എഡിറ്റര്‍
എഡിറ്റര്‍
രാസകൃഷിയെക്കുറിച്ചുള്ള യുക്തിവാദികളുടെ അന്ധവിശ്വാസങ്ങള്‍
എഡിറ്റര്‍
Wednesday 19th April 2017 1:47pm


കേരളത്തിലെ തന്നെ അറിയപ്പെടുന്ന കാര്‍ഷിക കീട ശാസ്ത്രജ്ഞനായ ഡോ. കെ.എം. ശ്രീകുമാറിന്റെ കൂടി സഹകരണത്തോടെ സി.രവിചന്ദ്രന്‍ എഴുതിയ – ‘കാര്‍ട്ടറുടെ കഴുകന്‍’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതായി രവിചന്ദ്രന്‍ സാര്‍ തന്നെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു…

ജൈവകൃഷിയെയും പരിസ്ഥിതി വാദത്തെയും പരിഹസിക്കുന്ന രവിചന്ദ്രന്‍ മാഷിന്റെ ആ പോസ്റ്റിനുള്ള ഒരു എളിയ മറുപടിയാണിത്…

ആദ്യം രവിചന്ദ്രന്റെ പ്രധാന വാദഗതികള്‍ പറയാം

1. ജൈവമായാലും രാസമായും എല്ലാം രാസപദാര്‍ത്ഥങ്ങള്‍ തന്നെയാണ്.
2. കേരളീയര്‍ക്ക് എല്ലാം ആഗോള കോര്‍പ്പറേറ്റ് – അമേരിക്കന്‍ ഗുഡാലോചനയാണ് .
3. ആഫ്രിക്കന്‍ രാജ്യങ്ങളിലേതുള്‍പ്പടെ ലോകത്തെല്ലായിടത്തും പട്ടിണിയുടെ കാരണം പരമ്പരാഗത രീതിയില്‍ കൃഷി ചെയ്തതു മൂലമുണ്ടായ കാര്‍ഷികോല്‍പാദനക്കുറവാണ്…( സുഡാന്‍ ക്ഷാമവും കെവിന്‍ കാര്‍ട്ടറുടെ പ്രസിദ്ധമായ ആ ഫോട്ടോയും രവിചന്ദ്രന്‍ മാഷ് ഉദാഹരിച്ചിരിക്കുന്നു )
4. ജൈവ കൃഷി ചിലവേറിയതും അപ്രായോഗികവുമാണ്.

രവിചന്ദ്രന്റെ ലഘു കുറിപ്പില്‍ പറഞ്ഞത് കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോ ജേണലിസ്റ്റ് സുഡാനിലെ പട്ടിണി മേഖലയില്‍ കഴുകന്റെ മുന്നില്‍ ഇഴഞ്ഞു നീങ്ങുന്ന ഒരു ബാലന്റെ പടമെടുത്തു എന്നാണ്…

രാസ കൃഷിയെ വാഴ്ത്തിപ്പാടാനുള്ള ആവേശത്തില്‍ അദ്ദേഹം മറന്നു പോയ നിസ്സാരമായ ഒരു സംഗതി ആദ്യമേ ഓര്‍മിപ്പിക്കാം.. അത് ആണ്‍കുട്ടിയുടെ പടമായിരുന്നില്ല , അത് ഒരു പെണ്‍കുട്ടിയുടെ പടമായിരുന്നു..

1993 മാര്‍ച്ച് 26 ന് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച പ്രസ്തുത ഫോട്ടോയോടൊപ്പമുള്ള വാര്‍ത്തയില്‍ അത് ഒരു പെണ്‍കുട്ടിയാണെന്ന് വ്യക്തമാക്കിയിരുന്നു.

ഇനി സുഡാന്‍ ക്ഷാമത്തിലേക്കു വരാം. രാസകൃഷിയുടെ വക്താക്കള്‍ എല്ലാ കാലത്തും ഭക്ഷ്യക്ഷാമത്തെ കുറിച്ചാകും ആദ്യം പറയുക. രാസകൃഷിയുടെ പ്രണിതാക്കള്‍ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതു പോലെയല്ല സുഡാനിലെ ക്ഷാമം ഉണ്ടായത്. അത്യുല്‍പാദനത്തിലേക്കും രാസ കൃഷിയിലേക്കും മാറാത്തതായിരുന്നില്ല സുഡാനിലെ ക്ഷാമത്തിന്റെ കാരണം.

അവിടെ മൂന്ന് തവണയായി ഉണ്ടായ മഹാ ക്ഷാമങ്ങളുടെ മുഖ്യ കാരണം പതിറ്റാണ്ടുകള്‍ നീണ്ട ആഭ്യന്തര യുദ്ധമാണ്. സ്വാതന്ത്ര്യാനന്തരം സെന്‍ട്രല്‍ സുഡാനീസ് ഗവണ്‍മെന്റ് സേനയും സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മില്‍ 18 വര്‍ഷമാണ് യുദ്ധം നടന്നത്. 1972 ലാണ് ആദ്യത്തെ ആഭ്യന്തര യുദ്ധം അവസാനിക്കുന്നത്.

