‍ 9 ല്‍ പഠിക്കുന്ന 14 വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാന്‍ കഴിയില്ല എന്ന വിവരം അറിഞ്ഞപ്പോള്‍ താല്‍ക്കാലിക അഫിലിയേഷന്‍ നല്‍കാന്‍ നിര്‍ദേശിക്കുകയോ അംഗീകാരമുള്ള സമീപത്തെ മറ്റ് സ്‌കൂളുകളില്‍ പേരുചേര്‍ത്ത് ഇതേ സ്‌കൂളില്‍ പഠനം തുടര്‍ന്ന് പരീക്ഷയെഴുതാനും 2019-20 അക്കാദമിക് വര്‍ഷം പത്താം ക്ലാസില്‍ ഇവരുടെ പേര് രജിസ്റ്റര്‍ ചെയ്യാനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ ഹരജി നല്‍കിയിരുന്നു.

അന്ന് വിദ്യാര്‍ത്ഥികളെ അംഗീകാരമുള്ള സ്‌കൂളിലേക്ക് മാറ്റാനും പരീക്ഷയെഴുതാനും അനുവദിക്കണമെന്ന് സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ചോദ്യംചെയ്ത് സി.ബി.എസ്.ഇ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുകയായിരുന്നു. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, വി.ജി അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചാണ് കേസ് പരീഗണിച്ചത്.

അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്നത് കുട്ടികളുടെ ഭാവി നശിപ്പിക്കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. രക്ഷിതാക്കള്‍ ഇതിന് അറിഞ്ഞും അറിയാതെയും ഒത്താശ ചെയ്യുന്നത് ദുഃഖകരമാണെന്നും വിധിയില്‍ പറഞ്ഞു.

അക്കാദമിക് വര്‍ഷത്തിന്റെ പകുതിയില്‍ സ്ഥലംമാറിയെത്തുന്ന വിദ്യാര്‍ഥിക്ക് ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും പ്രവേശനം നല്‍കാന്‍ 1998 ലേയും 2018 ലേയും അഫിലിയേഷന്‍ ബൈലോ പ്രകാരവും 1995 ലെ പരീക്ഷാ ബൈലോ പ്രകാരവും സാധ്യമല്ലെന്ന് സി.ബി.എസ.്ഇക്കുവേണ്ടി ഹാജരായ അഡ്വ. എസ്.നിര്‍മല്‍ അപ്പീലില്‍ വാദിച്ചു.

അംഗീകാരമുള്ള സി.ബി.എസ.്ഇ, സംസ്ഥാന സിലബസ് സ്‌കൂളുകളില്‍ എട്ടാം ക്ലാസ് പരീക്ഷ എഴുതി യോഗ്യത നേടിയവര്‍ക്കാണ് സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളില്‍ പ്രവേശനം ലഭിക്കാന്‍ അര്‍ഹതയുള്ളൂവെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അംഗീകാരമില്ലാത്ത സ്‌കൂളില്‍നിന്ന് കുട്ടികളെ അംഗീകാരമുള്ള മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ സാധ്യമല്ല. ആഗസ്ത് 31 നുശേഷം മറ്റേതെങ്കിലും അംഗീകാരമുള്ള സ്‌കൂളിലേക്ക് പ്രവേശനം അനുവദിക്കാന്‍ സി.ബി.എസ.്ഇ ചെയര്‍മാന് വിവേചനാധികാരം ഉണ്ടെങ്കിലും യോഗ്യതാ ഇളവ് നല്‍കാനുള്ള അധികാരം സംബന്ധിച്ച് ബൈലോയില്‍ പറയുന്നില്ല.

എട്ട്, ഒമ്പത് ക്ലാസുകളില്‍നിന്ന് അക്കാദമിക് വര്‍ഷത്തിന്റെ ഇടയ്ക്കുവച്ച് വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരമുള്ള സ്‌കൂളുകളിലേക്ക് പ്രവേശനം നല്‍കാന്‍ രണ്ട് സര്‍ക്കാര്‍ ഉത്തരവുകളുള്ളതായി ചൂണ്ടിക്കാട്ടിയെങ്കിലും ഇതൊരു കീഴ്വഴക്കമായി എടുക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മുന്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഈ 14 വിദ്യാര്‍ഥികളുടെ കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കാനാകില്ല.

