നിവിന്‍ പോളിയുടെ മൂത്തോന്‍ ആദ്യ പ്രദര്‍ശനം ടൊറന്റോ ഫെസ്റ്റിവലില്‍; മാമി ഫെസ്റ്റിവലില്‍ ഓപ്പണിംഗ് ചിത്രം
indian cinema
നിവിന്‍ പോളിയുടെ മൂത്തോന്‍ ആദ്യ പ്രദര്‍ശനം ടൊറന്റോ ഫെസ്റ്റിവലില്‍; മാമി ഫെസ്റ്റിവലില്‍ ഓപ്പണിംഗ് ചിത്രം
ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 2:28 pm

നിവിന്‍ പോളി നായകനായ ചിത്രം മൂത്തോന്റെ ആദ്യ പ്രദര്‍ശനം വിഖ്യാതമായ ടൊറൊന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നടക്കും. സെപ്റ്റംബര്‍ 11നാണ് പ്രദര്‍ശനം. ഈ വര്‍ഷത്തെ മാമി ചലച്ചിത്ര മേളയിലെ ഓപ്പണിങ് ചിത്രമാണ്. പ്രദര്‍ശനം ഒക്ടോബര്‍ 17ന്. ശേഷം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിക്കും.

ഗീതു മോഹന്‍ദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം അനുരാഗ് കശ്യപ്, വിനോദ് കുമാര്‍, അലന്‍ മാക്അലക്‌സ്, അജയ് ജി.റായ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയിടങ്ങളിലെ യഥാര്‍ത്ഥ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നിര്‍മ്മാതാവിന്റെ റോളിന് പുറമെ ഹിന്ദി ഡയലോഗുകള്‍ രചിച്ചതും അനുരാഗ് കശ്യപ് ആണ്. സണ്‍ഡാന്‍സ് സ്‌ക്രീന്റൈറ്റേര്‍സ് ലാബിന്റെ ഭാഗമായ ചിത്രം ഗ്ലോബല്‍ ഫിലിംമേക്കിങ് അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. ലയേഴ്സ് ഡയസിനു ശേഷം ഗീതു സംവിധായികയാവുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ഓസ്‌കാര്‍ അവാര്‍ഡുകളില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി നേടിയ ചിത്രമായിരുന്നു.

നിവിന്‍ പോളിയെ കൂടാതെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെലീസ രാജു തോമസ് തുടങ്ങിയവര്‍ വേഷമിടും.

ഖഅഞ പിക്‌ചേഴ്‌സ്, മിനി സ്റ്റുഡിയോ നിര്‍മ്മാണ കമ്പനികളുടെ ചിത്രമാണ്. ഛായാഗ്രഹണം രാജീവ് രവി. അജിത്കുമാര്‍ ബി., കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈന്‍: ആബിദ് ടി.പി. സൗണ്ട് ഡിസൈന്‍: കുനാല്‍ ശര്‍മ്മ. സംഗീതം: സാഗര്‍ ദേശായ്.