ഗുജറാത്ത് വിധിയെഴുതാനൊരുങ്ങുമ്പോള്‍ ബി.ജെ.പിയെ ഭയപ്പെടുത്തുന്നതെന്ത്?
Daily News
ഗുജറാത്ത് വിധിയെഴുതാനൊരുങ്ങുമ്പോള്‍ ബി.ജെ.പിയെ ഭയപ്പെടുത്തുന്നതെന്ത്?
എഡിറ്റര്‍
Monday, 4th December 2017, 1:06 pm

 

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ മുഖ്യഎതിരാളികളായ ബി.ജെ.പിയുടെയും കോണ്‍ഗ്രസ്സിന്റെയും ഒട്ടുമിക്ക മുതിര്‍ന്ന നേതാക്കളും ഗുജറാത്തില്‍ പര്യടനം നടത്തിവരികയാണ്. 2002 ലെ ഗുജറാത്ത് കലാപത്തിനുശേഷമുള്ള മറ്റുതിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ ഒരുബലാബല പരീക്ഷണത്തിനാണ് ഇക്കുറി ഗുജറാത്ത് വേദിയാവുന്നത്.

രാജ്യം ഭരിക്കുന്ന ബി.ജെ.പിയെ സംബന്ധിച്ചടത്തോളം പത്തിരുപതുവര്‍ഷമായി ഈസിവാക്കോവര്‍ മാത്രമായിരുന്ന ഗുജറാത്തില്‍ അതിശക്തമായ മത്സരമാണ് ഈപ്രാവശ്യം അവര്‍ നേരിടുന്നത്. രാജ്യത്തെ പ്രമുഖമാധ്യമങ്ങള്‍ എല്ലാം നടത്തിയ അഭിപ്രായ സര്‍വേകളില്‍ മുന്‍തൂക്കം ബി.ജെ.പി.ക്ക് പ്രവചിക്കുന്നുണ്ടെങ്കിലും അത്രലളിതമല്ല കാര്യങ്ങള്‍. ഇത് ഏറ്റവും നന്നായി തിരിച്ചറിഞ്ഞിട്ടുള്ളതും ബി.ജെ.പി തന്നെയാണ്.

തിരഞ്ഞെടുപ്പ് ചരിത്രത്തിലിന്നോളം കണ്ടിട്ടില്ലാത്ത പലതട്ട് തരികിട വിദ്യകളും അവര്‍ പയറ്റുന്നതും ഈതിരിച്ചറിവിന്റെ വെളിച്ചത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ചു തിരഞ്ഞെടുപ്പ് ആവുന്നത്ര വൈകിപ്പിക്കലില്‍ തുടങ്ങി, കേന്ദ്രഗവണ്‍മെന്റിന്റെ അഭിമാനമായി നേതാക്കള്‍ പലവുരു ആവര്‍ത്തിച്ചുകൊണ്ടിരുന്ന ജി.എസ്.ടിയില്‍ തിരഞ്ഞെടുപ്പിനോട് അടുപ്പിച്ചു മാറ്റങ്ങള്‍ വരുത്തിയതുവരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍.

Image result for gujarat elections

 

മുതിര്‍ന്ന നേതാക്കളായ നരേന്ദ്രമോദിയും അമിത്ഷായും മറ്റുപ്രധാന പരിപാടികളൊക്കെ മാറ്റിവച്ചു ഗുജറാത്തില്‍ പലതവണ തമ്പടിച്ചു. എന്താണ് ബി.ജെ.പിയുടെ ഈഭീതിക്ക് പിറകില്‍? പെട്ടെന്ന് ഒരുപദ്ധതി രൂപീകരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത രീതിയില്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുളള പലഘടങ്ങള്‍ ഇത്തവണ ഉണ്ട്. ഈഘടകങ്ങള്‍ എല്ലാം പ്രത്യക്ഷത്തില്‍ എതിരാളികള്‍ക്ക് അനുകൂലവുമാണ്.

