'നിങ്ങള്‍ ഈ രാജ്യത്തെ മുസ്‌ലിമാണെങ്കിലും കുടിയേറ്റക്കാരനാണെങ്കിലും ഇനി ഭയപ്പെടേണ്ടതില്ല'; ബൈഡന്റെ വിജയത്തെക്കുറിച്ച് സി.എന്‍.എന്‍ അവതാരകന്‍
international
'നിങ്ങള്‍ ഈ രാജ്യത്തെ മുസ്‌ലിമാണെങ്കിലും കുടിയേറ്റക്കാരനാണെങ്കിലും ഇനി ഭയപ്പെടേണ്ടതില്ല'; ബൈഡന്റെ വിജയത്തെക്കുറിച്ച് സി.എന്‍.എന്‍ അവതാരകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th November 2020, 12:17 pm

വാഷിംഗ്ടണ്‍: ജോ ബൈഡനെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത തത്സമയം നല്‍കുന്നതനിടെ വികാരഭരിതനായി വാര്‍ത്താ അവതാരകന്‍. സി.എന്‍.എന്‍ ചാനലിലെ വാര്‍ത്താവതാരകനായ ആന്റണി കപേല്‍ വാന്‍ ജോണ്‍സ് ആണ് വികാരഭരിതനായി കണ്ണീര്‍ വാര്‍ത്തത്.

ഇന്ന് ഒരു നല്ല ദിവസമാണ്. ഇന്ന് രാവിലെ ഒരു അമ്മയാകുന്നത് എളുപ്പമുള്ള കാര്യമാണ്. ഒരു അച്ഛനാവുക എന്നതും വളരെ എളുപ്പമുള്ള കാര്യമാണ്. നിങ്ങളുടെ കുട്ടികളോട് സ്വഭാവഗുണമുണ്ടാവുക എന്നത് പ്രധാനമാണ് എന്ന് പറയുന്നത് ഇന്ന് വളരെ എളുപ്പമായിരിക്കുന്നു. അദ്ദേഹം വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലെഴുതി.

‘ഈ വിധി രാജ്യത്ത് ഏറെ സഹിച്ചവര്‍ക്കുള്ള ഉത്തരമാണ്. ‘എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല’ എന്നത് ഒരു ജോര്‍ജ് ഫ്‌ളോയിഡിന്റെ മാത്രം വാക്കുകളല്ല. ഇതുപോലെ സ്വതന്ത്രമായി ശ്വാസമെടുക്കാന്‍ കഴിയാത്ത നിരവധി പേരാണ് ഇവിടെയുള്ളത്,’ അദ്ദേഹം പറഞ്ഞു.

‘നമ്മളെപോലുള്ളവര്‍ക്ക് കുറച്ച് സമാധാനം ലഭിക്കുക, വീണ്ടും ഉണരാന്‍ അവസരം ലഭിക്കുക എന്നൊക്കെ പറയുന്നത് വലിയ കാര്യമാണ്,’ കാപേല്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ ഈ രാജ്യത്തെ മുസ്‌ലിമാണെങ്കിലും രാജ്യത്തെ പ്രസിഡന്റിന് നിങ്ങളെ വേണ്ടെന്ന് കരുതി നിങ്ങള്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും നിങ്ങള്‍ ഒരു കുടിയേറ്റക്കാരനാണെങ്കിലും നിങ്ങള്‍ ഒരിക്കലും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

തോറ്റവരെ കുറിച്ചോര്‍ത്ത് തനിക്ക് ദുഖമുണ്ടെന്നും എന്നാല്‍ രാജ്യത്ത് ഇന്നെല്ലാവരും സന്തോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഈ രാജ്യത്തിന് ഇത് ഒരു നല്ല ദിവസമാണ്. തോറ്റവരെക്കുറിച്ചോര്‍ത്ത് ദുഖമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു നല്ല ദിവസമാകില്ല. പക്ഷെ രാജ്യത്തെ വലിയൊരു വിഭാഗം ജനതയ്ക്കും ഇതൊരു നല്ല ദിവസമായിരിക്കും,’ കപേല്‍ പറഞ്ഞു.

താന്‍ എല്ലാവരുടെയും പ്രസിഡന്റാണെന്നും വിഭജിക്കുന്ന പ്രസിഡന്റാകില്ലെന്നും അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ബൈഡന്‍ പറഞ്ഞിരുന്നു. നീലയെന്നോ ചുവപ്പെന്നോ ഇല്ല, ഇത് അമേരിക്കന്‍ ഐക്യനാടാണെന്നും താന്‍ അമേരിക്കന്‍ ജനതയുടെ ഐക്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ബൈഡന്‍ പറഞ്ഞിരുന്നു.

ട്രംപിനെതിരെ വലിയ ഭൂരിപക്ഷം നേടിയാണ് 77 കാരനായ ബൈഡന്‍ അധികാരത്തിലേറുന്നത്.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ 290 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. 270 വോട്ടുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം.

പെന്‍സില്‍വാനിയയില്‍ 49.7 ശതമാനം വോട്ട് നേടിയാണ് ബൈഡന്‍ ജയിച്ചത്. ട്രംപിന് ഇവിടെ 49.2 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: News anchor cries while presenting news Joe Biden wins