ഒരു യൂണിഫോം ഫോട്ടോ ഇത്രയും പ്രശ്‌നമാവുമെന്ന് കരുതിയില്ല, ഞാനാകെ വിഷമിച്ച് പോയി; അനുഭവം പറഞ്ഞ് നിത്യാദാസ്
Entertainment news
ഒരു യൂണിഫോം ഫോട്ടോ ഇത്രയും പ്രശ്‌നമാവുമെന്ന് കരുതിയില്ല, ഞാനാകെ വിഷമിച്ച് പോയി; അനുഭവം പറഞ്ഞ് നിത്യാദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th August 2021, 11:52 am

മകള്‍ക്കൊപ്പം സ്‌കൂള്‍ യൂണിഫോമിട്ട് എടുത്ത തന്റെ ഫോട്ടോ വലിയ വിനയായി മാറുകയായിരുന്നുവെന്ന് നടി നിത്യാദാസ്. തന്റെ പ്രായത്തെ ചൊല്ലിയാണ് പ്രശ്‌നങ്ങളെല്ലാം ഉണ്ടായതെന്നും വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ നിത്യാദാസ് പറയുന്നു.

‘ഫോട്ടോ വൈറലായതിന് ശേഷം വാര്‍ത്തകളില്‍ കണ്ടു, 40 വയസ്സായിട്ടും നിത്യ പഴയ പോലെ തന്നെയെന്ന്. എനിക്ക് 37 വയസ്സേ ആയിട്ടുള്ളൂ. ഞാന്‍ 1984ലാണ് ജനിച്ചത്. ചേച്ചിക്ക് പോലും 40 ആയിട്ടില്ല. കള്ളം പറഞ്ഞ് കല്ല്യാണം കഴിച്ചതാണല്ലേ എന്ന് ഭര്‍ത്താക്കന്‍മാര്‍ അവരോട് ചോദിച്ചതായി പല സുഹൃത്തുക്കളും വിളിച്ച് പറഞ്ഞു. നിത്യാദാസിന്റെ കൂടെ പഠിച്ചതാണെന്ന് എല്ലാവര്‍ക്കുമറിയാം.

നിത്യക്ക് നാല്‍പത് ആയെങ്കില്‍ കൂടെ പഠിച്ചവര്‍ക്കും നാല്‍പത് ആയിക്കാണുമല്ലോ എന്നാണത്രേ ഭര്‍ത്താക്കന്‍മാര്‍ ചോദിച്ചത്. എന്റെ ചേച്ചിയാണെങ്കില്‍ ബഹളം. അവള്‍ക്ക് 39 വയസ്സേ ആയിട്ടുള്ളൂ. ഒരു യൂണിഫോം ഇത്രയും വിനയുണ്ടാക്കുമെന്ന് കരുതിയില്ല. ഞാനാകെ വിഷമിച്ച് ഇരിക്കുന്നത് കണ്ടപ്പോള്‍ മോളാണ് പറഞ്ഞത്, അമ്മക്ക് നാല്‍പത് തോന്നില്ല എന്നല്ലേ വാര്‍ത്തകളില്‍ പറഞ്ഞത് അത് പോസിറ്റീവായി എടുത്തൂടേയെന്ന്,’ നിത്യാദാസ് പറഞ്ഞു.

മകള്‍ക്കൊപ്പം സോഷ്യല്‍മീഡിയയില്‍ വീഡിയോകള്‍ പങ്കുവെക്കാന്‍ ഇഷ്ടമാണെന്നും മകളാണ് തന്റെ സോഷ്യല്‍മീഡിയ ഗുരുവെന്നും നിത്യ പറയുന്നു.

‘ഞങ്ങള്‍ ഫോട്ടോസ് ഇടും. വല്ലപ്പോഴും റീല്‍സ് ചെയ്യും. എന്റെ പ്രൊഫൈല്‍ അത്ര സജീവമൊന്നുമല്ല. രസമെന്താണെന്ന് വെച്ചാല്‍ അരവിന്ദിന് അതിഷ്ടമില്ല. അദ്ദേഹം പറയും ഇപ്പോള്‍ പഠിത്തം തന്നെ ഫോണിലാണ്.

അതുകഴിഞ്ഞ് ബാക്കി സമയവും ഫോണില്‍ കളിക്കുന്നത് ശരിയല്ലെന്ന്. മാത്രമല്ല അവള്‍ ചെറിയ കുട്ടിയല്ലേ. പക്ഷേ അവളാണെങ്കില്‍ നേരെ തിരിച്ചാണ്. ഡാന്‍സ് കളിക്കാനും ഫാഷന്‍ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനുമൊക്കെ വലിയ ഇഷ്ടമാണ്. ഇങ്ങനെയാണെങ്കിലും നുന്നു അച്ഛന്റെ സമ്മതം കിട്ടിയ ശേഷമേ ചെയ്യാറുള്ളു,’ നിത്യാദാസ് പറഞ്ഞു.

അമ്മയെക്കണ്ടാല്‍ ചേച്ചിയെപ്പോലെയുണ്ടല്ലോയെന്ന് ചിലര്‍ ചോദിക്കുമ്പോള്‍ മകള്‍ക്ക് അത് ഇഷ്ടമല്ലെന്നും നിത്യാദാസ് പറയുന്നു. പയ്യന്മാര്‍ ചോദിക്കുമ്പോഴെങ്കിലും ചേച്ചിയാണെന്ന് പറഞ്ഞൂടേയെന്ന് താന്‍ മകളോട് ചോദിക്കാറുണ്ടെന്നും അഭിമുഖത്തില്‍ നിത്യ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nithyadas says about his viral photo