'അസമിലെ ജനങ്ങള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനെതിരെ പ്രവര്‍ത്തിക്കാമെങ്കില്‍ വിട്ടയയ്ക്കാമെന്ന് എന്‍.ഐ.എ'; വെളിപ്പെടുത്തലുമായി അഖില്‍ ഗൊഗോയി
Assam Assembly Election 2021
'അസമിലെ ജനങ്ങള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനെതിരെ പ്രവര്‍ത്തിക്കാമെങ്കില്‍ വിട്ടയയ്ക്കാമെന്ന് എന്‍.ഐ.എ'; വെളിപ്പെടുത്തലുമായി അഖില്‍ ഗൊഗോയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th March 2021, 1:35 pm

ന്യൂദല്‍ഹി: അസമിലെ ജനങ്ങള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനെതിരെ പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ ജാമ്യം നല്‍കാമെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വാഗ്ദാനം നല്‍കിയതായി കര്‍ഷക നേതാവും ആക്ടിവിസ്റ്റുമായ അഖില്‍ ഗൊഗോയി. ജയിലില്‍ നിന്ന് അദ്ദേഹം അയച്ച കത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

‘അസമിലെ ജനങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനെതിരെ പ്രവര്‍ത്തിക്കാമെങ്കില്‍ വിട്ടയയ്ക്കാം. കൃഷക് മുക്തി സംഗ്രാം സമിതി എന്ന സംഘടന വിട്ട് ഒരു എന്‍.ജി.ഒ ആരംഭിക്കാന്‍ 20 കോടി രൂപവരെ വാഗ്ദാനം ചെയ്തു,’അഖില്‍ കത്തിലെഴുതി.

ഈ വാഗ്ദാനങ്ങള്‍ ഒന്നും സ്വീകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും പത്ത് വര്‍ഷം വരെ ജയിലിലടയ്ക്കുമെന്ന് അവര്‍ പറഞ്ഞതായി അഖില്‍ ഗൊഗോയി കത്തിലെഴുതി.

അതേസമയം ആര്‍.എസ്.എസിലോ ബി.ജെ.പിയിലോ ചേരാന്‍ തയ്യാറായാല്‍ ജാമ്യത്തില്‍ വിടാമെന്നും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഗൊഗോയിയോട് പറഞ്ഞിരുന്നു.

ഇതിന്റെ പേരില്‍ ജയിലില്‍ കടുത്ത ശാരീരിക-മനാസിക പീഡനങ്ങളാണ് താന്‍ അനുഭവിച്ചതെന്നും അഖില്‍ പറഞ്ഞിരുന്നു. എന്‍.ഐ.എ ആസ്ഥാനത്ത്, തന്നെ ലോക്കപ്പ് നമ്പര്‍ ഒന്നിലാണ് പാര്‍പ്പിച്ചിരുന്നതെന്നും വൃത്തിയില്ലാത്ത പുതപ്പാണ് എനിക്ക് നല്‍കിയതെന്നും ഗൊഗോയി പറഞ്ഞു. 3-4 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ തറയില്‍ കിടക്കേണ്ടി വന്നെന്നും ഗൊഗോയി പറഞ്ഞു.

അതേസമയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് അസമിലെ ജനങ്ങളോട് അദ്ദേഹം മറ്റൊരു കത്തില്‍ ആഹ്വാനം ചെയ്തിരുന്നു.

അസമിനെ രക്ഷിക്കാനായി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഏറ്റവും ശക്തനായ ബി.ജെ.പി ഇതര സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിബ്‌സാഗര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് അഖില്‍ ഗൊഗോയി മത്സരിക്കുന്നത്.

അസമിനെയും ജനങ്ങളുടെ ഭാവിയെയും ജനാധിപത്യ വിരുദ്ധ ബി.ജെ.പിയില്‍ നിന്ന് രക്ഷിക്കാനാണ് ഞാന്‍ ജയിലില്‍ നിന്ന് ഈ കത്ത് അയയ്ക്കുന്നതെന്ന് അഖില്‍ ഗൊഗോയ് പറഞ്ഞിരുന്നു. അസമില്‍ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ജയിലില്‍ കഴിയുകയാണ് ഗൊഗോയി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: NIA Offered Bail If I Work Aganist Assam Peoples  Conversion Into  Christianity