വടക്കന്‍ സുഡാനിലെ എണ്ണ നിക്ഷേപങ്ങള്‍ക്കു മേല്‍ കണ്ണവെച്ച യൂറോപ്യന്‍ കുത്തകകളാണ് യുദ്ധത്തിന്റെ ഒരു കാരണക്കാര്‍. വടക്കന്‍ സുഡാന്‍ തെക്കുഭാഗത്തേതു പോലെ കാര്‍ഷിക യോഗ്യമായ ഭൂപ്രദേശമല്ലായിരുന്നു. നൈലിന്റെ പോഷക പ്രവാഹങ്ങളാല്‍ ജലസമൃദ്ധമായിരുന്നു തെക്കന്‍ സുഡാന്‍. പ്രകൃതി വിഭവങ്ങള്‍ക്കു മേലുള്ള അവകാശ ത്തര്‍ക്കത്തിനോടൊപ്പം അറബ് – ആഫ്രിക്കന്‍ വംശീയ പ്രശ്‌നങ്ങള്‍ കൂടി ചേര്‍ന്നു വന്നതോടെ യുദ്ധം ആവിര്‍ഭവിച്ചു.

72 ല്‍ അവസാനിച്ച ഒന്നാം ആഭ്യന്തര യുദ്ധത്തിന്റെ കെടുതികള്‍ അവസാനിക്കുന്നതിനു മുമ്പു തന്നെ 1983ല്‍ രണ്ടാം ആഭ്യന്തര യുദ്ധം ആരംഭിച്ചു , അത് അവസാനിക്കുന്നത് 2005 ലാണ്.

ലോക ചരിത്രത്തിലേ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഭ്യന്തര യുദ്ധമായിരുന്നു സുഡാനില്‍ നടന്നത്. 20 ലക്ഷം മനുഷ്യരാണ് യുദ്ധത്തിലും അനുബന്ധമായി ഉണ്ടായ ക്ഷാമത്തിലും രോഗങ്ങളിലും മരണമടഞ്ഞത്.

യുദ്ധത്തോടൊപ്പം വരള്‍ച്ചയും ക്ഷാമത്തിനുള്ള കാരണമായിരുന്നു. എത്യോപ്യന്‍ ഉന്നതതടങ്ങളിലെ പരിസ്ഥിതി നാശവും മഴയിലുണ്ടായ ഗണ്യമായ കുറവും നൈലിലേക്കുള്ള എത്യോപ്യന്‍ പോഷക പ്രവാഹങ്ങളുടെ ജല നിര്‍ഗമനത്തില്‍ 30% ത്തിന്റെ കുറവു വരുത്തുകയും ചെയ്തു. യുദ്ധത്തോടൊപ്പം വരള്‍ച്ചയും ചേര്‍ന്നതോടെ കൃഷി തകര്‍ന്നു തരിപ്പണമായി.

യൂറോപ്യന്‍ അധിനിവേശക്കാര്‍ തങ്ങളുടെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണങ്ങള്‍ക്കായി കാര്‍ഷികമായും പാരിസ്ഥിതികമായും നക്കിത്തുടച്ചവയാണ് ആഫ്രിക്കയിലേതുള്‍പ്പടെയുള്ള കോളനി രാജ്യങ്ങളെന്ന വസ്തുത ചരിത്രത്തെക്കുറിച്ച് സാമാന്യ ബോധമുള്ള ആര്‍ക്കും മനസ്സിലാകും. സഹാറയോടു ചേര്‍ന്നുള്ള ഫ്രഞ്ച് കോളനികളില്‍ ആയിരക്കണക്കിനു ഹെക്ടര്‍ സ്ഥലത്ത് ഏകവിളയായി നിലക്കടല കൃഷി ചെയ്തത് വെള്ളക്കാരന് പീനട്ട് ബട്ടര്‍ കഴിക്കാനായിരുന്നു. ക്രമാതീതമായി മണ്ണിളക്കിയുള്ള നിലക്കടല കൃഷി പിന്നീട് അവിടങ്ങളില്‍ മരുഭൂ വ്യാപനത്തിനു കാരണമായി എന്നത് ചരിത്രമാണ്.

ഭക്ഷ്യവിളകള്‍ ഇറക്കിയ വയലുകളില്‍ നീലം കൃഷി നടത്താന്‍ ഇന്ത്യന്‍ കര്‍ഷകരെ നിര്‍ബന്ധിച്ച ബ്രിട്ടീഷുകാരുടെ നടപടികളെ മറക്കാറായിട്ടില്ലല്ലോ.

വില കൂടിയ തടികളെല്ലാം വെട്ടിക്കടത്തി പശ്ചിമഘട്ടത്തെ ദരിദ്രമാക്കിയ സായിപ്പിനെ വിസ്മരിക്കാന്‍ മാത്രം സമയമായില്ലല്ലോ നമുക്ക്.

അതായത് പ്രകൃതി ചൂഷണത്തിലും സാമൂഹ്യ ചൂഷണത്തിലും അധിഷ്ഠിതമായ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും 4 ദശകത്തിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിലേക്ക് മാറ്റപ്പെട്ട സുഡാന്‍ എന്ന രാജ്യത്തിന്റെ ദുരിതങ്ങള്‍ രാസ യുക്തി കൊണ്ടു മാത്രം നിര്‍വചിക്കാനാകാത്തതാണെന്നര്‍ത്ഥം.

