Administrator
Administrator
സിനിമാ വിലക്കിനെക്കുറിച്ച് നിത്യമേനോന്‍ സംസാരിക്കുന്നു
Administrator
Tuesday 27th September 2011 5:26pm

nitya-menonപുരുഷാധിപത്യം എറ്റവും ദൃശ്യമായ ലോകമാണ് സിനിമയുടേത്. നടിമാര്‍ പ്രത്യേക അഭിപ്രായമൊന്നും പ്രകടിപ്പിക്കാതെ പുരുഷ മേധാവിത്വത്തിന് വിധേയപ്പെട്ട് നില്‍ക്കണമെന്നാണ് ഇന്‍ഡസ്ട്രിയിലെ പൊതുതത്വം. അത് ലംഘിക്കുന്നവര്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുന്നു. തലനിവര്‍ത്തിപ്പിടിച്ച് അഭിപ്രായം പറയുന്ന സ്ത്രീകളെ അഹങ്കാരിയായും മോശപ്പെട്ടവളായും ചിത്രീകരിച്ച് അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്.

അടുത്തിടെ കന്നട സിനിമാ രംഗത്ത് നടി നിഖിത ഇത്തരത്തില്‍ പുരുഷ മേല്‍ക്കോയ്മക്ക് ഇരയായിരുന്നു. പ്രണയ ബന്ധത്തിന്റെ പേരുപറഞ്ഞാണ് നിഖിതക്ക് വിലക്കേര്‍പ്പെടുത്തിയത്. വിമര്‍ശനമുയര്‍ന്നപ്പോള്‍ അത് പിന്നീട് പിന്‍വലിക്കപ്പെട്ടു.

ഏറ്റവും ഒടുവില്‍ മലയാള സിനിമാ രംഗത്ത് നടി നിത്യാമേനോന്‍ വിലക്കിന് ഇരയായിരിക്കയാണ്. സിനിമയിലെത്തി കുറച്ചുകാലത്തിനുള്ളില്‍ തന്നെ മികച്ച നടി എന്നു പേരെടുത്ത നിത്യക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്കിനെക്കുറിച്ചും സിനിമയിലെ പുരുഷാധിപത്യത്തെക്കുറിച്ചും നിത്യ  ഡൂള്‍ന്യൂസ് പ്രതിനിധി ജിന്‍സി ബാലകൃഷ്ണനുമായി സംസാരിക്കുന്നു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിത്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത് ശരിയാണോ?

ഈ റിപ്പോര്‍ട്ട് ഞാനും കേട്ടിട്ടുണ്ട്. ഇത് ശരിയാവാനാണ് സാധ്യത.

എന്താണ് ഇങ്ങനെയൊരു വിലക്കിന് കാരണം?

കാരണം എന്താണെന്ന് വ്യക്തമായി എനിക്കറിയില്ല. സംഭവിച്ചത് എന്താണെന്നുവച്ചാല്‍ ടി.കെ രാജീവ്കുമാറിന്റെ തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞാന്‍. ഷോട്ട് കഴിഞ്ഞ ഉച്ചഭക്ഷണം കഴിക്കാനായി അരമണിക്കൂര്‍ സമയം അനുവദിച്ചതാണ്. ആ സമയത്താണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ചിലര്‍ കാണാന്‍ വന്നിട്ടുണ്ടെന്ന് എന്നോട് പറയുന്നത്. ഇവര്‍ ആരൊക്കെയാണെന്ന് എനിക്ക് അറിയില്ല. അറിയേണ്ട ആവശ്യവുമില്ല. ഷൂട്ടിംങ് സമയത്ത് എന്റെ ജോലി ഭംഗിയായി നിര്‍വഹിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം.