അതേസമയം, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രശ്‌നം സര്‍ക്കാരിനുമുന്നില്‍ കൊണ്ടുവന്ന് പരിഹാരം കാണാം. പരാതി ലഭിച്ചാല്‍ സഹതാപപൂര്‍വം പരിഗണിച്ച് അംഗീകാരമില്ലാത്ത സ്‌കൂളില്‍ പഠിച്ചതിലൂടെ കുട്ടികള്‍ക്ക് വിലപ്പെട്ട ഒരുവര്‍ഷം പാഴാകാത്തവിധം തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി വ്യക്തമാക്കി. ആവശ്യമെങ്കില്‍ നഷ്ടപരിഹാരത്തിന് കുട്ടികള്‍ക്ക് ഉചിതമായ ഫോറത്തെ സമീപിക്കാം. അംഗീകാരമില്ലാത്ത സ്‌കൂള്‍ എത്രയും വേഗം അടച്ചുപൂട്ടണമെന്നും ഇക്കാര്യം ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സ്‌കൂള്‍ അന്തരീക്ഷത്തില്‍ കുട്ടികള്‍ സന്തോഷവാന്മാരാണെന്നും അവിടെത്തന്നെ പഠിക്കണമെന്നുമാണ് ഹരജിയുമായി ബന്ധപ്പെട്ട് വിളിപ്പിച്ചപ്പോള്‍ മൂന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞതെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്‌കൂള്‍ നടത്തുന്ന ട്രസ്റ്റ് അംഗങ്ങളുടേയും ഒരു അധ്യാപികയുടേയും മക്കളാണ് അതെന്ന് മനസിലായി. തീരെ ഉത്തരവാദിത്തമില്ലാതെയാണ് ഇവരുടെ പ്രതികരണങ്ങള്‍.

രക്ഷിതാക്കളുടെ താല്‍പ്പര്യപ്രകാരമാണെങ്കിലും അംഗീകാരമില്ലാത്ത സ്‌കൂളില്‍ പ്രവേശനം വാങ്ങിയതുമൂലം കുട്ടികള്‍ക്ക് നഷ്ടമാകുന്ന ഓരോ വര്‍ഷത്തിനും കനത്തതുക നഷ്ടപരിഹാരമായി ചുമത്തുകയാണ് വേണ്ടത്. എന്നാല്‍, ട്രസ്റ്റിന് വേണ്ടത്ര സ്വത്തില്ലാത്തതിനാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ അത്തരമൊരു ഉത്തരവിന് മുതിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ലാഭേച്ഛയില്ലാതെ മഹല്ല് കമ്മിറ്റിയുടെ ട്രസ്റ്റാണ് സ്‌കൂള്‍ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. വര്‍ഷാവര്‍ഷം ഇവര്‍ തെരഞ്ഞെടുപ്പിലൂടെയാണ് കമ്മിറ്റി രൂപീകരിക്കുന്നത്.

എന്നാല്‍ പെരുമറ്റത്തെ മഹല്ല് കമ്മിറ്റിക്കുള്ളില്‍ ഉടലെടുത്ത ഭിന്നതയാണ് സ്‌കൂള്‍ തകരാനുള്ള കാരണം എന്ന് സ്‌കൂളുമായി അടുത്ത ബന്ധമുള്ളയാള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. സ്‌കൂളിന് വേണ്ടി ഭൂമി വിട്ട് നല്‍കുന്നതിനെ ചൊല്ലി തര്‍ക്കം ഒടുവില്‍ സ്‌കൂള്‍ പൂട്ടണം എന്ന തീരുമാനത്തില്‍ വരെ എത്തിച്ചു എന്ന് ഇയാള്‍ പറഞ്ഞു. സാധാരണക്കാരന്റെ കുട്ടികള്‍ക്ക് നല്ല നിലവാരമുള്ള വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്ന സ്‌കൂളായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.