നേരത്തേ പരാമര്‍ശിച്ച രണ്ടാം ആദ്യന്തര യുദ്ധകാലത്ത് അതായത് 1993 ലാണ് കെവിന്‍ കാര്‍ട്ടര്‍ പ്രസ്തുത ഫോട്ടോ പകര്‍ത്തിയത് എന്നും ഓര്‍ക്കുക.

1998 ല്‍ 70000 ആളുകളുടെ മരണത്തിനു കാരണമായ മറ്റൊരു ക്ഷാമം കൂടി സുഡാനിലുണ്ടാകുന്നുണ്ട്. ഇതിന്റെ കാരണമായും യു.എന്‍ വിലയിരുത്തിയത് വരള്‍ച്ചയും ആഭ്യന്തര യുദ്ധവുമാണ്.

രവിചന്ദ്രന്‍ മാഷിന്റെയും ശ്രീകുമാറിന്റെയും ജൈവവും രാസവും എല്ലാം രാസമാണെന്ന കേവല യുക്തിയിലേക്ക് ഇനി വരാം. ജൈവ വസ്തുക്കളും രാസവസ്തുക്കള്‍ ( Chemicals ) തന്നെയാണെന്നുളള കാര്യം എന്തോ മഹാ കാര്യം വെളിപ്പെടുത്തുന്നതു പോലെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്.

അറിഞ്ഞിടത്തോളം നിലവില്‍ കണ്ടു പിടിക്കപ്പെട്ടിട്ടുള്ള 118 മൂലകങ്ങളിലെ സ്വാഭാവികമായുള്ള 94 എണ്ണമാണ് ഈ ലോകത്തിന്റെ ദ്രവ്യ പിണ്ഢമെന്ന് ഏതൊരാള്‍ക്കും എളുപ്പം തിരിച്ചറിയാവുന്നതേ ഉള്ളൂ.

എല്ലാ ജൈവ പദാര്‍ത്ഥങ്ങള്‍ക്കും രാസിക അടിത്തറയാണുള്ളത് എന്നത് വാദമല്ല വസ്തുത മാത്രമാണ്. ആ വസ്തുതയെ പരിസ്ഥിതി വാദികളോ ജൈവകര്‍ഷകരോ നിഷേധിച്ചതായും എവിടെയും കേട്ടിട്ടില്ല. പിന്നെ എന്തിനാണ് രവിചന്ദ്രന്‍മാഷിനെ പോലുള്ളവര്‍ ഈ നിഴല്‍ യുദ്ധം നടത്തുന്നത് എന്നത് ദുരൂഹമാണ്.

എന്നാല്‍ ജൈവ പദാര്‍ത്ഥങ്ങളുടെ രാസ അടിത്തറയെ ചൂണ്ടിക്കാണിച്ച് ജൈവ വളങ്ങളും ജൈവ കീടനാശിനികളും രാസകീട നാശിനികള്‍ക്കും രാസവളങ്ങള്‍ക്കും തുല്യമാണ് എന്ന് വാദിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്.

സസ്യങ്ങളിലെ സെല്ലുലോസും പെട്രോളിയം ഉല്‍പന്നമായ പോളിത്തീനും രസതന്ത്രത്തില്‍ ഓര്‍ഗാനിക് സംയുക്തങ്ങള്‍ തന്നെയാണ് എന്നതുകൊണ്ടോ രണ്ടിലും ഹൈഡ്രോകാര്‍ബണ്‍ ബോണ്‍ഡുകളുണ്ട് എന്നതു കൊണ്ടോ ഇവ പരിസ്ഥിതിയിലുണ്ടാക്കുന്ന പ്രത്യാഘാതം സമമാകുന്നില്ലല്ലോ. സസ്യശരീരം സ്വാഭാവിക പ്രകൃതി സാഹചര്യങ്ങളിലും പോളിത്തീന്‍ മനുഷ്യന്‍ സൃഷ്ടിക്കുന്ന കൃത്രിമ സാഹചര്യങ്ങളിലുമാണ് ഉണ്ടാക്കപ്പെടുന്നത്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ സസ്യ സെല്ലുലോസ് സ്വാഭാവിക താപനിലയിലും സ്വാഭാവിക മര്‍ദത്തിലും ആവശ്യമായ സമയമെടുത്ത് സാവധാനം രൂപം കൊളളുന്നു, പോളിത്തീന്‍ ക്രിത്രിമ അന്തരീക്ഷത്തില്‍ ഉയര്‍ന്ന താപനിലയിലും മര്‍ദത്തിലും വളരെ വേഗത്തില്‍ നിര്‍മിക്കപ്പെടുന്നു.

ഇക്കാരണങ്ങളാല്‍ ആദ്യത്തേത് എളുപ്പം ദ്രവീകരണത്തിനും വിഘടനത്തിനും വിധേയമാവുകയും മണ്ണിലേക്കും വെള്ളത്തിലേക്കുമെല്ലാം മടങ്ങിപ്പോവുകയും ചെയ്യുന്നു. രണ്ടാമതു പറഞ്ഞ പോളിത്തീനിന് ഇത്തരത്തില്‍ ജൈവ വിഘടനം നടക്കുന്നില്ല.

