Administrator
Administrator
തിരിച്ചറിഞ്ഞത് സാംസ്‌കാരിക രംഗത്തെ ശൂന്യത
Administrator
Saturday 27th February 2010 10:27pm

ടന്‍ തിലകനെ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന് സിനിമയില്‍ നിന്ന് വിലക്കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഇനിയും അവസാനിച്ചില്ല. തന്നെ വിലക്കിയതിന് പിന്നില്‍ താര സംഘടനയായ അമ്മയും ഒരു സൂപ്പര്‍ സ്റ്റാറുമാണെന്ന് തിലകന്‍ ഏറെ ദിവസമായി മലയാളികളോട് നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുകയാണ്. മലയാള സിനിമയില്‍ നിന്ന് ആര്‍ക്കും അത്ര എളുപ്പത്തിലൊന്നും തിലകന്‍ എന്ന പേര് മായ്ച്ചുകളയാല്‍ കഴിയില്ല.

മലയാള സിനിമാ ലോകത്തിന് വലിയ സംഭാവനകള്‍ നല്‍കിയ തിലകന്റെ ഈ പരാതി ഏറ്റുപിടിക്കാനോ എന്താണ് പ്രശ്‌നമെന്ന് ചോദിക്കാനോ സിനിമാ ലോകത്ത് നിന്ന് ആരും വന്നില്ല. സൂപ്പര്‍ സ്റ്റാറുകള്‍ പങ്കുവെച്ച പ്രേക്ഷക ലോകത്തിന് പുറത്തുള്ള മലയാളികളും അതിന് തയ്യാറായില്ല. കാനം രാജേന്ദ്രന്റെ ഭാഷ കടമെടുത്താല്‍ അടുത്ത ആചാര വെടിക്കുള്ള ഊഴം കാത്ത് കിടക്കുന്ന സാംസ്‌കാരിക വകുപ്പും അങ്ങോട്ട് തിരഞ്ഞ് നോക്കിയില്ല.

അങ്ങിനെയിരിക്കുമ്പോഴാണ് ഡോ, സുകുമാര്‍ അഴീക്കോടെന്ന സാംസ്‌കാരിക നേതാവ് ഏറെ പ്രതീക്ഷ നല്‍കി തിലകന് പിന്തുണയുമായി രംഗത്ത് വന്നത്. ഫാന്‍സ് ഭ്രമില്ലാത്ത കേരളീയ സിനിമാ ലോകത്തെയും സാംസ്‌കാരമുള്ളവരെയും ഏറെ സന്തോഷിപ്പിച്ച ഒന്നായിരുന്നു അത്. കേരള ചരിത്രത്തിന്റെ എല്ലാ കാലത്തും പ്രതിലോമ നിലപാടുകള്‍ക്കൊപ്പം നിന്ന ഒരു മനുഷ്യന്‍ ആദ്യമായെങ്കിലും ശരിയായ നിലപാടിലേക്ക് നീങ്ങുന്നുവെന്നതിന്റെ തെളിവായായിരുന്നു അതിനെ എല്ലാവരും കണ്ടത്.

വിമോചന സമരത്തെ അനകൂലിച്ച് പുസ്‌കമെഴുതിയ അഴീക്കോട് അടിയന്തിരാവസ്ഥക്ക് ശേഷം യുവജനോത്സവ വേദിയിലെത്തിയ കെ കരുണാകരനെ തടയാനെത്തിയ എസ് എഫ് ഐക്കാരെ നേരിട്ട പോലീസുകാരെ യാഗം മുടക്കാനെത്തിയ അസുരന്‍മാരെ നേരിട്ട ദേവന്‍മാരോട് ഉപമിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീഷ്ണമായ പോരാട്ട നാളുകളില്‍ പാര്‍ട്ടിയെ തള്ളിപ്പറയുകയും പാര്‍ട്ടി അധികാരത്തിന്റെയും ഭരണത്തിന്റെയും തണലിലെത്തിയപ്പോള്‍ അതിനൊപ്പം നില്‍ക്കുകയും ചെയ്ത ആള്‍ . പാര്‍ട്ടിയില്‍ തന്നെ ശരിയുടെ പക്ഷത്തെ എപ്പോഴും വിമര്‍ശിക്കാന്‍ ശ്രമിച്ചയാള്‍ . സുകുമാര്‍ അഴീക്കോട് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് ഇങ്ങിനെയൊക്കെയാണ്. എന്നിട്ടും മലയാളിയുടെ അത്രയൊന്നും ഉള്‍ക്കാഴ്ചയില്ലാത്ത സാംസ്‌കാരിക ബോധം പ്രസംഗത്തില്‍ നൂറ് തവണയെങ്കിലും ഞാനെന്ന് പറയുന്ന അദ്ദേഹത്തെ സാംസ്‌കാരിക നേതാവെന്ന് വിശേഷിപ്പിച്ചിരുന്നു.

