മര്‍ദ്ദിക്കപ്പെടുന്ന അധ്യാപകര്‍ പകരുന്ന പാഠങ്ങള്‍
Opinion
മര്‍ദ്ദിക്കപ്പെടുന്ന അധ്യാപകര്‍ പകരുന്ന പാഠങ്ങള്‍
പി. പ്രേമചന്ദ്രന്‍
Monday, 25th February 2019, 10:45 am

 

സമീപകാലത്ത് വിദ്യാഭ്യാസ പ്രവര്‍ത്തകരെ അമ്പരപ്പിച്ച് കൊണ്ട് പുറത്തുവന്ന രണ്ടു വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുത്തുകയാണ്:

കാസര്‍കോഡ് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മോഡല്‍ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത ആധ്യാപകനെ വിദ്യാര്‍ഥി മര്‍ദ്ദിച്ചുവെന്നതാണ് ഒരു വാര്‍ത്ത. ഇക്കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനായിരുന്നു സംഭവം. കൊല്ലത്ത് തൊപ്പിയൂരി വെച്ച് പരീക്ഷയെഴുതാന്‍ ആവശ്യപ്പെട്ട അധ്യാപകനെ വിദ്യാര്‍ഥി മര്‍ദ്ദിച്ചെന്നതായിരുന്നു മറ്റൊരു വാര്‍ത്ത. ഫെബ്രുവരി 22നായിരുന്നു ഈ വാര്‍ത്ത വന്നത്.

അധ്യാപകരുടെ/ സ്‌കൂള്‍ അധികൃതരുടെ മര്‍ദ്ദനത്തിന് വിധേയരാകുന്ന കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ന്  വാര്‍ത്തയേ അല്ലാതായി മാറിയിരിക്കുന്നു. വാര്‍ത്തയെക്കുറിച്ചുള്ള ക്ലാസിക്കല്‍ ഉദാഹരണത്തില്‍ എന്ന പോലെ,  കുട്ടിയെ അടിച്ചാലല്ല കുട്ടി അടിച്ചാലാണ് ഇന്ന് വാര്‍ത്തയാവുന്നത്.

സ്‌ക്കൂള്‍ വിദ്യാഭ്യാസത്തില്‍ പ്രത്യേകിച്ചും സെക്കന്ററി ഹയര്‍ സെക്കന്ററി തലങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നും അധ്യാപകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു എന്നത് നമ്മുടെ കണ്ണുതുറപ്പിക്കേണ്ട ഒരു യാഥാര്‍ത്ഥ്യമാണ്. ഇംഗ്ലണ്ടില്‍ 2018ല്‍ നടന്നിട്ടുള്ള ഒരു പഠനത്തില്‍ ഇത്തരം അക്രമങ്ങളുടെ തോത് വര്‍ഷം തോറും മൂന്ന് മടങ്ങെങ്കിലും വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. അവിടുത്തെ വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം 600 കുട്ടികളെങ്കിലും തൊട്ടുമുന്‍വര്‍ഷം ഇത്തരം അക്രമങ്ങളുടെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. അമേരിക്കയില്‍ നടന്ന മറ്റൊരു പഠനത്തില്‍ ഏഴുശതമാനം സെക്കന്ററി അധ്യാപകര്‍ കുട്ടികളുടെ ഭാഗത്ത് നിന്നുള്ള നേരിട്ടുള്ള ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശാരീരിക ആക്രമണത്തില്‍ എത്താതെ വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപത്തിന് വിധേയരാകേണ്ടി വരുന്ന അവിടുത്തെ അധ്യാകരുടെ എണ്ണം പതിനൊന്ന് ശതമാനത്തോളം വരും. പുതിയ കാലത്തെ വിദ്യാഭ്യാസ പ്രക്രിയയില്‍ അന്തര്‍ഭവിച്ചിട്ടുള്ള ഒട്ടേറെ സങ്കീര്‍ണ്ണ സമസ്യകളിലേക്ക് നയിക്കേണ്ടുന്ന സൂചനകളായി വളരെ ഗൗരവത്തില്‍ നമ്മളും ഈ വാര്‍ത്തകളെ പരിഗണിക്കേണ്ടതുണ്ട്.