സ്വാഭാവികമായി ഉണ്ടാകുന്ന സെല്ലുലോസ് സ്വാഭാവികമായി ഇല്ലാതാകുമ്പോള്‍ കൃത്രിമമായി ഉണ്ടാക്കപ്പെടുന്ന പോളിത്തീന്‍
സ്വാഭാവിക ഉന്‍മൂലനത്തിനു വഴങ്ങുന്നില്ല.

ഈ സാമാന്യ യുക്തി കൊണ്ടു തന്നെ രാസ-ജൈവ ഏകത്വ വാദത്തിന്റെ പൊള്ളത്തരം വെളിപ്പെടും. ജൈവ വിഘടനത്തിലുള്ള ഈ വ്യത്യാസം തന്നെയാണ് എന്‍ഡോസള്‍ഫാനെയും വേപ്പെണ്ണ മിശ്രിതത്തെയും വ്യത്യസ്തമാക്കുന്നത്.

എന്‍ഡോസള്‍ഫാനെ പോലെ രാസ വ്യവസായ ശാലയിലെ കൃത്രിമ സാഹചര്യങ്ങളിലല്ലല്ലോ വേപ്പെണ്ണ മിശ്രിതം ഉണ്ടാക്കപ്പെട്ടിട്ടുള്ളത്.

മരണകാരി എന്ന അര്‍ത്ഥത്തില്‍ എന്‍ഡോസര്‍ഫാനെ പോലെ വിഷം തന്നെയാണ് ഉമ്മത്തിന്‍ കായയും എന്ന് വാദത്തിനു വേണ്ടി സമ്മതിക്കുന്നു, എന്നാല്‍ ഉമ്മത്തിന്‍ കായ വീണടിഞ്ഞ മണ്ണില്‍ വളരുന്ന തെങ്ങിലെ കരിക്ക് കുടിച്ചാല്‍ നിങ്ങള്‍ ചാകില്ല. തലമുറകളിലൂടെ സഞ്ചരിച്ച് ഉമ്മത്തിന്‍ കായ മക്കളെയും കൊച്ചു മക്കളെയും കയ്യില്ലാത്തവരും തലയില്ലാത്തവരുമൊക്കെയായി ജനിപ്പിച്ചതായും അറിയില്ല. ജൈവ കീടനിയന്ത്രണ വസ്തുക്കള്‍ മിക്കവയും റിപ്പല്ലന്റ്‌സ് ആണല്ലോ (മണം കൊണ്ടും രുചികൊണ്ടും കീടങ്ങളെ അകറ്റുന്നവ) ഇവയാണെങ്കില്‍ വളരെ വേഗം സ്വാഭാവിക ജൈവ വിഘടനത്തിന് വിധേയമാകുകയും ചെയ്യുന്നു.

രാസകീടനാശിനികളും രാസവളങ്ങളും ഏറിയകൂറും പെട്രോളിയം ഉല്‍പന്നങ്ങളും ഖനിജ വസ്തുക്കളുമാണ്. പെട്രോളിയം ഈ ഭൂമിയില്‍ ഇനി എത്ര കാലത്തേക്കാണ് ഉണ്ടാവുക. ഖനിജങ്ങളുടെ സ്ഥിതിയും മറ്റൊന്നല്ലല്ലോ. അപ്പോള്‍ രാസകൃഷി സുസ്ഥിരം(Sustainable ) ആണോ? നാള്‍ക്കു നാള്‍ തീര്‍ന്നുവരുന്ന വിഭവങ്ങള്‍ കൊണ്ട് നടത്തപ്പെടുന്ന രാസകൃഷി അപ്പോള്‍ എങ്ങനെ ഭാവി തലമുറയ്ക്ക് കൂടി വേണ്ടിയുള്ള കാര്‍ഷിക മാര്‍ഗമാകും?

ഇനി ജൈവ കൃഷിയേക്കാള്‍ ലാഭകരമാണ് രാസകൃഷി എന്ന വാദത്തിലേക്കു വരാം.

രാസകൃഷി ലാഭമായി കര്‍ഷകര്‍ക്ക് അനുഭവപ്പെടാനുള്ള കാരണം രാസവളത്തിനും കീടനാശിനിയ്ക്കുമെല്ലാം സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നതു കൊണ്ടു മാത്രമാണ്.. ജൈവ വളത്തിനും കീടനാശിനിയ്ക്കും സര്‍ക്കാര്‍ ആനുകൂല്യത്തിന്റെ ഈ പരിലാളനയുമില്ല.

ജൈവ കാര്‍ഷിക വസ്തുക്കള്‍ മിക്കപ്പോഴും കര്‍ഷകര്‍ സ്വയം നിര്‍മിക്കുന്നവയും വികേന്ദ്രീകൃത ഉല്‍പാദന സമ്പ്രദായത്തിന്റെ ഭാഗവുമാണ്. എന്നാല്‍ രാസമൂലധന കേന്ദ്രീകൃതമായ ഒന്നാണ്. വന്‍കിടക്കാര്‍ക്ക് വ്യാവസായികമായി കേന്ദ്രീകൃതമായി മാത്രം ഉല്‍പാദിപ്പിക്കാനാവുന്ന ഒന്നാണത്. വലിയ മുതല്‍ മുടക്കാവശ്യമുള്ള വലിയ വ്യവസായങ്ങളാണവ.