ഭക്ഷണത്തിനുശേഷം എനിക്ക് മേക്കപ്പിടണം. ഷോട്ടുണ്ട്. അതിനാല്‍ മാനേജറോട് കാര്യങ്ങള്‍ സംസാരിക്കണമെന്ന് ഞാന്‍ പറഞ്ഞു. ഇവര്‍ വരുമെന്ന് എന്നെ മുന്‍കൂട്ടി അറിയിക്കുകയോ വരുന്നതിന് മുമ്പ് വിളിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല. ഞാന്‍ ജോലിചെയ്യുന്നതിനിടെയാണ് അവര്‍ വന്നത്. ജോലിയില്‍ തടസമുണ്ടാക്കുന്നത് ആരായാലും അത് അംഗീകരിക്കാനാവില്ല. എന്റെ മാനേജറോട് സംസാരിച്ച് ഷൂട്ടിംങ് കഴിഞ്ഞശേഷം വൈകുന്നേരമോ മറ്റൊ എന്നോട് സംസാരിക്കാവുന്നതേയുള്ളൂ. വിലക്കിന് കാരണം ഇതാണെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. ഇത്ര നിസാരകാര്യങ്ങള്‍ വലിയ പ്രശ്‌നമാക്കേണ്ട ആവശ്യമില്ല. തങ്ങള്‍ വലിയ ആള്‍ക്കാരാണ് എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല. എന്റെ പണി കൃത്യമായി ചെയ്യുക എന്നതാണ് ആ സമയത്ത് എന്റെ കടമ.

പ്രൊഡ്യൂസര്‍മാര്‍ക്ക് ഈഗോ എഫക്ട് ചെയ്തിട്ടുണ്ട്. ഇതിനെ ബാലിശമായോ അപക്വമായോ ഒക്കെയേ കാണാന്‍ കഴിയൂ. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ എന്നെ വിലക്കിയ നടപടിയെ അഹങ്കാരമെന്നേ പറയാന്‍ കഴിയൂ.

പിന്നെ സുരേഷ് കുമാര്‍ ചട്ടക്കാരിയെന്ന ചിത്രത്തിന്റെ റീമേക്കിനുവേണ്ടി എന്നെ സമീപിച്ചിരുന്നു. എനിക്ക് ആ വേഷം ചെയ്യാന്‍ താല്‍പര്യമില്ലാതിരുന്നതിനാല്‍ പറ്റില്ല എന്നു ഞാന്‍ തീര്‍ത്തുപറഞ്ഞു. ഇഷ്ടമെല്ലാത്ത വേഷങ്ങള്‍ ചെയ്യാന്‍ ആര് ആവശ്യപ്പെട്ടാലും ഞാന്‍ ചെയ്യാറില്ല.

അടുത്തിടെ കന്നഡ ചലച്ചിത്ര രംഗത്തെ ഒരുനടിക്ക് വിലക്ക് പ്രഖ്യാപിച്ചിരുന്നു. ആ സമയത്ത് സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകരുടെ ശക്തമായ പിന്തുണ അവര്‍ക്കുണ്ടായിരുന്നു. ഇതുപോലെ നിത്യയ്ക്ക് പിന്തുണ ലഭിച്ചിട്ടുണ്ടോ?

തീര്‍ച്ചയായും. ഈ വാര്‍ത്ത അറിഞ്ഞ് എന്നെ നന്നായി അറിയുന്ന പലരും വിളിച്ചിരുന്നു. അതൊന്നും കാര്യമാക്കേണ്ട. നീ വിഷമിക്കേണ്ട എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചു. എന്റെ കൂടെ പ്രവര്‍ത്തിച്ചവര്‍ക്കും ജോലിചെയ്തവര്‍ക്കും എന്നെ നന്നായി അറിയാം. മറ്റുള്ളവര്‍ നിത്യ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറയും. അത് ഞാന്‍ കാര്യമാക്കാറില്ല. എനിക്ക് എന്റേതായ ഒരു രീതിയുണ്ട്. മറ്റെന്തിനെക്കാളും ഞാന്‍ ഏറ്റെടുത്ത ജോലിക്ക് പ്രാധാന്യം നല്‍കുന്നയാളാണ് ഞാന്‍. ഇഷ്ടമില്ലാത്തത് ഇഷ്ടമല്ല എന്ന പറയാനുള്ള തന്റേടം എനിക്കുണ്ട്. അതിനെ അഹങ്കാരം എന്നു പറയുന്നവര്‍ പറഞ്ഞോട്ടെ.

വിലക്കേര്‍പ്പെടുത്താന്‍ അവര്‍ പറഞ്ഞ കാരണം അത്രവലിയ പ്രശ്‌നമൊന്നുമല്ല. ഞാന്‍ മാപ്പുപറയാനും പോകുന്നില്ല. ഇതുപോലുള്ള നിസാരകാര്യത്തിന് ഇങ്ങനെയായാല്‍ എന്താ ചെയ്യുക?