തൊട്ടടുത്ത ദിവസങ്ങളില്‍ നടന്ന ഈ ദാരുണമായ സംഭവങ്ങള്‍ അച്ചടി മാധ്യമത്തില്‍ കൂടിയാവില്ല മഹാഭൂരിപക്ഷം അധ്യാപകരും അറിഞ്ഞിട്ടുണ്ടാവുക. അത്രയും വ്യാപകമായി അവ സാമൂഹിക മാധ്യമങ്ങളിലൂടെ പറന്നിരുന്നു. അധ്യാപകര്‍ അംഗങ്ങളായ സ്‌കൂള്‍ ഗ്രൂപ്പുകള്‍, വിഷയ ഗ്രൂപ്പുകള്‍, സംഘടനാ ഗ്രൂപ്പുകള്‍ എന്നിവയില്‍ വ്യാപകമായി അവ പങ്കുവെക്കപ്പെട്ടിരുന്നു. സ്റ്റാഫ് റൂം ചര്‍ച്ചകളില്‍ അധ്യാപകര്‍ അവരവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നുള്ള ഉപദേശങ്ങളും ശ്രദ്ധിക്കേണ്ട വില്ലന്മാരെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ഉറക്കെത്തന്നെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ജോലിയോട് അധികം ആത്മാര്‍ത്ഥത കാട്ടിയത് കൊണ്ടാണ് ഈ അധ്യാപകര്‍ക്ക് ഇങ്ങനെ സംഭവിച്ചതെന്നും അതിന്റെയൊന്നും ആവശ്യം ഇക്കാലത്ത് ഇല്ലായെന്നും ഉള്ള പൊതുതീരുമാനത്തില്‍ പലരും എത്തിയിരുന്നു. ഇതില്‍ ആദ്യസംഭവം ഉണ്ടായപ്പോള്‍ തന്നെ എല്ലാ അധ്യാപക ഗ്രൂപ്പുകളിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു സന്ദേശം ഈ ചര്‍ച്ചകളുടെ അടിരേഖയായി മാറുകയുണ്ടായി. അത് ഇതാണ്.

“അവര്‍ ഇവിടെയും വരും. പുത്തന്‍ ജ്ഞാനനിര്‍മ്മിതി വാദത്തില്‍ കടഞ്ഞെടുത്ത വിദ്യാഭ്യാസ പ്രക്രിയയില്‍, വിദ്യാര്‍ത്ഥി അസ്വസ്ഥപ്പെടുന്നതിന്റെ ആശങ്കയുമായി അഭിനവ ബുദ്ധിജീവികള്‍. ഗുരുനാഥനെ മര്‍ദ്ദിക്കാന്‍ മാത്രമുള്ള മാനസികതലം നിഷ്‌കളങ്കനായ വിദ്യാര്‍ത്ഥിയില്‍ സൃഷ്ടിച്ച അധ്യാപകന്റെ അപക്വതയെ കുറ്റപ്പെടുത്തുന്ന, വിദ്യാര്‍ത്ഥി കേന്ദ്രിത കയറൂരിവിടല്‍ വാദത്തിന്റെ വക്താക്കള്‍. സമൂഹത്തിലെ ഛിദ്രവൃത്തികളിലൊക്കെ ശിഷ്യരുടെ സാന്നിധ്യം കാണുമ്പോള്‍ തിരുത്താനൊന്ന് കണ്ണു തുറിച്ചാല്‍ അധ്യാപകന് ചൈല്‍ഡ് സൈക്കോളജിയുടെയും അഡോളസെന്റ് ബിഹേവിയറിന്റെയും തിയറികള്‍ അറിയാത്തതുകൊണ്ടെന്ന് പറഞ്ഞ് കുരുത്തക്കേടുകള്‍ക്ക് കുട പിടിക്കുന്നവര്‍. ബാലാവകാശത്തിന്റെ യമണ്ടന്‍ ചിന്തകള്‍കൊണ്ട് പെരുമാറ്റ വൈകല്യത്തിന്റെ അസഹനീയ തലത്തിലേക്ക് കടന്നു ചെല്ലാന്‍ പുതുതലമുറയെ പ്രേരിപ്പിക്കുന്നവര്‍. ഇവരുള്ളിടത്തോളം കാലം അക്ഷരം പഠിപ്പിക്കുന്നവരുടെ തോളെല്ലുകളും കര്‍ണപുടങ്ങളും തകര്‍ന്നു കൊണ്ടിരിക്കും. കൊല്ലത്തെ ശ്രീദേവി ടീച്ചര്‍ പോലെ ഒരു പാട് രക്തസാക്ഷികള്‍. ഇതാ നമ്മുടെ ബോബി മാഷ് ഒരു പ്രതീകമാണ്. ആത്മാര്‍ത്ഥതയുടേയും ഉത്തരവാദിത്തബോധത്തിന്റെയും കരുത്തുകൊണ്ട് ഞങ്ങള്‍ അധ്യാപകര്‍ക്ക് മുന്നേറാനാവില്ലെന്ന തിരിച്ചറിവിന്റെ പ്രതീകം. ഇനി നമ്മള്‍ തല കുനിക്കാനും മുട്ടിലിഴയാനും പഠിക്കണം. കണ്ണടയ്ക്കാനും കണ്ടില്ലെന്ന് നടിക്കാനും പഠിക്കണം.”

