'വാച്ച് യുവര്‍ നെയ്ബര്‍' പദ്ധതി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ദേശാഭിമാനി; തിരുത്തുമായി കേരളാ പൊലീസ്
Kerala News
'വാച്ച് യുവര്‍ നെയ്ബര്‍' പദ്ധതി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ദേശാഭിമാനി; തിരുത്തുമായി കേരളാ പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th November 2022, 10:18 pm

കൊച്ചി: റസിഡന്‍സ് അസോസിയോഷനുകളുമായി സഹകരിച്ച് ‘വാച്ച് യുവര്‍ നെയ്ബര്‍’ പദ്ധതി നടപ്പാക്കുമെന്ന് ഡി.ജി.പി അനില്‍ കാന്ത് കൊച്ചിയില്‍ നടന്ന പരിപാടിയില്‍ പറഞ്ഞുവെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ദേശാഭിമാനി.

റസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ച് ‘വാച്ച് യുവര്‍ നെയ്ബര്‍’ പദ്ധതി സംസ്ഥാനത്ത് കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് ഡി.ജി.പി അനില്‍കാന്ത് പറഞ്ഞതായാണ് ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത.

അയല്‍ക്കാരില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ അത് പൊലീസിനെ അറിയിക്കുന്നതാണ് പദ്ധതി. ജനമൈത്രി പൊലീസിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുകയെന്നും വാര്‍ത്തയില്‍ സൂചിപ്പിക്കുന്നുണ്ട്.

കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡി.ജി.പി പറഞ്ഞതായാണ് വാര്‍ത്തയിലുള്ളത്. അവശ്യഘട്ടങ്ങളില്‍ ഫോണ്‍ വിളിക്കുമ്പോഴുള്ള പൊലീസ് പ്രതികരണം വേഗത്തിലാക്കാന്‍ നടപടിയെടുക്കുമെന്നുമാണ് കൊച്ചിയില്‍ റസിഡന്റ്‌സ് അസോസിയേഷനുകളുടെ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഡി.ജി.പി പറഞ്ഞത്.  ഇതിനെത്തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പദ്ധതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ദേശാഭിമാനി വാര്‍ത്തയുടെ പുര്‍ണരൂപം:

‘അവശ്യഘട്ടങ്ങളില്‍ ഫോണ്‍ വിളിക്കുമ്പോഴുള്ള പൊലീസ് പ്രതികരണം വേഗത്തിലാക്കാന്‍ നടപടിയെടുക്കുമെന്ന് ഡി.ജി.പി അനില്‍കാന്ത്. നിലവില്‍ പൊലീസുമായി ബന്ധപ്പെട്ട ഏത് ആവശ്യത്തിനും 112 എന്ന ഹെല്‍പ്പ് ലൈനില്‍ വിളിച്ചാല്‍ ഏഴു മിനിറ്റിനകം പ്രതികരണം ഉണ്ടാകും. ഈ സമയം കുറച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് കൊച്ചിയില്‍ റസിഡന്റ്സ് അസോസിയേഷനുകളുടെ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഡി.ജി.പി പറഞ്ഞു.

റസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ച് ‘വാച്ച് യുവര്‍ നെയ്ബര്‍’ പദ്ധതി സംസ്ഥാനത്ത് കൂടുതല്‍ വ്യാപിപ്പിക്കും. കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. അയല്‍ക്കാരില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ അത് പൊലീസിനെ അറിയിക്കണം. ജനമൈത്രി പൊലീസിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക. വിശദാംശങ്ങള്‍ തയ്യാറാക്കിവരികയാണ്. ഉടന്‍ പ്രായോഗികമാക്കും. വീടുകളിലും സ്ഥാപനങ്ങളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നവര്‍ ഒരെണ്ണം റോഡിലെ കാഴ്ചകള്‍ പതിയുംവിധം സ്ഥാപിക്കുന്നത് നല്ലതായിരിക്കുമെന്ന് ഡി.ജി.പി പറഞ്ഞു. മുതിര്‍ന്ന പൗരരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനും പദ്ധതി ആവിഷ്‌കരിച്ചു.

ആരോഗ്യമുള്ളവര്‍, കിടപ്പുരോഗികള്‍, പ്രത്യേക പരിഗണന വേണ്ടവര്‍ എന്നിങ്ങനെ പ്രായമായവരെ തിരിച്ച് അവരുടെ കണക്കുകള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ശ്രദ്ധ വേണ്ടവരുമായി പൊലീസ് ദിവസവും ബന്ധപ്പെടുന്ന സംവിധാനമാണ് കൊണ്ടുവരികയെന്നും ഡിജിപി പറഞ്ഞു. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആന്റി നാര്‍കോട്ടിക് സെല്ലിന്റെ ബോധവല്‍ക്കരണ പരിപാടികള്‍ റസിഡന്റ്സ് അസോസിയേഷനുകളില്‍ക്കൂടി വ്യാപിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ ഇതിലൂടെ നല്‍കും. ഡി.സി.പി എസ്. ശശിധരന്‍, എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍, മട്ടാഞ്ചേരി എ.സി.പി അരുണ്‍ കെ. പവിത്രന്‍, ഡി.സി.പി (അഡ്മിനിസ്ട്രേഷന്‍) ബിജു ഭാസ്‌കര്‍, കമാന്‍ഡന്റ് എസ്. സുരേഷ്, റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.’

 

ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത

ഡൂള്‍ന്യൂസ് അടക്കമുള്ള മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് വാച്ച് യുവര്‍ നെയ്ബര്‍’ എന്ന പേരില്‍ കേരള പൊലീസിന് നിലവില്‍ പദ്ധതികള്‍ ഒന്നുമില്ലെന്നും കൊച്ചി സിറ്റി പോലീസ് നടപ്പാക്കുന്നത് ‘സേ ഹലോ ടു യുവര്‍ നെയ്ബര്‍ (Say Hello to Your NEighbour-SHYNe-ഷൈന്‍)’ എന്ന പദ്ധതിയാണെന്നും പൊലീസ്  വകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.

Content Highlight: News Story about ‘Watch Your Neighbour project’ by Kerala Police in Deshabhimani