പക്ഷെ ഇത് പ്രതീക്ഷക്ക് വക നല്‍കുന്നതായിരുന്നു. ചരിത്രത്തിന്റെ സഞ്ചാരങ്ങളിലെല്ലാം പ്രതിലോമതക്കൊപ്പം നടന്ന ഒരാള്‍ അവാസനം തിരിഞ്ഞു നടക്കുകയാണെന്ന് എല്ലാവരും കരുതി. മോഹന്‍ലാലുമായുള്ള അദ്ദേഹത്തിന്റെ വാഗ്വാദങ്ങള്‍ വ്യക്ത്യാധിഷ്ഠിതവും ഉയര്‍ന്നു വരേണ്ട സംവാദത്തെ അട്ടിമറിക്കാന്‍ സഹായിക്കുന്നതുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടപ്പോഴും അങ്ങിനെ കരുതാന്‍ പലരും തയ്യാറായില്ല.

മമ്മൂട്ടിയും മോഹന്‍ലാലുമെന്ന രണ്ട് നടന്‍മാര്‍ കേരള സിനിമക്ക് നല്‍കിയ സംഭാവനകള്‍ എല്ലാവര്‍ക്കും നല്ല ബോധ്യമുണ്ട്. എന്നാല്‍ ആ ബോധ്യങ്ങളൊന്നും അവര്‍ക്കെതിരെ ഉയരേണ്ട വിരലുകളെ വെട്ടിമാറ്റാനുള്ള ആയുധങ്ങളല്ല. സിനിമയിലെ കൃത്രിമമായ വേഷങ്ങളിലല്ല മനുഷ്യന്‍ ജീവിക്കുന്നത്. സിനിമാ ലോകം അനേകായിരങ്ങളുടെ അത്താണിയാണ്. കുടുംബം പുലര്‍ത്താനും വിശപ്പടക്കാനുമായി ആ കളത്തില്‍ കഷ്ടപ്പെടുന്ന ലൈറ്റ് ബോയിയുടെ സംഭാവന കൂടിയാണ് ഒരു സൂപ്പര്‍ ഹിറ്റ് സിനിമ. അവിടെ കിടമത്സരങ്ങളും ജയവും പരാജയവുമുണ്ടാകാം. പ്രതിഭയുടെ പിന്‍ബലത്തില്‍ ആര്‍ക്കും ജയിച്ച് കയറാം. എന്നാല്‍ പ്രതിഭ നല്‍കിയ അംഗീകാരവും സ്ഥാനവും അവര്‍ എങ്ങിനെ ഉപയോഗിക്കുന്നുവെന്ന് കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. സിനിമ ഒരു സാംസ്‌കാരിക മാധ്യമമാണ്. പ്രേക്ഷകര്‍ നല്‍കിയ അംഗീകാരം മറ്റുള്ളവരെ ചവിട്ടിത്താഴ്ത്താനോ നശിപ്പിക്കാനോ ഉപയോഗിക്കുമ്പോള്‍ അത് നോക്കി നിന്ന് ആസ്വദിക്കുന്നത് കുറ്റകരമായ മൗനമാണ്. നാളെ നാം വലിയ വില കൊടുക്കേണ്ടി വരുന്ന മാനം.

ഈ മൗനം പൊട്ടിച്ചെറിഞ്ഞ് രംഗത്ത് വന്ന അഴീക്കോടിനെ പക്ഷെ പഴയ ചരിത്രം വേട്ടയായിടിയിരിക്കാം. സിനമാരംഗത്ത് കോളിളക്കമുണ്ടായിട്ടും താന്‍ പരാമര്‍ശിക്കപ്പെട്ടിട്ടും തനിക്ക് ആരെയും ഒന്നും ബോധ്യപ്പെടുത്താനില്ലെന്ന ചിന്തയോടെ മിണ്ടാതിരുന്ന മമ്മൂട്ടി ഇന്ന് ഒരു വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴേക്കും അഴീക്കോടിന്റെ വിപ്ലവം ഒലിച്ചു പോയിരിക്കുന്നു. മമ്മൂട്ടി ഇന്ന് ഒന്നും പറഞ്ഞിട്ടില്ല. തിലകനെ മാന്യമായ ഒന്നു ചര്‍ച്ചക്ക് വിളിക്കാന്‍ പോലും തയ്യാറായില്ല. എന്നാല്‍ മമ്മൂട്ടിക്കിത് നേരത്തെ പറയാമായിരുന്നല്ലോയയെന്ന് പഞ്ഞ് അഴീക്കോട് പിന്‍വാങ്ങിയിരിക്കയാണ്. ഒരു തരത്തില്‍ അഴീക്കോട് പ്രശ്‌നം കൂടുതല്‍ വഷളാക്കി പിന്‍വലിഞ്ഞിരിക്കയാണെന്ന് പറയേണ്ടി വരും. യുദ്ധ രംഗത്ത് പാതി വഴിയില്‍ വെച്ച് പിന്തിരിയുന്ന പടയാളിയുടെ ഭീരുത്വാണ് അദ്ദേഹത്തിന്റെ മുഖത്ത് നിന്നും വായിക്കാന്‍ കഴിയുന്നത്.

കേരളീയ സാംസ്‌കാരിക ലോകത്തെ ശൂന്യത നാം സ്വയം തിരിച്ചറിയുന്ന സമയമാണിത്. ഈ തിരിച്ചറിവ് തന്നെ വലിയ അറിവായി സ്വയം സമാധാനിക്കാം. ഇനി ചാവേറാകാന്‍ തിലകന്‍ മാത്രം.

Advertisement