ബെന്‍സെമക്ക് പുറമെ ചെല്‍സി സൂപ്പര്‍താരവും സൗദി അറേബ്യന്‍ ക്ലബ്ബിലേക്ക്
Football
ബെന്‍സെമക്ക് പുറമെ ചെല്‍സി സൂപ്പര്‍താരവും സൗദി അറേബ്യന്‍ ക്ലബ്ബിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th June 2023, 10:23 am

ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കരിം ബെന്‍സെമയെ സ്വന്തമാക്കിയതിന് പിന്നാലെ ചെല്‍സിയുടെ സൂപ്പര്‍താരം എന്‍ഗോളോ കാണ്ടെയെ സൈന്‍ ചെയ്യാനൊരുങ്ങി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദ്.

ഈ സീസണിന്റെ അവസാനത്തോടെ ചെല്‍സിയുമായുള്ള കരാര്‍ അവസാനിക്കാനിരുന്ന കാണ്ടയെ അല്‍ ഇത്തിഹാദ് നേരത്തെ നോട്ടമിട്ടിട്ടുണ്ടായിരുന്നെന്നും ബെന്‍സെമയുമായുള്ള ഡീലിങ്‌സ് പൂര്‍ത്തിയായതിന് ശേഷം താരവുമായുള്ള കരാര്‍ ഒപ്പുവെക്കാന്‍ അല്‍ ഇത്തിഹാദ് ഒരുങ്ങുകയായിരുന്നെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ റൂഡി ഗാല്‍ട്ടി റിപ്പോര്‍ട്ട് ചെയ്തു. 100 മില്യണ്‍ യൂറോക്കാണ് ചെല്‍സിയുടെ ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കറായ കാണ്ടയെ അല്‍ ഇത്തിഹാദ് സ്വന്തമാക്കുക.

അതേസമയം, കരിം ബെന്‍സെമ അല്‍ ഇത്തിഹാദുമായി കരാര്‍ ഒപ്പുവെച്ചതിന് ശേഷമുള്ള ചിത്രങ്ങള്‍ ക്ലബ്ബ് പുറത്തുവിട്ടിരുന്നു. അല്‍ ഇത്തിഹാദ് പ്രസിഡന്റ് അന്‍മര്‍ ബിന്‍ അബ്ദുല്ല അല്‍ഹൈലെ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ബെന്‍സിമ നല്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

‘വെല്‍ക്കം ബെന്‍സിമ, ഞങ്ങളുടെ പുതിയ താരത്തെ അവതരിപ്പിക്കുന്നു! ഈ രത്നം ഉടന്‍ പ്രകാശിച്ചു തുടങ്ങും,’ എന്നീ ക്യാപ്ഷനുകളോടെയാണ് ബെന്‍സിമയുടെ സൈനിങ് ചിത്രങ്ങള്‍ പങ്കുവെച്ച് അല്‍ ഇത്തിഹാദ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചത്.

അല്‍-ഇത്തിഹാദ് ക്ലബ്ബിന് അതിശയകരമായ ചരിത്രമുണ്ടെന്നും മറ്റൊരു രാജ്യത്തെ ഫുട്ബോള്‍ ലീഗ് അനുഭവിക്കുന്നതില്‍ താന്‍ ആവേശഭരിതനാണെന്ന് സൈനിങ് ചടങ്ങില്‍ ബെന്‍സിമയും പറഞ്ഞു.

‘മറ്റൊരു രാജ്യത്ത് ഒരു പുതിയ ഫുട്ബോള്‍ ലീഗ് അനുഭവിക്കുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്. അല്‍-ഇത്തിഹാദ് ക്ലബ്ബിന് അതിശയകരമായ ചരിത്രമുണ്ട്,’ ബെന്‍സെമ പറഞ്ഞതായി ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച ജിദ്ദയില്‍ ഇത്തിഹാദ് ആരാധകര്‍ക്ക് മുന്നില്‍ ബെന്‍സിമ എത്തുമെന്നാണ് റപ്പോര്‍ട്ടുകള്‍.

Content Highlights: Ngolo Kante will sign with Al Ittihad after Karim Benzema