വലുതായി മുതല്‍ മുടക്കുന്നവര്‍ക്ക് വലുതായി ലാഭവും ആവശ്യമത്രേ. ആ ലാഭം അവര്‍ക്ക് തീര്‍ച്ചയായും കിട്ടുന്നുണ്ട് ഈ സാമ്പത്തിക ഭാരം മുഴുവനായും കര്‍ഷകന്റെ തലയില്‍ വയ്ക്കാതെ കുറച്ച് സര്‍ക്കാര്‍ വഹിക്കുന്നു. അതായത് രാജ്യത്തെ ദരിദ്ര നാരായണന്‍ മാരുള്‍പ്പടെ സകല മനുഷ്യരുടെയും തലയില്‍ വയ്ക്കുന്നു എന്നര്‍ത്ഥം.

കേന്ദ്രീകൃത ഉല്‍പാദനം സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണവും അതിന്റെ കാര്‍ബണ്‍ ഫൂട് പ്രിന്റ്റും അതുവഴിയുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും എല്ലാം ഉല്‍പാദനച്ചിലവിന്റെ ഭാഗമായി പരിഗണിച്ചാല്‍ മാത്രമേ രാസവളത്തിന്റെയും രാസ കീടനാശിനിയുടെയും യഥാര്‍ത്ഥ വില വ്യക്തമാകുകയുള്ളൂ.

മേല്‍പ്പറഞ്ഞ രീതിയില്‍ ജൈവകൃഷിയുടെ സാമ്പത്തിക ബാധ്യതയും വിലയിരുത്തപ്പെടട്ടേ. കൃഷി മണ്ണിലും അന്തരീക്ഷത്തിലും വെള്ളത്തിലും സസ്യജന്തുജാലങ്ങളിലും ഇവയെല്ലാം ചേര്‍ന്ന ആവാസവ്യവസ്ഥയിലും ഉണ്ടാക്കുന്ന ആഘാതവും അതിന്റെ ലാഭനഷ്ടവും കൂടി വിലയിരുത്തപ്പെടണം.

നൈട്രജന്‍ വളങ്ങളുടെ ഉപയോഗത്തിലൂടെ അന്തരീക്ഷത്തിലെത്തുന്ന നൈട്രസ് ഓക്‌സൈഡ് ഉണ്ടാക്കുന്ന ഹരിത ഗൃഹ പ്രഭാവത്തെയും അതുണ്ടാക്കുന്ന ആഗോളതാപനത്തെയും പോലും ഇത്തരത്തില്‍ പരിഗണിക്കണം.

തുടര്‍ച്ചയായ യന്ത്രവല്‍കൃത രാസകൃഷിയിലൂടെ ഓര്‍ഗാനിക് കാര്‍ബണ്‍ കുറഞ്ഞ് അമേരിക്കയിലും യൂറോപ്പിലുമെല്ലാം ഓരോ വര്‍ഷവും തരിശിടുന്ന പതിനായിരക്കണക്കിനു ഹെക്ടര്‍ കൃഷിയിടങ്ങളെ കുറിച്ച് ആരും മിണ്ടാറില്ല. കൃത്യമായ അളവില്‍ മണ്ണറിഞ്ഞ് ജൈവ-രാസ സംയോജനത്തിലൂടെ കൃഷി ചെയ്യണമെന്നാണ് ചില കൃഷി ശാസ്ത്രജ്ഞരുടെ പ്രധാന ഉപദേശം. ഫോര്‍ഡ് ഫൗണ്ടേഷന്റെയും റോക്ക് ഫെല്ലര്‍ ഫൗണ്ടേഷന്റെയും നാട്ടുകാര്‍ക്ക് ജൈവ – രാസ സംയോജിത കൃഷിയുടെ ഗുണ ഗണങ്ങള്‍ അറിയാഞ്ഞിട്ടായിരിക്കുമോ!

ഇത്രയും കാലത്തെ കാര്‍ഷിക അനുഭവത്തിലൂടെ മണ്ണ് പരിശോധിക്കാനും ഓര്‍ഗാനിക് കാര്‍ബണ്‍ അളന്ന് മനസ്സിലാക്കാനും ഇടയ്ക്ക് അല്‍പം ജൈവ പദാര്‍ത്ഥങ്ങള്‍ മണ്ണില്‍ ചേര്‍ക്കാനും ആധുനിക കൃഷിയുടെ പറുദീസയില്‍ ആരും കാര്യമായി ശ്രമിക്കാത്തത് എന്തുകൊണ്ടായിരിക്കും?

ഇനി മലയാളിക്കുള്ളതായി ആരോപിക്കപ്പെടുന്ന ആഗോള ഗൂഢാലോചനാ ഭീതി.