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന ലളിതയുക്തി ഇവിടെ പ്രയോഗിച്ചിരിക്കുന്നത് ബോധപൂര്‍വ്വമാണ്. എന്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ അധ്യാപകര്‍ക്ക് നേരെ കയ്യുയര്‍ത്തുന്നു എന്നതിന്റെ സൂക്ഷ്മവും ശ്രദ്ധാപൂര്‍വ്വവുമായ വിശകലനത്തിന് മുതിരാതിരിക്കുന്നതും അതിന് വ്യാജ പ്രതികളെയുണ്ടാക്കി ശിക്ഷവിധിക്കുന്നതും ഒരുതരം രാഷ്ട്രീയമാണ്. ജ്ഞാനനിര്‍മ്മിതി വാദത്തില്‍ പടുത്തുയര്‍ത്തിയ പുതിയ പാഠ്യപദ്ധതി, വിദ്യാര്‍ത്ഥികേന്ദ്രിതമായ പഠനരീതികള്‍, കുട്ടികളെക്കുറിച്ചും കൗമാരത്തെക്കുറിച്ചും വികസിച്ചുവന്ന ആധുനികമായ കണ്ടെത്തലുകള്‍, ബാലാവകാശങ്ങളെക്കുറിച്ച് വികസിച്ചുവരുന്ന ധാരണകള്‍ ഇതെല്ലാം ആണ് സംശയത്തിന്റെ ഒരാനുകൂല്യം പോലും ലഭിക്കാതെ തൊണ്ടിയോടെ പിടിക്കപ്പെട്ട ഇവിടുത്തെ കൊടിയ കുറ്റവാളികള്‍. “ആത്മാര്‍ത്ഥതയും ഉത്തരവാദിത്തബോധവും” ഉള്ള അധ്യാപകര്‍ക്ക് ജോലിചെയ്യാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്ന കരിനിയമങ്ങള്‍ ആണ് ഇതെല്ലാം. അധ്യാപകരെ തല കുനിക്കാനും മുട്ടിലിഴയാനും മാത്രംപ്രേരിപ്പിക്കുന്ന കിരാത ശാസനങ്ങള്‍. ഇവയുടെ ഒന്നും ശല്യമില്ലാത്ത ഒരുകിനാശ്ശേരിയാണ് പാഠ്യപദ്ധതി ശത്രുക്കളുടെ ഏറ്റവും മനോഹരമായ സ്വപ്നം.

ശ്രീദേവി ടീച്ചര്‍

 

പറയുന്നത് കേള്‍ക്കുമ്പോള്‍, നമ്മുടെ ഹയര്‍ സെക്കന്ററി ക്ലാസുകളെല്ലാം പാഠ്യപദ്ധതി മുന്നോട്ട് വെക്കുന്ന പഠന സമീപനങ്ങള്‍ എല്ലാം അച്ചട്ടായി നടക്കുന്ന ഇടമാണ് എന്നാണ് തോന്നുക. സത്യത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട സമീപനങ്ങളില്‍ ഒന്നുപോലും എത്തിനോക്കാത്ത, അഴുകിനാറിയ വ്യവഹാര മനശാസ്ത്രത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത കാലഹരണപ്പെട്ട പഠനരീതികള്‍ അതിശക്തമായി ഇന്നും അതുപോലെ നിലനില്‍ക്കുന്ന ഈജിയന്‍ തൊഴുത്തുകളാണ് ഇവിടുത്തെ ഹയര്‍ സെക്കന്ററി ക്ലാസുകള്‍.

