എല്ലാ കേസിലും കുറ്റവിമുക്തന്‍; ഒന്നരവര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അഖില്‍ ഗൊഗോയി പുറത്തിറങ്ങി
national news
എല്ലാ കേസിലും കുറ്റവിമുക്തന്‍; ഒന്നരവര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം അഖില്‍ ഗൊഗോയി പുറത്തിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st July 2021, 7:19 pm

ന്യൂദല്‍ഹി: വിവരാവകാശ പ്രവര്‍ത്തകനും അസമിലെ സിബ്‌സാഗര്‍ എം.എല്‍.എയുമായ അഖില്‍ ഗൊഗോയിയെ അവസാനത്തെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കി. എന്‍.ഐ.എ. സ്‌പെഷ്യല്‍ കോടതിയാണ് ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.

പൗരത്വ പ്രക്ഷോഭങ്ങളില്‍ അസമിലുണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയ കേസുകളിലാണ് ഗൊഗോയി പൂര്‍ണമായും കുറ്റവിമുക്തനായത്. കഴിഞ്ഞ മാസം 22ന് ഒരു കേസില്‍ ഗൊഗോയിയെ കോടതി വെറുതെ വിട്ടിരുന്നു.

അസമിലെ കര്‍ഷക നേതാവുകൂടിയായ അഖില്‍ ഗൊഗോയിക്കും മറ്റു മൂന്ന് നേതാക്കള്‍ക്കുമെതിരെ യു.എ.പി.എ. പ്രകാരമായിരുന്നു കേസ് എടുത്തത്. രണ്ട് കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇതില്‍ ഒരു കേസില്‍ നാല് പേരെയും കുറ്റവിമുക്തരാക്കിയിരുന്നു.

കുറ്റവിമുക്തനായ ശേഷം അഖില്‍ ഗൊഗോയി ആദ്യം സന്ദര്‍ശിച്ചത് 2019 ഡിസംബറിലെ പൗരത്വ പ്രക്ഷോഭങ്ങള്‍ക്കിടെ, പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട അഞ്ചു യുവാക്കളില്‍ ഒരാളായ 17 കാരന്‍ സാം സ്ട്രാഫോഡിന്റെ വീടാണ്.

അസമില്‍ നിന്നുള്ള കര്‍ഷകനേതാവും വിവരാവകാശ പ്രവര്‍ത്തകനുമാണ് അഖില്‍ ഗൊഗോയി. അഴിമതിയ്ക്കെതിരായ പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം കൃഷക് മുക്തി സംഗ്രാം സമിതി എന്ന കര്‍ഷക സംഘടനയുടെ നേതാവ് കൂടിയാണ്. ഗുവാഹത്തിയിലെ കോട്ടണ്‍ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഇടതുപക്ഷ ആശയങ്ങളില്‍ ആകൃഷ്ടനായി രാഷ്ട്രീയ രംഗത്തെത്തിയ അഖില്‍ ഗൊഗോയി സി.പി.ഐ.എം.എല്‍ നേതാവായ സന്തോഷ് റാണയോടൊപ്പമായിരുന്നു തുടക്കത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. നതുന്‍ പഠതിക് എന്ന ഇടതുപക്ഷ മാസികയുടെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

അസം തെരഞ്ഞെടുപ്പില്‍ ജയിലില്‍ നിന്നും മത്സരിച്ച അഖില്‍ ഗൊഗോയി സിബ്‌സാഗര്‍ മണ്ഡലത്തില്‍ നിന്നും ബി.ജെ.പി. സ്ഥാനാര്‍ത്ഥി സുരഭി രജ്‌കോന്‍വാരിയെ 12000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. റായ്ജോര്‍ ദള്‍ പാര്‍ട്ടിയുടെ പ്രസിഡന്റു കൂടിയാണ് അഖില്‍ ഗൊഗോയി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: NIA court acquits MLA Akhil Gogoi of all charges under UAPA