ഒന്നാമതായി അതിനുള്ള കാരണം ഉയര്‍ന്ന സാക്ഷരതയാണ്
രണ്ടാമത്തെ കാരണം രവിചന്ദ്രനെ പോലുള്ള യുക്തിവാദികളും ശ്രീകുമാറിനെ പോലുള്ള ശാസ്ത്ര സാഹിത്യ പരിഷത്തുകാരും ഒക്കെ ചേര്‍ന്ന് വളര്‍ത്തിയെടുത്ത ശാസ്ത്ര അവബോധമാണ്.

മൂന്നാമത്തെ കാരണം ഇടതു ബോധത്തിന്റെയും ഗാന്ധിസത്തിന്റെയും സ്വാധീനമാണ്..

സി.രവിചന്ദ്രന്റെയും ഡോ. ശ്രീകുമാറിന്റെയും വീക്ഷണത്തിന്റെ അങ്ങേയറ്റം പിന്‍തിരിപ്പനായ ഇടുങ്ങിയ അരാഷ്ട്രീയ ബോധത്തിന്റെ ഇളകിയാട്ടമാണ് മലയാളിക്കു നേരെയുള്ള ഈ പരിഹാസത്തില്‍ നിഴലിക്കുന്നത്.

ആഗോള വിത്ത്- കീടനാശിനി – ജൈവസാങ്കേതിക കോര്‍പ്പറേറ്റുകള്‍ക്കെതിരെ ലോകത്തില്‍ പ്രതിഷേധമുയരുന്ന ഏക സ്ഥലം കേരളമാണെന്നാണ് ഈ പരിഹാസം കേള്‍ക്കുമ്പോള്‍ തോന്നുക. ലോകബാങ്കിനും ഐ.എം.എഫിനും വ്യാപാര കരാറുകള്‍ക്കുമെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്ന ഒരേയൊരു ജനത മലയാളി സമൂഹമാണെന്ന രീതിയിലാണ് അദ്ദേഹത്തിന്റെ വാദം.

കോര്‍പ്പറേറ്റുകളും ഭരണകൂടങ്ങളും സ്വകാര്യ മൂലധനത്തിന്റെ വാഴ്ത്തുപാട്ടുകാരും ശാസ്ത്രത്തെ വ്യഭിചരിക്കുന്ന കുറച്ചു പേരും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കരാറുകളെ കുറിച്ചും പദ്ധതികളെ കുറിച്ചും തിരിച്ചറിവുണ്ടായിട്ടുള്ള ലോകമെങ്ങുമുള്ള ചെറുതും വലുതുമായ സമൂഹങ്ങളില്‍ ഒന്നു മാത്രമാണ് മലയാളികള്‍ എന്ന് അദ്ദേഹം മനസ്സിലാക്കുന്നത് നന്നായിരിക്കും.

ഇന്ത്യന്‍ വിത്തുല്‍പാദന രംഗത്തേക്കു കടന്നുവന്ന ആഗോളവിത്തു ഭീമനായ കാര്‍ഗിലിന്റെ കമ്പനി കെട്ടിടം ഇടിച്ചു തകര്‍ത്തത് കേരളത്തിലെ കര്‍ഷകരല്ല. മോണ്‍സാന്റോയുടെ ബി.ടി പരുത്തി പരീക്ഷണവയലുകള്‍ കത്തിച്ചു കളഞ്ഞത് കര്‍ണാടകയിലെയും ആന്ധ്രയിലെയും കര്‍ഷകരാണ് കേരളീയരല്ല.

ഉല്‍പാദക രാജ്യങ്ങളില്‍ പോലും നിരോധിക്കപ്പെട്ട എത്രയെത്ര രാസകീടനാശിനികളും കളനാശിനികളും ഇന്ത്യയില്‍ ഇപ്പൊഴും ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിലടക്കം എന്തുകൊണ്ടായിരിക്കാം അത്തരം വിഷവസ്തുക്കള്‍ നിരോധിക്കപ്പെട്ടത്. മിതവും കൃത്യവുമായ അളവില്‍ അവര്‍ക്കെല്ലാം അത് ഉപയോഗിക്കാമായിരുന്നില്ലേ. അതുമല്ലെങ്കില്‍ ഉല്‍പാദകര്‍ക്ക് മിതമായ ആ അളവ് അറിയില്ലെന്നുണ്ടോ?

ഇതൊന്നും ദോഷൈകദൃക്കായതുകൊണ്ടുള്ള അഭിപ്രായങ്ങളല്ല. രാസ കൃഷി വക്താക്കള്‍ വിവരിക്കുന്നതു പോലെ നിഷ്‌ക്കളങ്കമല്ല കാര്യങ്ങള്‍ എന്ന് തിരിച്ചറിയുന്നതു കൊണ്ടു പറയുന്നതാണ്.

കാര്‍ഷിക ഉല്‍പാദനത്തിന്റെ കുറവുകൊണ്ടല്ല ലോകത്തിലെ ഒട്ടുമിക്ക ക്ഷാമങ്ങളും ഉണ്ടായിട്ടുള്ളത് എന്നത് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. യുദ്ധവും ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനുള്ള ശേഷിയില്ലായ്മയും (ദാരിദ്യം ) സാമൂഹിക സാമ്പത്തിക അസമത്വവും പൂഴ്ത്തിവയ്പും വരള്‍ചയുമെല്ലാമായിരുന്നു ക്ഷാമങ്ങളുടെയെല്ലാം കാരണങ്ങള്‍.