എന്‍.സി.ഇ.ആര്‍.ടി കാലങ്ങള്‍ക്ക് മുന്‍പ് ഉണ്ടാക്കിയിട്ടുള്ള അതികഠിനമായ പാഠപുസ്തകങ്ങള്‍ എങ്ങിനെയെങ്കിലും കുട്ടികളുടെ മണ്ടയില്‍ അടിച്ചുകയറ്റാന്‍ പഠിച്ചപണി പതിനെട്ടും പയറ്റുന്ന ഒരു കൂട്ടരും കാണാപ്പാഠം പഠിച്ചുചൊല്ലല്‍ തുടങ്ങി ഇമ്പോസിഷന്‍ വരെയുള്ള ശിക്ഷകളും പരിഹാസങ്ങളും സഹിച്ച് പാതിവെന്തതും വേവാത്തതുമായ ആശയങ്ങള്‍ പരീക്ഷക്കടലാസില്‍ ചര്‍ദ്ദിച്ച് സായൂജ്യമടയാന്‍ വിധിക്കപ്പെട്ട മറ്റൊരുകൂട്ടരും തമ്മിലുള്ള യുദ്ധത്തിനെയാണ് നമ്മള്‍ ഇന്ന് കേരളത്തിലെ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം എന്ന് ഓമനപ്പേരിട്ടു വിളിക്കുന്നത്.

ജ്ഞാനനിര്‍മ്മിതി എന്ന വാക്ക് ഉച്ഛരിക്കാന്‍ കേരളത്തിലെ എത്ര ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്ക് യോഗ്യതയുണ്ട്? പുതിയ കരിക്കുലം മുന്നോട്ട് വെക്കുന്ന പഠന സമീപനങ്ങളില്‍ ഒന്നെങ്കിലും ക്ലാസ് മുറിയില്‍ നടപ്പാക്കുന്നവര്‍ ആരുണ്ട്? കുട്ടികളുടെ അവകാശങ്ങളെയും കൗമാര മനശ്ശാസ്ത്രത്തെയും പരിഗണിച്ചും അധ്യാപകരെക്കുറിച്ചുള്ള മാറിയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലും വിദ്യാര്‍ത്ഥികളോട് ഇടപെടുന്ന എത്രപേര്‍ ഇക്കൂട്ടരില്‍ ഉണ്ട്? പാഠപുസ്തക കേന്ദ്രിതമായല്ലാതെ കുട്ടികള്‍ക്ക് താത്പര്യമുള്ള എന്തെങ്കിലും കാര്യങ്ങള്‍ ക്ലാസില്‍ ചര്‍ച്ചചെയ്യുന്നവര്‍ ആരുണ്ട് ഇവരുടെ കൂട്ടത്തില്‍? മിക്കതിന്റെയും ഉത്തരം പൂജ്യം എന്നോ അല്ലെങ്കില്‍ ഒരു കൈവിരലില്‍ എണ്ണാവുന്നവര്‍ എന്നോ മാത്രം. എന്നിട്ടും എല്ലാ കുറ്റവും പാഠ്യപദ്ധതിയുടെ മേല്‍ ചാരുന്നവരുടെ താത്പര്യങ്ങള്‍ പകല്‍വെളിച്ചം പോലെ വ്യക്തമാണ്.

ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കുമെന്ന് ഉറപ്പുള്ള, ഏകാധിപതിയായ അധ്യാപകന്റെ സ്ഥാനഭ്രംശത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ മാത്രമാണ് അവയുടെ അടിസ്ഥാനം. അവര്‍ ഇന്നും കൈയ്യാളുന്ന വിദ്യാഭ്യാസത്തിന്റെ ഉടമകള്‍ എന്ന അഹന്ത നാളെ കൈയ്യോഴിയെണ്ടി വരുമെന്ന ഭയമാണ് അതിന്റെ നിമിത്തം. വ്യാജപ്രതികളെഎളുപ്പത്തില്‍ ഹാജരാക്കുമ്പോള്‍തെളിയാതെ പോകുന്നത് ഹീനമായ ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങളാണ്.

