കുഴി ചര്‍ച്ചക്കിടയില്‍ റെക്കോഡ് കളക്ഷനുമായി ന്നാ താന്‍ കേസ് കൊട്; ആദ്യദിനത്തിലെ റിപ്പോര്‍ട്ടുകള്‍ പുറത്ത്
Film News
കുഴി ചര്‍ച്ചക്കിടയില്‍ റെക്കോഡ് കളക്ഷനുമായി ന്നാ താന്‍ കേസ് കൊട്; ആദ്യദിനത്തിലെ റിപ്പോര്‍ട്ടുകള്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th August 2022, 11:33 am

കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട് ഓഗസ്റ്റ് 11നാണ് റിലീസ് ചെയ്തത്. വിവാദങ്ങളുടെ അകമ്പടികളോടെയാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.

‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്ന പോസ്റ്ററിലെ ക്യാപ്ഷനാണ് വിവാദത്തിലായത്. തുടര്‍ന്ന് പോസ്റ്ററിനെതിരെ വിമര്‍ശനമുയരുകയും സൈബര്‍ അറ്റാക്ക് വരികയും ചെയ്തിരുന്നു. ചിത്രത്തിനെതിരെ ബഹിഷ്‌കരണ ക്യാമ്പെയ്ന്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ഈ കോലാഹലങ്ങള്‍ക്കിടയില്‍ ന്നാ കേസ് കൊട് എന്ന ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്. 1.25 കോടിയാണ് ചിത്രം ആദ്യദിനത്തില്‍ നേടിയത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷനാണ് ഇത്.

മികച്ച അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. റോഡിലെ കുഴികള്‍ ചര്‍ച്ചയിലിരിക്കെ റിലീസ് ചെയ്ത ചിത്രവും അതിനോടനുബന്ധിച്ച് പുറത്ത് വന്ന പോസ്റ്ററും ചര്‍ച്ചയിലേക്കുയരുകയായിരുന്നു. മുഖ്യധാര മാധ്യമങ്ങളിലെല്ലാം ചിത്രം സജീവചര്‍ച്ചയിലേക്ക് ഉയര്‍ന്നു.

എന്നാല്‍ ചിത്രം സര്‍ക്കാരിനേയോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയേയോ ടാര്‍ഗറ്റ് ചെയ്യുന്നില്ലെന്നും സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കാണിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം.

അതേസമയം പരസ്യത്തെ പരസ്യമായി കണ്ടാല്‍ മതിയെന്നും, വിമര്‍ശനങ്ങളെ ക്രിയാത്മകമായി കാണുന്നുവെന്നുമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞത്. വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ഏത് നിലയില്‍ വന്നാലും സ്വീകരിക്കും, അത് പോസിറ്റീവായി എടുക്കും. കേരളം ഉണ്ടായത് മുതലുള്ള പ്രശ്നമാണ് ഇത്. ഈ പ്രശ്നത്തിന് പരിഹാരം കാണുക എന്നത് നാടിന്റെ ആവശ്യമാണ്, അത് തന്നെയാണ് പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

ഗായത്രി ശങ്കര്‍ നായികയായ ന്നാ താന്‍ കേസ് കൊടില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ് ടി. കുരുവിളയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: nna than case kodu movie gain the biggest first fay collection in kunjako boban’s career