സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പരക്കെ എന്‍.ഐ.എ, ഇ.ഡി റെയ്ഡ്; നേതാക്കള്‍ കസ്റ്റഡിയില്‍
Kerala News
സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പരക്കെ എന്‍.ഐ.എ, ഇ.ഡി റെയ്ഡ്; നേതാക്കള്‍ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd September 2022, 9:10 am

തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും പരക്കെ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. ന്യൂദല്‍ഹിയിലും കേരളത്തിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് പരിശോധന.

കേരളത്തില്‍ 50 സ്ഥലങ്ങളിലാണ് എന്‍.ഐ.എ പരിശോധന നടത്തുന്നതെന്നാണ് വിവരം. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് പരിശോധന. കോഴിക്കോട് ജില്ലയില്‍ അര്‍ധരാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. അതിനിടെ പോപ്പുലര്‍ ഫ്രണ്ട് സമിതി അംഗത്തേയും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയേയും പരിശോധനാ സംഘം കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരത്ത് പി.എഫ്.ഐ മുന്‍ ദേശീയ സമിതി അംഗത്തിന്റെ വീട്ടില്‍ പരിശോധന നടത്തി. അഷറഫ് മൗലവിയുടെ വീട്ടിലാണ് എന്‍.ഐ.എ പരിശോധന നടത്തിയത്. മണക്കാടിലുള്ള ഓഫീസിലും പരിശോധന പുരോഗമിക്കുകയാണ്.

പത്തനംതിട്ടയില്‍ എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി സാദിക് അഹമ്മദിന്റെ വീട്ടിലെ റെയ്ഡിന് പുറമേ, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റിന്റെ പത്തനംതിട്ട കൊന്നമൂട്ടിലും റെയ്ഡ് നടത്തി. പുലര്‍ച്ചെ നാല് മണിക്കാണ് പത്തനംതിട്ടയില്‍ റെയ്ഡ് നടത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് സമിതി അംഗം തൃശൂര്‍ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ കസ്റ്റഡിയില്‍ എടുത്തു. പെരുമ്പിലാവിലെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷമാണ് സംഘം കസ്റ്റഡിയില്‍ എടുത്തത്.

പോപ്പുലര്‍ ഫ്രണ്ട് തൃശൂര്‍ ജില്ലാ ഓഫീസിലും എന്‍.ഐ.എ റെയ്ഡ് നടത്തി. ചാവക്കാട് തെക്കഞ്ചേരിയിലെ യൂണിറ്റി ഹൗസിലാണ് റെയ്ഡ്. എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രെട്ടറി പി.കെ. ഉസ്മാന്റെ കേച്ചേരിയിലെ വീട്ടിലും റെയ്ഡ് നടത്തി, അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തു.

മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും, ദേശീയ സെക്രട്ടറി നസറുദ്ധീന്‍ എളമരത്തിന്റെ വീട്ടിലും റെയ്ഡ് നടത്തി. പുത്തനത്താണി പൂവഞ്ചിനയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസായ മലബാര്‍ ഹൗസില്‍ പരിശോധന നടന്നു.

കോട്ടയത്തും എന്‍.ഐ.എ റെയ്ഡ് പുരോഗമിക്കുകയാണ്. ജില്ലാ നേതാക്കള്‍ അടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഇതിന് പുറമേ പലയിടങ്ങളില്‍ നിന്നും ഡിജിറ്റല്‍ ഡിവൈസുകളും പിടിച്ചെടുത്തു.

അതേസമയം, എന്‍.ഐ.എ, ഇ.ഡി റെയ്ഡിനെതിരെ നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എ, ഇ.ഡി എന്നീ കേന്ദ്ര ഏജന്‍സികള്‍ അര്‍ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ പ്രതികരിച്ചു.

ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും എ. അബ്ദുല്‍ സത്താര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

Content Highlight: NIA Raids on popular front offices in Kerala