അധ്യാപകര്‍ക്ക് എതിരെയുള്ള കയ്യേറ്റങ്ങളില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ മാത്രമാണ് വാര്‍ത്തയാകുന്നത്. എന്നാല്‍ അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങള്‍, മോശം പെരുമാറ്റം, ഭീഷണികള്‍ എന്നിവ കേരളത്തിലെ പലഭാഗങ്ങളില്‍ നിന്നുമുള്ള അധ്യാപകര്‍ പരിശീലനവേളകളിലും മറ്റും തുറന്നുപറയാറുണ്ട്. എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ കേരളം പോലുള്ള സാര്‍വ്വത്രിക വിദ്യാഭ്യാസമെന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയ ഇടങ്ങളില്‍ പോലും വര്‍ധിക്കുന്നത് എന്ന് വിദ്യാഭ്യാസവകുപ്പും സര്‍ക്കാരും ഗൗരവത്തോടെ ആലോചിക്കേണ്ടതുണ്ട്.

കുട്ടികളുടെ സ്വഭാവത്തില്‍ കാലം കഴിയുംതോറും ഉണ്ടാവുന്ന മാറ്റങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ടതല്ലേ? പഴയകാലം മുന്നോട്ടുവെച്ച ശീലങ്ങളല്ല നമ്മുടെ കുട്ടികളുടെ മാതൃകകള്‍. ബന്ധങ്ങളുടെ ആഴം തിരിച്ചറിയപ്പെടാതെ പോകുന്നു. ചെയ്യാവുന്നതും ചെയ്തുകൂടാത്തതും വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല. പരിമിതികളും സാധ്യതകളും കണ്ടെത്തപ്പെടുന്നില്ല. സ്വാഭാവികമായ സംഭാഷണം വിരളമാകുന്നു. പരസ്പരം തിരിച്ചറിയാനും കണ്ടെത്താനും കഴിയാത്ത തുരുത്തുകളായി മാറുന്നു ഓരോരുത്തരും. കുട്ടികളെ കുറിച്ച് മാത്രമല്ല ഈ പറഞ്ഞവ പ്രസക്തമാകുന്നത്. അധ്യാപകരും ഇതേ കാരണങ്ങളാല്‍ ഇതിന്റെനേരെ എതിര്‍വശത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. വെല്ലുവിളികളും മാനാഭിമാന സംഘര്‍ഷങ്ങളും പുറമേ കാണുന്നില്ലെങ്കിലും ഉള്ളില്‍ ഈട്ടംകൂടിയ ഈഗോ പ്രശ്‌നങ്ങള്‍ ഏതുനിമിഷവും സംഘര്‍ഷത്തില്‍ കലാശിക്കാവുന്നതാണ്.

ഹയര്‍ സെക്കന്ററി ക്ലാസിലെ കുട്ടികളുടെ മുന്നില്‍ ശാരീരികമായ കരുത്തിന്റെയും വലിപ്പത്തിന്റെയും അടിസ്ഥാനത്തിലല്ല അധ്യാപകര്‍ നിലയുറപ്പിക്കുന്നത്. അധ്യാപകരെ പുഷ്പം പോലെ എടുത്തെറിയാന്‍ ശാരീരികബലമുള്ള കുട്ടികള്‍ മിക്കക്ലാസിലും ഉണ്ട്. എന്നാല്‍ അവരുടെ മേല്‍ കൃത്യമായ നിയന്ത്രണം ഇപ്പോഴും അധ്യാപകര്‍ക്ക് ഉണ്ട്. അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തിന്റെ കാലങ്ങളായി തുടരുന്ന ചരിത്രത്താലും സംസ്‌കാരത്താലുമാണ് ഇത് സാധ്യമാകുന്നത്.

സാമൂഹികമായ ഒട്ടേറെ ബന്ധങ്ങളുടെ പുറത്താണ് അധ്യാപക വിദ്യാര്‍ത്ഥി ബന്ധം നിലനില്‍ക്കുന്നത്. കുടുംബത്തിനകത്ത്, സമസംഘങ്ങള്‍ക്കിടയില്‍, സഹപാഠികള്‍ക്കിടയില്‍, സമൂഹവുമായി നിലനില്‍ക്കുന്ന ബന്ധത്തിന്റെ കരുത്താണ് അതിനും ദൃഢത നല്‍കുന്നത്. ഇവിടെയൊക്കെ അയഞ്ഞബന്ധം മാത്രമുള്ള കുട്ടികള്‍ അധ്യാപകരെ മാത്രം ബഹുമാനത്തിന്റെയും ആദരവിന്റെയും ഉയര്‍ന്നമൂല്യംകൊണ്ട് പൂജിക്കും എന്ന് കരുതുന്നത് ശുദ്ധഭോഷ്‌കാണ്. തന്നെ അടിച്ചമര്‍ത്താന്‍ തക്കംപാര്‍ത്തിരിക്കുന്ന ശത്രുരാജ്യത്തെ പടയാളിയാണ് അവര്‍ക്ക് അധ്യാപകര്‍. ഈ യാഥാര്‍ത്ഥ്യം പലപ്പോഴും സ്ഥൂലനോട്ടങ്ങളില്‍ പെടാറില്ല.

