നെയ്മർ ഓവറാക്കി; അത് കൊണ്ടാണ് മുഖത്ത് പിടിച്ച് തള്ളിയത്; ബാഴ്സലോണയിലെ സംഭവങ്ങളെക്കുറിച്ച് സാവി
football news
നെയ്മർ ഓവറാക്കി; അത് കൊണ്ടാണ് മുഖത്ത് പിടിച്ച് തള്ളിയത്; ബാഴ്സലോണയിലെ സംഭവങ്ങളെക്കുറിച്ച് സാവി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th January 2023, 3:23 pm

ചാമ്പ്യൻസ് ലീഗ് കിരീടം നേടി ബാഴ്സലോണ ക്ലബ്ബ് ഫുട്ബോളിലെ തങ്ങളുടെ അപ്രമാധിത്യം ഉറപ്പിച്ച വർഷമായിരുന്നു 2014-2015.
ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിനെ തകർത്താണ് ബാഴ്സ ആ വർഷത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയത്.

3-1 എന്ന സ്കോറിനായിരുന്നു മത്സരത്തിൽ ബാഴ്സലോണയുടെ വിജയം.
എന്നാൽ മത്സരശേഷം ബാഴ്സ നടത്തിയ വിജയാഘോഷങ്ങളുടെ ശോഭകെടുത്തിയ പ്രകടനമായിരുന്നു നിലവിലെ ബാഴ്സലോണയുടെ കോച്ചായ സാവി വിക്ടറി പരേഡിനിടെ നെയ്മറുടെ മുഖത്ത് പിടിച്ച് തള്ളിയ സംഭവം.

ഇത് അന്ന് മാധ്യങ്ങൾ വലിയ രീതിയിൽ  ആഘോഷിച്ചിരുന്നെങ്കിലും ബാഴ്സ ക്യാമ്പിൽ നിന്ന് വിഷയത്തെ സംബന്ധിച്ച കൂടുതൽ പ്രതികരണങ്ങളൊന്നും പുറത്ത് വരാത്തതിനാൽ വിഷയം കെട്ടടങ്ങുകയായിരുന്നു.

ബാഴ്സയുടെ അന്നത്തെ കോച്ച് ലൂയിസ് എൻറിക്കെയുടെ നേതൃത്വത്തിൽ ടീമംഗങ്ങൾ ബസിൽ വിക്ടറി പരേഡ് നടത്തുമ്പോഴായിരുന്നു സാവി നെയ്മറുടെ മുഖത്ത് പിടിച്ച് തള്ളിയത്.

എന്നാൽ അന്നത്തെ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ പ്രതികരണങ്ങൾ നടത്തിയിരിക്കുകയാണ് സാവിയിപ്പോൾ. ഖത്താരി മാധ്യമമായ ‘സ്പോർട്’നോടാണ് സാവി തന്റെ പ്രതികരണം നടത്തിയിരിക്കുന്നത്.

“ഞങ്ങൾ ബസിൽ വിക്ടറി പരേഡ് നടത്തുകയായിരുന്നു. ഞാൻ ബസിന്റെ അരികിൽ നിൽക്കുകയാണ്. അപ്പോൾ നെയ്മർ വന്നെന്റെ ഷൂസ് അഴിക്കാൻ ശ്രമിക്കുകയും എന്നെ തള്ളുകയും ചെയ്തു.

അപ്പോൾ എന്നെ ശല്യപ്പെടുത്തുന്നത് നിർത്താനും ബസിന് ചുറ്റും നിൽക്കുന്ന ആരാധകർക്ക് നേരെ കൈവീശിക്കാണിക്കാനും ഞാൻ നെയ്മറോട് പറഞ്ഞു,’ സാവി പറഞ്ഞു.

‘ബാഴ്സയെ അകമഴിഞ്ഞ് പിന്തുണക്കുന്ന നിരവധി ആളുകളുണ്ട്. അവരുടേതാണീ പരേഡ്. മൂന്ന് നാല് ബിയർ കഴിച്ച് പരേഡിൽ പങ്കെടുക്കുന്നതൊക്കെ സ്വഭാവികമായ കാര്യമാണ്. പക്ഷെ പരേഡിൽ ആരാധകർക്ക് നന്ദി പറയാൻ വേണ്ടിയാണ് നമ്മൾ ശ്രമിക്കേണ്ടത്. അല്ലാതെ നമ്മൾക്ക് തോന്നുന്നത് ചെയ്ത് കൂട്ടാനുള്ള വേദിയല്ല അത്,’ സാവി കൂട്ടിച്ചേർത്തു.

2014-2015 സീസണിന് ശേഷം സാവി ക്ലബ്ബ് വിട്ടിരുന്നു. 2017ലാണ് നെയ്മർ ബാഴ്സയിൽ നിന്നും പി.എസ്.ജിയിലേക്ക് പോയത്.
222 മില്യൺ റിലീസ് ക്ലോസ് നൽകിയായിരുന്നു ബാഴ്സയിൽ നിന്നും താരത്തെ പി.എസ്.ജി സ്വന്തമാക്കിയത്.

അതേസമയം നെയ്മർ പി.എസ്.ജി വിടുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ ഏത് ക്ലബ്ബിലേക്കാണ് നെയ്മർ ചേക്കേറുക എന്നതിനെപറ്റി കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

 

Content Highlights:Neymar is over; That’s why i grabbed his face and pushed him said xavi