ന്യൂസിലന്റ് വീണ്ടും ജസീന്ത ഭരിക്കും; വലിയ വിജയത്തിലേക്ക് ലേബര്‍ പാര്‍ട്ടി
World News
ന്യൂസിലന്റ് വീണ്ടും ജസീന്ത ഭരിക്കും; വലിയ വിജയത്തിലേക്ക് ലേബര്‍ പാര്‍ട്ടി
ന്യൂസ് ഡെസ്‌ക്
Saturday, 17th October 2020, 4:26 pm

ന്യൂസിലന്റ്: ന്യൂസിലന്റില്‍ ശനിയാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ജസീന്താ ആര്‍ഡന് വലിയ ഭൂരിപക്ഷത്തില്‍ വിജയം.

ജസീന്തയുടെ സെന്റര്‍ ലെഫ്റ്റ് ലേബര്‍ പാര്‍ട്ടി 49.2 ശതമാനം വോട്ടുകള്‍ക്ക് വിജയിച്ചു. 120 പാര്‍ലമെന്റ് സീറ്റില്‍ 64ഉം ലേബര്‍ പാര്‍ട്ടി സ്വന്തമാക്കുകയായിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും എതിര്‍സ്ഥാനാര്‍ത്ഥി ജുഡിത്ത് കോളിനെക്കാള്‍ വലിയ ഭൂരിപക്ഷം വോട്ടുകള്‍ ജസീന്തയ്ക്ക് ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ വോട്ടുകള്‍ നേടി മുന്നേറുന്ന ലേബര്‍ പാര്‍ട്ടിക്ക് ജുഡിത്ത് കോളിന്‍ ആശംസകളറിയിച്ചു. ജസീന്തയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് വിജയത്തിലേക്ക് നയിച്ചതെന്ന് ലേബര്‍ പാര്‍ട്ടി പ്രസിഡണ്ട് ക്ലെയ്‌റെ സാബോ പറഞ്ഞു.

കൊവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ജസീന്ത വിജയിച്ചുവെന്നും സാമൂഹ്യ വ്യാപനം തടയാന്‍ പരമാവധി ശ്രമിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ച് മില്യണ്‍ ജനസംഖ്യയുള്ള രാജ്യത്ത് കൊവിഡ് 19 മൂലം 25 പേര്‍ മാത്രമാണ് ഇതുവരെ മരിച്ചത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്തംബറില്‍ നടക്കാനിരുന്ന പൊതുതെരഞ്ഞെടുപ്പ് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടും ജസീന്തയുടെ പേര് ലോകരാജ്യങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

പ്രചരണം ആരംഭിക്കാന്‍ ജസീന്ത തെരഞ്ഞെടുത്തത് വൈക്കോട്ടോവിലെ തന്റെ മാതാപിതാക്കളുടെ വീടാണ്.

മാതാപിതാക്കളെ കണ്ട് പ്രചരണം ആരംഭിക്കുക മാത്രമല്ല ഇതിന് പിന്നിലെ കാരണമെന്ന് ജസീന്ത പറയുകയും ചെയ്തിരുന്നു. തന്റെ കുഞ്ഞിനെ രക്ഷിതാക്കളെ ഏല്‍പ്പിച്ചാണ് ജസീന്ത പ്രചാരണത്തില്‍ പങ്കെടുത്തിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: New zealand prime minister jacinda arderns labour party wins election opposition concedes