ആരാണ് നമ്മുടെ കുട്ടികളുടെ ഇക്കാലത്തെ നായകര്‍? നന്മയുടെ പക്ഷത്തെ നായകരല്ല, ക്ഷുഭിതരായ വില്ലന്മാരോടാണ് അവര്‍ താദാത്മ്യം പ്രാപിക്കുന്നത്. എന്തും പ്രവര്‍ത്തിക്കാന്‍ തന്റേടവും ധൈര്യവും കാട്ടുന്ന കരുത്തരായ പ്രതിനായകന്മാരാവാന്‍ അവര്‍ നോട്ടം കൊണ്ടും ഭാവം കൊണ്ടും ആദ്യം കൊമ്പുകോര്‍ക്കുന്നത് അധ്യാപകരുമായാണ്. അധ്യാപകരുടെ മുന്നില്‍ തെളിയിക്കുന്ന കരുത്താണ് കൂട്ടുകാരുടെ ആരാധന അവര്‍ക്ക് നേടിക്കൊടുക്കുന്നത്. ഉചിതമായ ആദ്യസന്ദര്‍ഭത്തില്‍ അവര്‍ അധ്യാപകര്‍ക്ക് നേരെ കൈയ്യുയര്‍ത്തുന്നത് ഈ താരപരിവേഷത്തിന്റെ പുറത്തുകൂടിയാണ്.

ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം വ്യാപകമായതോടെ ഉപരിപഠനത്തില്‍ താത്പര്യമില്ലാത്ത വലിയൊരു ശതമാനം കുട്ടികള്‍, ഉപരിപഠനം മാത്രം ലക്ഷ്യം വെച്ച് നിര്‍മ്മിച്ച ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം എന്ന കഠിനവഴിയിലേക്ക് വലിച്ചെറിയപ്പെടുകയാണ്. സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് തുടങ്ങി ഹയര്‍ സെക്കന്ററിയില്‍ ലഭ്യമായ മൂന്നു കോമ്പിനേഷനുകളിലെയും സിലബസ് അതികഠിനമാണ്. കടിച്ചാല്‍ പൊട്ടാത്ത സിദ്ധാന്തഭാരം നിറഞ്ഞ ഈ സിലബസ്സില്‍ ഒരു സാധാരണ വിദ്യാര്‍ത്ഥിക്ക് ഒന്നും ചെയ്യാനില്ല. സാങ്കേതികമായോ, തൊഴില്‍പരമായോ ഉള്ള എല്ലാ പ്രായോഗിക പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ആണ് അവരില്‍ മിക്കവരും. അവരാണ് അധ്യാപകര്‍ വലിയ വലിയ ആശയങ്ങള്‍ പിടികിട്ടാത്ത ടെര്‍മിനോളജിയില്‍ പ്രസംഗിക്കുന്നത് മണിക്കൂറുകളോളം കേട്ടിരിക്കേണ്ടി വരുന്നത്. തീര്‍ച്ചയായും അവര്‍ തിരിയുകയും മറിയുകയും പരസ്പരം സംസാരിക്കുകയും ചെയ്യും. ഓരോന്നും അവരെ സ്ഥിരം കുറ്റവാളികളുടെ ഇരിപ്പിടത്തിലേക്ക് പതുക്കെ കൊണ്ടുപോകും. നിരന്തരം ക്ലാസ് മുറിയില്‍ അപമാനിക്കപ്പെട്ടും, ക്ലാസില്‍ നിന്ന് പുറത്താക്കപ്പെട്ടും അവര്‍ സ്‌കൂളിനു തന്നെ ശല്യക്കാരായ വിദ്യാര്‍ത്ഥികള്‍ എന്ന പട്ടം ചാര്‍ത്തപ്പെട്ടവരാകും. മനസ്സിലെങ്കിലും അവരുടെ കൈകള്‍ നിരന്തരം അധ്യാപകര്‍ക്കെതിരെ ഉയരുന്നുണ്ട്. അപ്രതീക്ഷിതമായ ഒരു നിമിഷത്തില്‍ അത് പുറത്തേക്കും പ്രവഹിക്കും.

