ബി.ജെ.പി ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്: നിതീഷ് കുമാര്‍
national news
ബി.ജെ.പി ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്: നിതീഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th September 2022, 6:20 pm

ഹരിയാന: ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മില്‍ രാജ്യത്ത് പ്രശ്‌നമൊന്നുമില്ലെന്നും ബി.ജെ.പി അവര്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള സഖ്യം വരുന്നതോടെ 2024ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തോല്‍വി ഉറപ്പാക്കാന്‍ പറ്റുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ.എന്‍.എല്‍.ഡി) സംഘടിപ്പിച്ച മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയില്‍ എന്‍.സി.പി നേതാവ് ശരദ് പവാര്‍, ശിരോമണി അകാലി ദളിന്റെ സുഖ്ബീര്‍ സിങ് ബാദല്‍ എന്നിവരും പങ്കെടുത്തു.

ജെ.ഡി.യു അടുത്തിടെയാണ് ബി.ജെ.പിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത്. ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മില്‍ തര്‍ക്കമില്ലെന്നും ബി.ജെ.പി കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം ജെ.ഡി.യു, ശിവസേന ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എന്‍.ഡി.എ വിട്ടത് ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാനാണെന്ന് ആര്‍.ജെ.ഡി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. ബി.ജെ.പി കള്ളങ്ങള്‍ പറയുന്ന ഏറ്റവും വലിയ പാര്‍ട്ടിയാണെന്നും ജനങ്ങളെ നുണകള്‍ പറഞ്ഞ് കബളിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിതീഷ് കുമാറും, സുക്ബീര്‍ സിങ് ബാദലുമെല്ലാം ഒരുകാലത്ത് ബി.ജെ.പി പ്രവര്‍ത്തകരായിരുന്നുവെന്നും , ബി.ജെ.പിയുടെ തനിനിറം മനസിലായത് കൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നും അദ്ദേഹം പറഞ്ഞു. ബീഹാര്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അത് പാര്‍ട്ടി നടപ്പിലാക്കുന്നുമുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് ഇപ്പോഴും ആ വാക്ക് പാലിക്കാനായിട്ടില്ലെന്നും അദ്ദേഹം തേജസ്വി യാദവ് പറഞ്ഞു.

Content Highlight: Nitish kumar calls for opposition unity says there is no problem between hindus and muslims in the state but BJP is trying to create ruckus in between communities