ഇവയെല്ലാം തിരഞ്ഞെടുപ്പിനെ എത്രത്തോളം സ്വാധീനിക്കുംഎന്ന് പറയുന്നത് ഇപ്പോഴും അസാധ്യമാണെങ്കിലും, ഇതുവരെ പപ്പുഎന്നു വിളിച്ചു കളിയാക്കികൊണ്ടിരുന്ന രാഹുല്‍ഗാന്ധിയുടെ യോഗങ്ങളില്‍ തടിച്ചുകൂടുന്ന ജനം ബി.ജെ.പിയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നുണ്ട്.

ഈഒരു അനുകൂലാവസ്ഥ മുതലെടുക്കാന്‍ കോണ്‍ഗ്രസ്സിനാവുമോ എന്നാണു രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നതു. ഗുജറാത്തിന്റെ പലപ്രാന്തപ്രദേശങ്ങളിലും ചെറിയതരത്തിലുള്ള ഉയിര്‍ത്തഴുനേല്‍പ്പ് നടത്താന്‍ കോണ്‍ഗ്രസ്സിന്‌സാധിച്ചിട്ടുണ്ട്.

Image result for gujarat election rahul gandhi

 

പലതവണ രാഹുല്‍ഗാന്ധി പങ്കെടുത്തുകൊണ്ടുള്ള തിരഞ്ഞെടുപ്പ് ജാഥകള്‍ സംഘടിപ്പിച്ചു എന്നുള്ളതൊഴിച്ചാല്‍ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിക്കുന്നതരത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഒന്നും കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് കാണാനാവുനില്ല. മാത്രമല്ല കോണ്‍ഗ്രസിനോടള്ള അമര്‍ഷവും അവിശ്വാസതയും നല്ലൊരുഭൂരിപക്ഷം ഇപ്പോഴുംവച്ച് പുലര്‍ത്തുന്നു.

അഹമ്മദാബാദിലെ സിവില്‍ഹോസ്പിറ്റല്‍ ജീവനക്കാരനായ ഹിമാന്‍ഷുപട്ടേല്‍ ചോദിക്കുന്നചോദ്യം തന്നെയാണ് കണ്ടുമുട്ടിയപലരും ചോദിക്കുന്നതു. “ബി.ജെ.പി സെ ഹം പരിശാന്‍.ഹേ, പരന്തൂ സര കിസ്‌കോ കറേന്‍ഗേ വോട്ട് ?, കോണ്‍ഗ്രസ്സ് സെ പഹേലെ സെഹി പരിശാന്‍ഹേ ” (ബി.ജെ.പിയെകൊണ്ട് ഞങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. പക്ഷെ.വേറെ ആര്‍ക്കു.വോട്ട്‌ചെയ്യും? കോണ്‍ഗ്രസ്സിനെ.കൊണ്ട് മുന്‍പേ പൊറുതിമുട്ടിയതാണ്)

കോണ്‍ഗ്രസ്സിനെ കൂടാതെ മറ്റൊരു എതിരാളി ഗുജറാത്തില്‍ ഇല്ല എന്നതും, ശക്തമായ ഒരുപ്രാദേശിക നേതൃത്വം പ്രധാന എതിരാളിയായ കോണ്‍ഗ്രസ്സിന് ഇല്ല എന്നുള്ളതും ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഈപ്രതിസന്ധിഘട്ടത്തിലും ഇപ്പോഴും അനുകൂല ഘടകങ്ങള്‍ ആണെന്ന് ചുരുക്കം.

Image result for gujarat election quint

 

ജാതിഘടകങ്ങള്‍ അതിസ്വാധീനം ചെലുത്തുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പുകളില്‍ ഒരുപ്രബലവിഭാഗമായ പട്ടീല്‍ദാര്‍ സമുദായത്തിന്റെ പിന്തുണ കാലാകാലങ്ങളായി അനുഭവിച്ചുവരുന്നത് ബി.ജെ.പി ആയിരുന്നു. എന്നാല്‍ ഇത്തവണ ഈ.പിന്തുണ അനിശ്ചിതത്വത്തിലാണ്. സംവരണ ആവശ്യം ഉന്നയിച്ചുകൊണ്ട് ഈവിഭാഗത്തിലെ ജനങ്ങളെ.സംഘടിപ്പിച്ചു കൊണ്ട് വലിയ മുന്നേറ്റമാണ് പട്ടേല്‍സമുദായ നേതാവായ ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിക്കെതിരെ നടത്തിയിരിക്കുന്നത്.