കുട്ടികളുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കാതെയുള്ള എല്ലാ ശിക്ഷകളും അവരെ അടിച്ചമര്‍ത്താനും അപമാനിക്കാനും ഉള്ള ശ്രമമായേ അവര്‍ കരുതുകയുള്ളൂ. അവരോടുള്ള സ്‌നേഹത്തില്‍ നിന്ന്, കരുതലില്‍ നിന്നാണ് അവരെ ശാസിക്കുന്നതെങ്കില്‍ അവര്‍ കുറ്റബോധത്തോടെ ആ ശകാരവും ശിക്ഷയും ഏറ്റുവാങ്ങും. എന്നാല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസത്തില്‍ കുട്ടികളുമായി വ്യക്തിപരമായ ഒരു ബന്ധം ഉണ്ടാക്കാന്‍ അധ്യാപകര്‍ക്ക് യാതൊരു അവസരവും നല്‍കാത്തതാണ് അതിന്റെ ഘടന. അറുപത്തഞ്ച് യുവതീ യുവാക്കളാണ് ഒരു ക്ലാസില്‍ തിങ്ങിനിറഞ്ഞിരിക്കുന്നത്. അവരില്‍ ബഹുഭൂരിപക്ഷം പേരുടെയും പേരോ മുഖമോ പോലും ഒരു ദിവസം നാല്‍പ്പത് മിനിറ്റില്‍ താഴെയുള്ള പിരിയേഡില്‍ ഒരു വര്‍ഷം കഴിഞ്ഞാലും മിക്ക അധ്യാപകരുടെയും മനസ്സില്‍ പതിയില്ല. അപരിചിതരായ രണ്ടുപേര്‍ കലഹിക്കുന്ന അന്തരീക്ഷം തന്നെയാണ് അതുകൊണ്ട് തന്നെ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ശാസിക്കുമ്പോള്‍ ഉണ്ടാകുന്നത്.

തോക്കുമായി സ്‌കൂളില്‍ വന്നു അധ്യാപകരുടെയും സഹപാഠികളുടെയും ജീവനെടുക്കുന്ന കുട്ടികളെ തടയുന്നതിനായുള്ള മുന്‍കരുതലുകള്‍ എന്തൊക്കെയായിരിക്കണം എന്നാണ് അമേരിക്കയിലെ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കന്നത്. അധ്യാപകര്‍ക്ക് തോക്ക് നല്‍കുന്നതിനെക്കുറിച്ച് പോലും ആ ആലോചന ചെന്നിരുന്നു. അത്രമേല്‍ സ്വാഭാവികമായിത്തീര്‍ന്നു വിദ്യാലയങ്ങളിലെ ഈ അതിക്രമങ്ങള്‍ എന്നാണ് അതിന്റെ മറ്റൊരര്‍ത്ഥം. അമേരിക്ക നമ്മുടെ സുവര്‍ണ്ണ സ്വപ്നങ്ങളുടെ പറുദീസ ആയിത്തുടരുകയും ജാംബവാന്റെ കാലത്തെ വിധേയത്വവും അടിമത്തവും കുഞ്ഞുങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തെ തിരിച്ചറിയുകയെങ്കിലും ചെയ്യണം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അധ്യാപകര്‍. വ്യാജപ്രതികളുടെ ലിസ്റ്റുകള്‍ തയ്യാറാക്കുന്നതിന് പകരം നമ്മളില്‍ തന്നെയും നമ്മള്‍ കൂടി ഉള്‍പ്പെട്ട പൊതുസമൂഹത്തിലും ഉള്ളടങ്ങിയിട്ടുള്ള പൊരുത്തക്കെടുകളെയും കാപട്യങ്ങളെയും നേര്‍ക്കുനേര്‍ അഭിസംബോധന ചെയ്യാനെങ്കിലും ഇത്തരം ദുരന്തസന്ദര്‍ഭങ്ങള്‍ അധ്യാപകരെ നിര്‍ബന്ധിക്കേണ്ടതുണ്ട്.

പി. പ്രേമചന്ദ്രന്‍
അധ്യാപകനും ചലച്ചിത്ര പ്രവര്‍ത്തകനുമാണ്