ബംഗാള്‍ ക്ഷാമക്കാലത്ത് തെരുവില്‍ പുഴുക്കളെ പോലെ മനുഷ്യര്‍ വിശന്നു മരിക്കുമ്പോള്‍ കല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ സമ്പന്നരുടെ ആട്ടവും പാട്ടും നടക്കുമായായിരുന്നുവത്രേ. പട്ടിണികൊണ്ട് ജനങ്ങള്‍ മരിക്കുന്ന ഈ സമയത്തു തന്നെ കല്‍ക്കത്താ തുറമുഖത്തു നിന്നും യൂറോപ്പിലേക്ക് നിറയെ ധാന്യങ്ങളുമായി സൂയസ് കനാല്‍ വഴി ഒരു കപ്പല്‍ പോയതായി ജവഹര്‍ലാല്‍ നഹ്‌റു എഴുതിയിട്ടുണ്ട്.

നമ്മുടെ നാട്ടിലെ പല കര്‍ഷക സമരങ്ങളും ജന്മിമാരുടെ ധാന്യസംഭരണത്തിന് എതിരായിട്ടായിരുന്നു. കാവുമ്പായിയും കരിവെള്ളൂരും എല്ലാം ഉദാഹരണങ്ങളാണ്. കരിവെള്ളൂരില്‍ നടന്നത് തമ്പുരാന്റെ നെല്ലെടുപ്പ് തടയല്‍ സമരമാണ്. കര്‍ഷകര്‍ക്ക് കൂടി അവകാശപ്പെട്ട നെല്ല് ചിറയ്ക്കല്‍ കോവിലകത്ത് സംഭരിച്ചതായിരുന്നു ആ നാട്ടില്‍ ഭക്ഷ്യക്ഷാമമുണ്ടാക്കിയത്.

പതിനായിരക്കണക്കിനു മനുഷ്യര്‍ ഒട്ടിയ വയറുമായി കിടന്നുറങ്ങുന്ന നമ്മുടെ ഇന്ത്യാമഹാരാജ്യത്ത് കഴിഞ്ഞ 10 വര്‍ഷത്തിനകം മാത്രം പുഴുത്ത് കടലില്‍ തള്ളിയത് ലക്ഷക്കണക്കിനു ടണ്‍ ധാന്യങ്ങളാണ്.

ഇന്ന് ലോകത്ത് ആകെ ഉല്‍പാദിപ്പിക്കുന്ന ധാന്യങ്ങളുടെ 50 % വും ബയോ ഡീസല്‍ നിര്‍മാണത്തിനും കാലിത്തീറ്റ നിര്‍മാണത്തിനുമായാണ് ഉപയോഗിക്കുന്നത്. ലോക ജനസംഖ്യ 1000 കോടിയിലെത്തിയാലും അവര്‍ക്കെല്ലാമുള്ള ധാന്യ ഉല്‍പാദനം ഇപ്പോള്‍ തന്നെ നടക്കുന്നുണ്ട് എന്നര്‍ത്ഥം. അപ്പോള്‍ ഈ ക്ഷാമങ്ങളുടെയും പട്ടിണിയുടെയും കാരണം ഉല്‍പാദനക്കുറവല്ല വിതരണത്തിലെ പാകപ്പിഴകളാണെന്നു വ്യക്തം.

കൃഷിയുമായി ബന്ധപ്പെട്ട വിത്ത് , വളം, കീടനിയന്ത്രണം, സാങ്കേതിക വിദ്യ, യന്ത്രങ്ങള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്ന അഞ്ചോ പത്തോ കോര്‍പ്പറേറ്റുകളാണ് എല്ലാം തീരുമാനിക്കുന്നത്. ജനാധിപത്യ ഭരണകൂടങ്ങളുടെ നയരൂപീകരണത്തെയും വാര്‍ഷിക ബഡ്ജറ്റിനെയുമെല്ലാം സ്വാധീനിക്കാന്‍ ശേഷിയുള്ളവരാണ് റോക്ക് ഫെല്ലര്‍ ഫൗണ്ടേഷന്റെ ഈ പിന്‍മുറക്കാര്‍.

ഈ രാഷ്ട്രീയത്തെയാണ് ബോധപൂര്‍വ്വം ഇത്തരം രാസകൃഷി ആരാധകര്‍ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നത്.
ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവായ സ്വാമിനാഥന്‍ പോലും ജൈവ കൃഷിയെ വാഴ്ത്തിത്തുടങ്ങിയെന്ന് സമ്മതിക്കാനുള്ള വല്ലാത്ത വൈമനസ്യമാണ് മിക്കകൃഷി ശാസ്ത്രജ്ഞര്‍ക്കും. ജൈവകൃഷി കുറ്റമറ്റ സമ്പ്രദായമാണെന്നൊന്നും ആര്‍ക്കും അഭിപ്രായമില്ല. ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തി പോരായ്മകള്‍ പരിഹരിക്കേണ്ടതുണ്ട്.