വലിയ ആള്‍ക്കൂട്ടങ്ങളാണ് അദ്ദേഹം സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ഹര്‍ദിക് പട്ടേല്‍ സ്വാധീനം ചെലുത്തുന്ന ഓരോവോട്ടും ബി.ജെ.പിയുടെ അക്കൗണ്ടില്‍ നിന്നുള്ള ചോര്‍ച്ചയായിരിക്കുമെന്നുള്ളത് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത കാര്യമാണ്.

ഇയാളെഅനുനയിപ്പിക്കാന്‍ പണം വാഗ്ദാനം ചെയ്യുന്നതടക്കം വൃഥാവിലായ പലപരിപാടികളും ബി.ജെ പി പരീക്ഷിച്ചു നോക്കിയിരുന്നു. ഈസാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ പത്തുദിവസത്തിനകം സംവരണം നടപ്പാക്കുമെന്ന് ഉറപ്പുകൊടുത്തു ഇവരെകൂടെ ചേര്‍ത്തിരിക്കുകയാണ്.

Related image

സംസ്ഥാനത്തുടനീളം നടക്കുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെ ദളിതരെ സംഘടിപ്പിച്ചുകൊണ്ട് ജിഗ്‌നേഷ് മേവാനി എന്ന മറ്റൊരു യുവാവും ബി.ജെ.പിക്കു മോശമല്ലാത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്.

മറ്റൊരു യുവനേതാവായ അല്‍പ്പേഷ് താക്കൂര്‍ ഒ.ബി.സി വിഭാഗങ്ങളെയും സംഘടിപ്പിച്ചു സമാനമായ കേന്ദ്രീകരണം നടത്തുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ അണികള്‍ പാരമ്പര്യ കോണ്‍ഗ്രസ്സ് അനുകൂലികള്‍ ആണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

മണ്ഡല അടിസ്ഥാനത്തില്‍ എത്രത്തോളം വോട്ടുകള്‍ ഈയുവനേതാക്കള്‍ക്ക് അനുകൂലമായി വിധിയെഴുതുന്നു എന്നത് തിരഞ്ഞെടുപ്പ് ഫലത്തെകാര്യമായി സ്വാധീനിക്കും. നിലവില്‍ ഇവരുടെ ശക്തിവിലയിരുത്തപ്പെടുന്നത് അവരുടെയോഗങ്ങളില്‍ പങ്കെടുക്കുന്ന ആള്‍ക്കൂട്ടത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. കോണ്‍ഗ്രസിന്റെ സഹായത്തോടെ ആണ് ഈപങ്കാളിത്തം എന്നും ഈവിഭാഗങ്ങളില്‍പ്പെട്ട പലരും അഭിപ്രായപ്പടുന്നുമുണ്ട്.

പക്ഷെ ഈജാതീയഘടങ്ങങ്ങളെക്കാള്‍ ഏറെ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള പ്രധാനപ്പെട്ടകാര്യം നോട്ടുനിരോധനം കൊണ്ടും ജി.എസ്.ടി.നടപ്പാക്കിയതിലെ അപാകതകള്‍കൊണ്ടും ചെറുകിട കച്ചവടക്കാരും കര്‍ഷകരും അനുഭവിച്ച ദുരതങ്ങളുമാവാം. കച്ചവടം നഗരങ്ങളില്‍ മിക്കകുടുംബങ്ങളുടെയും ജീവനോപാധി. എന്നാല്‍ നോട്ടുനിരോധനംമൂലം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ തങ്ങളുടെ ഉപജീവനമാര്‍ഗ്ഗം ഉപേക്ഷിക്കേണ്ടിവന്ന കച്ചവടസമൂഹം തിരഞ്ഞെടുപ്പിലൂടെ എങ്ങനെ പ്രതികരിക്കും എന്നതിനെപറ്റി രാഷ്ട്രീയനേതൃത്വതത്വങ്ങള്‍ക്ക് തന്നെ ഇപ്പോഴും വ്യക്തമല്ലാത്തകാര്യമാണ്.

