നെയ്മര്‍ ട്രെയിനിങ്ങിന് എത്തിയില്ല, നടപടിയെടുക്കുമെന്ന് പി.എസ്.ജി;  നല്ല ഓഫറുണ്ടെങ്കില്‍ നെയ്മറിന് പോകാമെന്നും ക്ലബ്
Football
നെയ്മര്‍ ട്രെയിനിങ്ങിന് എത്തിയില്ല, നടപടിയെടുക്കുമെന്ന് പി.എസ്.ജി; നല്ല ഓഫറുണ്ടെങ്കില്‍ നെയ്മറിന് പോകാമെന്നും ക്ലബ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th July 2019, 3:07 pm

ജൂലൈ 8ന് തുടങ്ങിയ പ്രീ സീസണ്‍ ട്രെയിനിങ് സെഷനില്‍ എത്താതിരുന്ന നെയ്മറിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പി.എസ്.ജി അധികൃതര്‍. ക്ലബ്ബ് പുറത്തിറക്കിയ പ്രസ്താവനയിലാണ് മുന്നറിയിപ്പൊന്നും നല്‍കാതെ താരം മുങ്ങിയതെന്ന് ക്ലബ്ബ് വിശദീകരിച്ചത്.

എന്നാല്‍ നെയ്മര്‍ എത്തില്ലെന്ന വിവരം ക്ലബ്ബിന് അറിയാമായിരുന്നുവെന്ന് റിയോയില്‍ അദ്ദേഹത്തിന്റെ പിതാവിനെ ഉദ്ധരിച്ച് ചില ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താരത്തിന്റെ സംഘടനയായ ‘നെയ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ടി’ന്റെ പ്രവര്‍ത്തനങ്ങളിലാണ് താരമെന്നും ജൂലൈ 15ന് പാരീസില്‍ തിരിച്ചെത്തുമെന്നും പിതാവ് പറഞ്ഞു.

അതേസമയം എല്ലാവര്‍ക്കും തൃപ്തികരമായ ഓഫര്‍ ലഭിച്ചാല്‍ നെയ്മറിന് പി.എസ്.ജി വിടാമെന്ന് ക്ലബ് സ്‌പോര്‍ടിങ് ഡയറക്ടര്‍ ലിയാനര്‍ഡോ പറഞ്ഞു. നിലവില്‍ അദ്ദേഹത്തിന് ഓഫറുകളൊന്നും ഇല്ലെന്നും ലിയാനര്‍ഡോ പറഞ്ഞു.

നിലവില്‍ നെയ്മറിന് പി.എസ്.ജിയുമായി മൂന്നു വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. നെയ്മര്‍ ബാഴ്സലോണയില്‍ തിരിച്ചെത്തുന്നുവെന്ന് കഴിഞ്ഞ മാസം വാര്‍ത്ത വന്നിരുന്നു. നെയ്മര്‍ക്ക് ക്ലബില്‍ മടങ്ങിയെത്താന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പി.എസ്.ജി താരവുമായി ഇതുവരെ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും ബാഴ്സ വൈസ് പ്രസിഡന്റ് ജോര്‍ദി കാര്‍ദോണറാണ് പറഞ്ഞിരുന്നത്.