ന്യൂദല്‍ഹി: പൗരന്‍മാര്‍ക്കെല്ലാം പന്ത്രണ്ടക്ക തിരിച്ചറിയല്‍ നമ്പര്‍ (ആധാര്‍) നല്‍കുന്ന പദ്ധതിയെച്ചൊല്ലി ആസൂത്രണ കമ്മീഷനും ആഭ്യന്തരവകുപ്പും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കത്തിന് പരിഹാരമായി. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആധാര്‍ നമ്പറിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് 61 കോടിയോളം പേരുടെ വിവരശേഖരണത്തോടെ അവസാനിക്കും. ഇന്ത്യന്‍ പൗരന് ഇനി ആധാര്‍ എന്ന തിരിച്ചറിയല്‍ കാര്‍ഡും ദേശീയ ജനസംഖ്യാ കാര്‍ഡുമുണ്ടാകും.
ആധാര്‍ എടുക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും ജനസംഖ്യാ കാര്‍ഡ് ഉണ്ടായേ മതിയാവൂ. ആധാര്‍കാര്‍ഡ് 16 സംസ്ഥാനങ്ങളിലെ 40 കോടി ആളുകള്‍ക്ക് കൂടി നല്‍കുന്നതിനും ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പദ്ധതി നിലനില്‍ക്കുമ്പോള്‍ ആധാര്‍ പദ്ധതിക്ക് കീഴിലുള്ള ബയോമെട്രിക് വിവരങ്ങളുടെ ശേഖരണം ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ആഭ്യന്തര വകുപ്പ്. മാത്രമല്ല ആധാര്‍ പദ്ധതി വലിയ സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
16 സംസ്ഥാനങ്ങളില്‍ കൂടുതല്‍ പേരെ ആധാര്‍ പദ്ധതിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ജൈവ അടയാള കണക്കെടുപ്പ് ദേശീയ ജനസംഖ്യാ രജിസ്‌ട്രേഷന്റെ കീഴില്‍ മതിയെന്നാണ് ഇന്നലത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. നന്ദന്‍ നിലക്കേനിയുടെ നേതൃത്വത്തിലുള്ള യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് 5,791.74 കോടി രൂപ കൂടി അനുവദിക്കാനും മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചു. യു.ഐ.ഡി.എ.ഐ യുടേയും ജനസംഖ്യാ സെന്‍സസ് വിഭാഗത്തിന്റെയും മുഴുവന്‍ പ്രക്രിയകളും ജൂണോടെ പൂര്‍ത്തിയാകും.
കാര്‍ഡുകള്‍ നല്‍കുന്ന കാര്യത്തില്‍ ആസൂത്രണ കമ്മീഷനും ആഭ്യന്തര മന്ത്രാലയവും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ അഭ്യന്തര മന്ത്രാലയവും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു. ആധാറും ജനസംഖ്യാ സെന്‍സസും തമ്മില്‍ വിവരങ്ങളുടെ കാര്യത്തില്‍ അന്തരമുണ്ടെങ്കില്‍ ജനസംഖ്യാ സെന്‍സസ് തന്നെയാവും ആധികാരികമെന്നും അദ്ദേഹം വ്യക്തമാക്കി.