പ്രണയ നിരാസത്തിന് പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; 24 മണിക്കൂറിനിടെ നെയ്യാറ്റിന്‍കരയില്‍ റിപ്പോര്‍ട്ട് ചെയ്തത് രണ്ട് കേസുകള്‍
Kerala News
പ്രണയ നിരാസത്തിന് പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; 24 മണിക്കൂറിനിടെ നെയ്യാറ്റിന്‍കരയില്‍ റിപ്പോര്‍ട്ട് ചെയ്തത് രണ്ട് കേസുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st March 2023, 8:31 pm

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അതിക്രമമുണ്ടായ രണ്ട് സംഭവങ്ങളാണ് തിരുവനന്തപരം നെയ്യാറ്റിന്‍കരയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് ബുധനാഴ്ച രാവിലെ 9.30ഓടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രണമുണ്ടായി. ഉച്ചക്കട സ്വദേശി റോണിയാണ്(20) വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചത്. ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ച്, പിന്നീട് പൊലീസിലേല്‍പ്പിച്ചു.

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി റോണി മുഖത്തടിക്കുകയായിരുന്നു. തുടര്‍ന്ന് കൂട്ടാളികള്‍ക്കൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്നലെ ഇതേസ്ഥലത്ത്‌വെച്ച് പതിനേഴുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മര്‍ദിച്ചിരുന്നു. സംഭവത്തില്‍ അക്രമണം നടത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടാവുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ വിഷയത്തില്‍ ഇരുവര്‍ക്കും പരാതിയില്ലാത്തതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതിനെതുടര്‍ന്നുള്ള അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.