ഗവേഷണങ്ങള്‍ കോര്‍പ്പറേറ്റ് ഫണ്ട് കൊണ്ടാകുമ്പോള്‍ തികച്ചും വികേന്ദ്രീകൃതമായ ജൈവകൃഷി ഗവേഷണ വിഷയമാകാത്തത് തീര്‍ത്തും സ്വാഭാവികം മാത്രം.

ശാസ്ത്രം സത്യമാണ് ഞങ്ങളാരും ശാസ്ത്ര വിരുദ്ധരുമല്ല. എന്നാല്‍ സാങ്കേതികവിദ്യയിലുള്ള അതിരുകടന്ന ആത്മവിശ്വാസത്തെ ശാസ്ത്രീയം എന്നു വിശേഷിപ്പിക്കരുത്. സാങ്കേതികവിദ്യ ചില ശാസ്ത്രീയ തത്വങ്ങളെ പ്രയോജനപ്പെടുത്തുന്നു എന്നതു ശരിയാണ്, അതെല്ലായ്‌പ്പൊഴും നന്‍മയ്ക്കായിരിക്കണമെന്നുമില്ല. ആറ്റംബോംബും ഒരു ശാസ്ത്രീയ കണ്ടുപിടുത്തമല്ലേ.

ശാസ്ത്രവും സാങ്കേതിക വിദ്യയും ആരാണ് പ്രയോജനപ്പെടുത്തുന്നത് എന്നത് പ്രധാനമാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടേ കാര്‍ഷിക സാങ്കേതിക വിദ്യകളെ ഇന്ന് കയ്യാളുന്നത് മോണ്‍സാന്റോയെ പോലുള്ള ബഹുരാഷ്ട്ര കുത്തകകളാണ്. അവര്‍ ക്ഷാമത്തിന്റെ ദൈന്യതയുടെ ചിത്രങ്ങള്‍ കാണിച്ച് വിത്തും വളവും കീടനിശിനിയും കളനാശിനിയും വില്‍പന നടത്തും.

പട്ടിണി കിടന്ന് മൃതപ്രായമായ എല്ലുന്തിയ ശരീരങ്ങളാണ് അവരുടെ മികച്ച പരസ്യ ദൃശ്യങ്ങള്‍, പട്ടിണി കിടന്ന് മരിക്കുന്നവര്‍ അത്യുല്‍പാദനത്തിന്റെ മൊത്തവിപണനക്കാര്‍ക്ക് സ്വന്തം വ്യവസായം വളര്‍ത്താനുള്ള നല്ല അവസരമാണൊരുക്കുന്നത്. ക്ലോസറ്റിലെ കീടാണുക്കളെ പെരുപ്പിച്ച് കാണിച്ചാല്‍ മാത്രമേ ക്ലീനിംഗ് ലോഷന്‍ കച്ചവടം അഭിവൃദ്ധിപ്പെടുകയുളളു എന്ന് ലോഷന്‍ നിര്‍മാതാക്കള്‍ക്കു നന്നായറിയാം.

ക്ലോസറ്റിലെ കീടാണുക്കളാണ് ക്യാന്‍സര്‍ മുതല്‍ എയ്ഡ്‌സിനു വരെ കാരണമെന്ന് പ്രചരിപ്പിച്ചാല്‍ സംഗതി കൂടുതല്‍ എളുപ്പമാകും. കീടാണു ക്ലോസറ്റിലായാലും സ്റ്റതസ്‌ക്കോപ്പും തൂക്കി ഒരു വെള്ളക്കുപ്പായക്കാരന്‍ വന്നു പറഞ്ഞാല്‍ എളുപ്പം വിശ്വാസ്യതയും നേടാം.

നിങ്ങള്‍ കൃഷി ശാസ്ത്രജ്ഞനാണെങ്കില്‍ എന്ത് കാര്‍ഷിക വിവരക്കേടും നിര്‍ലജ്ജം ധൈര്യമായി പറയാം എന്നര്‍ത്ഥം. വിശന്നു ചാകാനൊരുങ്ങുന്ന മനുഷ്യ ശരീരത്തില്‍ കൊതിയോടെ കണ്ണും നട്ടിരിക്കുന്നത് ഒരു കഴുകന്‍ മാത്രമല്ല, ഇത്തരം ഒരായിരം കോര്‍പ്പറേറ്റ് കഴുകന്‍മാര്‍ കൂടിയാണ്.

പ്രിയ ശാസ്ത്രജ്ഞാനികളേ ആ പുസ്തകത്തിന്റെ പേര് കാര്‍ട്ടറുടെ കഴുകന്‍ എന്നതു മാറ്റി മോണ്‍സാന്റോയുടെ കഴുകന്‍ എന്നാക്കാമോ.

(പ്രശസ്ത യുക്തിവാദി സി.രവിചന്ദ്രനും ഡോ. കെ.എം ശ്രീകുമാറും ചേര്‍ന്ന് എഴുതിയ പുസ്തകം മുന്നോട്ടുവയ്ക്കുന്ന ആശയണളോടുള്ള ഒരു പ്രതികരണമാണിത്.)

Advertisement