സിനിമയില്‍ പുരുഷന്‍മാര്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും പരിഗണനയും സ്ത്രീകള്‍ക്ക് ലഭിക്കാറില്ല എന്ന ആക്ഷേപമുണ്ട്. നടി എന്ന നിലയില്‍ നിത്യയ്ക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ?


തീര്‍ച്ചയായും. സിനിമയില്‍ മാത്രമല്ല ഒരു മേഖലയിലും പുരുഷന് ലഭിക്കുന്ന പരിഗണന സ്ത്രീയ്ക്ക് ലഭിക്കുന്നില്ല എന്നത് സത്യമാണ്. സിനിമയില്‍ അത് കുറച്ചൂകൂടി കൂടുതലാണ്. ഇതരഭാഷാ ചിത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ മലയാള സിനിമയില്‍ സ്ത്രീയ്ക്ക് കുറച്ചൂകൂടി പ്രാധാന്യം ലഭിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ഞാനിപ്പോള്‍ ചെയ്യുന്ന ടി.കെ രാജീവ് കുമാറിന്റെ ചിത്രം എന്റെ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

പിന്നെ എത്ര നല്ല നടിയാണെങ്കിലും പ്രോത്സാഹിപ്പിക്കാനും അവസരം നല്‍കാനും തയ്യാറായില്ലെങ്കില്‍ അവരുടെ കഴിവ് പുറത്തുവരില്ല. നല്ല നടിമാരുണ്ടെങ്കില്‍ മാത്രമേ സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള കഥകള്‍ രചിക്കാന്‍ കഥാകൃത്തുക്കള്‍ തയ്യാറാവൂ. കന്നഡയില്‍ ചിലര്‍ എന്നോട് പറഞ്ഞിട്ടുണ്ട് നിത്യയെ മനസില്‍ കണ്ട് സ്ത്രീപ്രാധാന്യമുള്ള ഒരു കഥ ഞാന്‍ രചിക്കുന്നുണ്ട്. അത് ചെയ്യണമെന്നൊക്കെ. അതായത് സ്ത്രീയ്ക്ക് കഴിവ് തെളിയിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് നല്ല അവസരം ലഭിക്കും. എന്നാല്‍ സ്ത്രീ ഒരുപരിധിക്കപ്പുറം വളരുന്നത് ചിലര്‍ക്ക് ഇഷ്ടമല്ലെന്നാണ് തോന്നുന്നത്.

മീരാ ജാസ്മിന്റെ കാര്യം തന്നെ എടുക്കാം. മജ്ഞുവാര്യര്‍ക്കുശേഷം മലയാളം കണ്ട ഏറ്റവും മികച്ച നടിയാണ് മീര. പക്ഷെ അവരെ പലരും അടിച്ചമര്‍ത്തി. പ്രതിഫലത്തിന്റെ കാര്യത്തിലും സിനിമയില്‍ സ്ത്രീയോട് വിവേചനം കാണിക്കുന്നുണ്ട്.

മലയാളത്തിലും, മറ്റ് ഭാഷകളിലും മികച്ച കഥാപാത്രങ്ങള്‍ ചെയ്തു. എറ്റവും കംഫേട്ടബിള്‍ ആയി തോന്നിയത് എത് ഭാഷയില്‍ ചെയ്യുമ്പോഴാണ്?

എല്ലാ ഇന്റസ്ട്രിക്കും അതിന്റേതായ ഗുണവും ദോഷവുമുണ്ട്. ഏത് ഭാഷയായാലും പരമാവധി ഭംഗിയായി ചെയ്യണം. അത്രയേഉള്ളൂ.

പുതിയ ചിത്രങ്ങള്‍ ഏതൊക്കെയാണ്?

ടി.കെ രാജീവ്കുമാറിന്റെ തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഒരു ടെലിവിഷന്‍ ഇന്റസ്ട്രിയെപ്പറ്റിയുള്ള ചിത്രമാണ്. അതിലൊരു റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയെ ആണ് ഞാന്‍ അവതരിപ്പിക്കുന്നത്.

Advertisement