'അവരോട് പറയൂ അവനെ വിട്ടയക്കാന്‍! പ്ലീസ് '; സുരക്ഷാ സൈന്യം പിടിച്ചുകൊണ്ടുപോയ 17കാരന്റെ മോചനം ആവശ്യപ്പെട്ട് വിതുമ്പിക്കരഞ്ഞ് അച്ഛന്‍: വാഷിങ്ടണ്‍ പോസ്റ്റിന്റെ വീഡിയോ
Kashmir Turmoil
'അവരോട് പറയൂ അവനെ വിട്ടയക്കാന്‍! പ്ലീസ് '; സുരക്ഷാ സൈന്യം പിടിച്ചുകൊണ്ടുപോയ 17കാരന്റെ മോചനം ആവശ്യപ്പെട്ട് വിതുമ്പിക്കരഞ്ഞ് അച്ഛന്‍: വാഷിങ്ടണ്‍ പോസ്റ്റിന്റെ വീഡിയോ
ന്യൂസ് ഡെസ്‌ക്
Saturday, 31st August 2019, 12:40 am

ന്യൂദല്‍ഹി: സുരക്ഷാ സൈന്യം പിടിച്ചുകൊണ്ടുപോയ പ്രായപൂര്‍ത്തിയാകാത്ത മകനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കശ്മീര്‍ സ്വദേശി നിസാര്‍ അഹമ്മദ് മിര്‍. വാഷിങ്ടണ്‍ പോസ്റ്റാണ് നിസാര്‍ അഹമ്മദ് സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടത്.

ആഗസ്റ്റ് 24നാണ് നിസാറിന്റെ മകന്‍ ഡാനിഷിനെ പൊലീസ് പിടിച്ചുകൊണ്ടുപോയത്. രണ്ടുദിവസത്തിനിപ്പുറവും അവനെ മോചിപ്പിച്ചിട്ടില്ല.

‘ഇതുവരെ ഞാന്‍ ചെയ്തതെല്ലാം എന്റെ മക്കള്‍ക്കുവേണ്ടിയായിരുന്നു. ഒരിക്കല്‍ പോലും ഞാനവരെ എന്നില്‍ നിന്ന് അകറ്റി നിര്‍ത്തിയിട്ടില്ല. കഴിഞ്ഞ രണ്ടുദിവസം (മകനെ കൊണ്ടുപോയതിനുശേഷമുള്ള) രണ്ടുവര്‍ഷം പോലെയാണ് തോന്നുന്നത്. എന്തു കുറ്റകൃത്യമാണ് അവന്‍ ചെയ്തത്? അവന്‍ പതിവായി പഠിക്കും, ജോലി ചെയ്യും, പണം സമ്പാദിക്കും, ഞങ്ങളെ സന്തോഷിപ്പിക്കും. അവനെ മോചിപ്പിക്കാന്‍ ദയവായി അവരോട് പറയണം.’ എന്നാണ് വീഡിയോയില്‍ നിസാര്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ സുരക്ഷാ സൈന്യം രാത്രി വീടുകളില്‍ റെയ്ഡ് നടത്തിയ പ്രായപൂര്‍ത്തിയാവാത്തവരുള്‍പ്പെടെയുള്ള കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 3000ത്തോളം പേര്‍ ഇത്തരത്തില്‍ കസ്റ്റഡിയിലുണ്ടെന്നും ഇതില്‍ കുട്ടികളുമുള്‍പ്പെടുമെന്നുമായിരുന്നു വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീര്‍ നിവാസികള്‍ സൈന്യത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ബി.ബി.സിയും പ്രസിദ്ധീകരിച്ചത്. ബി.ബി.സി റിപ്പോര്‍ട്ടര്‍ സമീര്‍ ഹാഷ്മി പ്രദേശവാസികളെ കണ്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വടികളും കേബിളുകളും ഉപയോഗിച്ച് സുരക്ഷാ സൈന്യം തങ്ങളെ മര്‍ദ്ദിച്ചെന്നും ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിച്ചെന്നും പ്രദേശവാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പല ഗ്രാമീണരും പരുക്കുകള്‍ കാട്ടിത്തന്നെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതേസമയം ഉദ്യോഗസ്ഥരുമായി ഈ ആരോപണത്തിന്റെ നിജസ്ഥിതി ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ബി.ബി.സി വ്യക്തമാക്കിയിരുന്നു.