മഹാരാഷ്ട്രയിലെ തീരുമാനം അന്തിമമാകുമോ?; കോണ്‍ഗ്രസ് തീരുമാനം ഉടന്‍; തിരക്കിട്ട് യോഗങ്ങള്‍
national news
മഹാരാഷ്ട്രയിലെ തീരുമാനം അന്തിമമാകുമോ?; കോണ്‍ഗ്രസ് തീരുമാനം ഉടന്‍; തിരക്കിട്ട് യോഗങ്ങള്‍
ന്യൂസ് ഡെസ്‌ക്
Friday, 15th November 2019, 10:02 am

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ചരടുവലികള്‍ക്ക് അന്ത്യം കുറിച്ച് ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിന് തീരുമാനമായെന്ന സൂചനകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി ശിവസേനയില്‍നിന്നായിരിക്കുമെന്നാണ് പ്രാഥമിക വിവരം.

കോണ്‍ഗ്രസ്‌, സര്‍ക്കാരിന്റെ ഭാഗമാവണോ പുറത്തുനിന്ന് പിന്തുണക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞു.

‘മുന്‍ സഖ്യത്തില്‍നിന്നും വേര്‍പെട്ട് വന്ന ശിവസേനയെ ആത്മാഭിമാനം നഷ്ടപ്പെടാതെ ചേര്‍ത്തുനിര്‍ത്തേണ്ട ഉത്തരവാദിത്വമുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് വിട്ടുനല്‍കാനാണ് ആലോചന. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗമാകണോ അതോ പുറത്തുനിന്ന് പിന്തുണച്ചാല്‍ മതിയോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും’, മാലിക് പറഞ്ഞു.

എന്‍.സി.പി നേതാവ് ശരദ് പവാര്‍ ഞായറാഴ്ച ദല്‍ഹിയില്‍വെച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍നിന്ന് ഉരുത്തിരിഞ്ഞതാണ് തീരുമാനമെന്നാണ് സൂചന.

സോണിയയും ശരദ് പവാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി ഉടന്‍ ചര്‍ച്ച നടത്തും. കോണ്‍ഗ്രസ്-എന്‍.സി.പി ചര്‍ച്ചയ്ക്കുശേഷമായിരിക്കും ഇത്. അന്തിമ തീരുമാനമെടുക്കുന്ന നിര്‍ണായക കൂടിക്കാഴ്ചയാവുമിതെന്നാണ് സൂചന.

അതേസമയം, ബി.ജെ.പിയെക്കൂടാതെ ആര്‍ക്കും മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അവകാശപ്പെട്ടു.

ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും തമ്മില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ചര്‍ച്ചകള്‍ നടന്നിരുന്നു. മുഖ്യമന്ത്രി ശിവസേനക്കും ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ കോണ്‍ഗ്രസിനും എന്‍.സി.പിയ്ക്കും ലഭിക്കുമെന്നാണ് വിവരം.

പൊതുമിനിമം പദ്ധതി(കോമണ്‍ മിനിമം പ്രോഗ്രാം) സംബന്ധിച്ച് മൂന്ന് പാര്‍ട്ടികളും ധാരണയിലെത്തി. ഇതുപ്രകാരം ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് (എന്‍.സി.പി) 14 മന്ത്രിമാരും കോണ്‍ഗ്രസിന് 12 മന്ത്രിസ്ഥാനവും ലഭിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ 16 മന്ത്രിസ്ഥാനങ്ങളും ശിവസേനയ്ക്ക് ലഭിക്കുമെന്നാണ് അറിയുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എന്‍.സി.പി നേതാവ് ശരദ് പവാറും തമ്മില്‍ അടുത്ത ദിവസം തന്നെ കൂടിക്കാഴ്ച നടത്തുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രം നിര്‍ദേശം നല്‍കിയിതിന് പിന്നാലെ ശിവസേന-കോണ്‍ഗ്രസ്- എന്‍.സി.പി നേതാക്കള്‍ വിവിധ ഘട്ടങ്ങളിലായി ചര്‍ച്ച നടത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