ബ്രസീലില്‍ ഞങ്ങളെല്ലാം ആരാധിക്കുന്ന മഹത് വ്യക്തിയുണ്ട്; അദ്ദേഹത്തിനും ലോകകപ്പ് നേടാന്‍ സാധിച്ചിട്ടില്ല: നെയ്മര്‍
Football
ബ്രസീലില്‍ ഞങ്ങളെല്ലാം ആരാധിക്കുന്ന മഹത് വ്യക്തിയുണ്ട്; അദ്ദേഹത്തിനും ലോകകപ്പ് നേടാന്‍ സാധിച്ചിട്ടില്ല: നെയ്മര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st September 2023, 4:15 pm

ബ്രസീല്‍ ദേശീയ ടീമിനൊപ്പം ഫിഫ ലോകകപ്പ് നേടുകയാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്ന് നെയ്മര്‍. രാജ്യത്തിനായി ഒരു ലോകകപ്പ് ഉയര്‍ത്താനായില്ലെങ്കില്‍ അതൊരു കളിക്കാരനെ ഇല്ലാതാക്കില്ലെന്നും നെയ്മര്‍ പറഞ്ഞു.

പി.എസ്.ജിയുമായി പിരിഞ്ഞ നെയ്മര്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലില്‍ സൈനിങ് നടത്തിയിരുന്നു. യു.ഒ.എല്ലിന് നല്‍കിയ അഭിമുഖത്തിലാണ് നെയ്മര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

അഭിമുഖത്തില്‍ മുന്‍ ബ്രസീല്‍ സൂപ്പര്‍ താരവും പരിശീലകനുമായ സീക്കോയുമായി തന്നെ സാമ്യപ്പെടുത്തിയും നെയ്മര്‍ സംസാരിച്ചു. ബ്രസീല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ സീക്കോയ്ക്ക് ഒരു ലോകകപ്പ് ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ നിലവാരത്തിനും പ്രശസ്തിക്കും കോട്ടം സംഭവിച്ചിട്ടില്ലെന്നും നെയ്മര്‍ പറഞ്ഞു.

‘എന്റെ ഏറ്റവും വലിയ സ്വപ്‌നം എനിക്ക് നേടാനാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാജ്യത്തിനായി ലോകകപ്പ് ഉയര്‍ത്തുക എന്നതാണ് അത്. ചിലപ്പോള്‍ അത് നടന്നില്ലെന്നും വരാം. എന്നാലും ബ്രസീലില്‍ ഒരു മഹത് വ്യക്തിയുണ്ട്.

ഞങ്ങളെല്ലാം ഒരുപാട് ആരാധിക്കുന്ന രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ പേരുകേട്ട താരമാണ് സിക്കോ. അദ്ദേഹത്തിന് ഒരു വേള്‍ഡ് കപ്പ് നേടാന്‍ സാധിച്ചിരുന്നില്ല. അതൊരിക്കലും അദ്ദേഹത്തിന്റെ നിലവാരത്തേയോ കഴിവിനേയോ ബാധിച്ചിട്ടില്ല. എന്റെ കാര്യവും എനിക്കങ്ങനെയാണ് തോന്നുന്നത്,’ നെയ്മര്‍ പറഞ്ഞു.

ബ്രസീല്‍ ദേശീയ ടീമിനൊപ്പം മൂന്ന് വേള്‍ഡ് കപ്പിലാണ് നെയ്മര്‍ ബൂട്ട് കെട്ടിയിട്ടുള്ളത്. ഓരോ ടൂര്‍ണമെന്റിന്റെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകാനായിരുന്നു ബ്രസീലിന്റെ വിധി.

Content Highlights: Neymar Jr reveals that his biggest dream is to win World Cup for Brazil