ഉള്‍പ്രദേശങ്ങളില്‍ കൃഷിയെ ആശ്രയിച്ചു കഴിയുന്നകര്‍ഷകരുടെ അവസ്ഥ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെ പോലെതന്നെ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായകര്‍ഷക നയങ്ങളാല്‍ വളരെ പരിതാപകരമാണ്. നിരവധികര്‍ഷകരാണ് ഗുജറാത്തിന്റെ വിവിധഭാഗങ്ങളില്‍ കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ആത്മഹത്യ ചെയ്തത്. ഈകര്‍ഷകരുടെ നിരാശതന്നെയാവും കാര്യമായ സംഘടനാശേഷിയൊന്നുമില്ലാത്ത കോണ്‍ഗ്രസ്സിന് ചെറിയൊരു മുന്നേറ്റം ഗ്രാമപ്രദേശങ്ങളില്‍ ഉണ്ടാക്കികൊടുത്തതും.

Image result for hardik patel quint

പഞ്ചാബിലെ ഗുരുദാസ്പുര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ്സിന്റെ വിജയം ഇത്തരം കര്‍ഷക നിരാശയുടെ ഫലമായുണ്ടാതായിരുന്നെന്നു വിലയിരുത്തുന്ന കോണ്‍ഗ്രസ്സ് കര്‍ഷകരുടെ കടങ്ങള്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എഴുതിതള്ളുമെന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.
നിലവിലുള്ള ഗുജറാത്ത് നിയമസഭയില്‍ 120ു സീറ്റുകള്‍ ബി.ജെ.പിക്കുണ്ട്. കോണ്‍ഗ്രസ്സിന് 43ഉം.

പതിനയ്യായിരത്തില്‍ താഴെ ഭൂരിപക്ഷമുള്ള ഏകദേശം മുപ്പത്തഞ്ചോളം സീറ്റുകള്‍ ഒഴിച്ചാല്‍ ബാക്കി സീറ്റുകളിലെളെല്ലാം അതിഭീമമായ ഭൂരിപക്ഷമായിരുന്നു കഴിഞ്ഞതവണ ബി.ജെ.പിക്കു ലഭിച്ചത്. മുകളില്‍ പറഞ്ഞ അനുകൂലഘടകങ്ങളൊക്കെ നിലനില്‍ക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ഗുജറാത്ത് ബാലികേറാമല തന്നെയാണ്.

ശക്തനായ ഒരുപ്രാദേശിക നേതൃത്വം ഇല്ലാത്തതുതന്നെയാണ് പ്രധാനകാരണം. പക്ഷെ കഴിഞ്ഞതവണത്തേക്കാള്‍ പത്തോളം സീറ്റുകളുടെ ഇടിവ് എന്തുതന്നെയായാലും ബി.ജെ.പിക്കുണ്ടാവും എന്നുതന്നെയാണ് കണക്കുകൂട്ടല്‍.

പ്രധാനമന്ത്രിയുടെയും ദേശീയ അധ്യക്ഷന്റെയും നാട്ടില്‍ നേരിടുന്ന തകര്‍ച്ച ബി.ജെ.പിയെയും കേന്ദ്രമന്ത്രിസഭയെയും സംബന്ധിച്ചിടത്തോളം തങ്ങളുടെ നിയോകൊളോണിയല്‍ നിലപാടുകള്‍ക്കെതിരായ ഒരുഅടി തന്നെയായിരിക്കും. കോണ്‍ഗ്രസ്സിനാകട്ടെ ഗുജറാത്ത് പോലുള്ള ഒരുസംസ്ഥാനത്തു ലഭിക്കുന്ന ഒരുചെറിയമുന്നേറ്റംപോലും ആത്മ വിശ്വാസം വര്‍ധിപ്പിക്കും. അതുകൊണ്ടുതന്നെയാണ് ബി.ജെ.പിക്കു ഗുജറാത്ത് തെരഞ്ഞെടുപ്പ് ഇത്രയും വലിയ അഭിമാന പ്രശ്‌നമായി മാറുന്നതും.