പുഴയിലൂടെ ഒരാള്‍ ഒഴുകിപ്പോകുന്നത് കണ്ടു; അന്വേഷിച്ചപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ തട്ടിക്കയറി; ഇര്‍ഷാദ് കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍
Kerala News
പുഴയിലൂടെ ഒരാള്‍ ഒഴുകിപ്പോകുന്നത് കണ്ടു; അന്വേഷിച്ചപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ തട്ടിക്കയറി; ഇര്‍ഷാദ് കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th August 2022, 10:59 am

കോഴിക്കോട്: പന്തിരിക്കര കോഴിക്കുന്നുമ്മല്‍ സ്വദേശി ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. പുറക്കാട്ടിരി പുഴയിലൂടെ ഒരാള്‍ ഒഴുകിപ്പോകുന്നത് കണ്ടുവെന്നാണ് ദൃക്‌സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

സമീപത്തുണ്ടായിരുന്ന തോണിക്കാരന്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും സംഭവസമയത്ത് പാലത്തിന് മുകളില്‍ ഒരു ചുവന്ന കാര്‍ ഉണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷിയായ സജിലേഷ് പറഞ്ഞു.

നല്ല ഒഴുക്കുണ്ടായിരുന്ന സമയത്താണ് പുഴയിലൂടെ ഒരാള്‍ ഒഴുകിപ്പോകുന്നത് കണ്ടതെന്നും സ്ഥലത്തെ തോണിക്കാരനായ കുട്ടന്‍ എന്നയാള്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നുമാണ് സജിലേഷ് പറഞ്ഞത്.

പാലത്തിന് മുകളിലുണ്ടായിരുന്ന കാറിലുണ്ടായിരുന്നവരോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ നാട്ടുകാരോട് തട്ടിക്കയറിയെന്നും സജിലേഷ് കൂട്ടിച്ചേര്‍ത്തു.

”വെള്ളം പൊന്തിയതിനാല്‍ ഇറങ്ങാനും പറ്റുന്നുണ്ടായിരുന്നില്ല. മുകളിലേക്ക് നോക്കിയപ്പോള്‍ പാലത്തിന് മുകളില്‍ ഒരു ചുവന്ന കാര്‍ കണ്ടു. ഒരാളെയും കണ്ടു. ഒരു ജോഡി ചെരുപ്പും പാലത്തിന് മുകളിലുണ്ടായിരുന്നു.

എന്താണ് സംഭവമെന്ന് കാറിലുണ്ടായിരുന്നയാളോട് നാട്ടുകാരിലൊരാള്‍ തിരക്കിയതോടെ തട്ടിക്കയറിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. മൊബൈല്‍ തട്ടിപ്പറച്ച് പുഴയില്‍ ചാടിയതാണെന്നാണ് കാറിലുണ്ടായിരുന്നയാള്‍ നാട്ടുകാരോട് പറഞ്ഞത്,” സജിലേഷ് പറഞ്ഞു.

അതേസമയം ഇര്‍ഷാദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ഇന്ന് ലഭിച്ചേക്കും. റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കേസില്‍ വ്യക്തത ലഭിക്കുമെന്നാണ് പൊലീസ് കണക്കുകൂട്ടല്‍.

കഴിഞ്ഞദിവസമായിരുന്നു ആളുമാറി സംസ്‌കരിച്ച മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് ഉറപ്പിച്ചുകൊണ്ടുള്ള ഡി.എന്‍.എ പരിശോധനാ ഫലം പുറത്തുവന്നത്. ജൂലൈ 17ന് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റേതാണെന്ന് കരുതിയായിരുന്നു അദ്ദേഹത്തിന്റെ ബന്ധുക്കള്‍ സംസ്‌കരിച്ചത്.

പക്ഷേ പിന്നീട് ഇക്കാര്യത്തില്‍ സംശയമുണ്ടായതിനെ തുടര്‍ന്ന് ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ രക്തസാംപിള്‍ ശേഖരിച്ച് വ്യാഴാഴ്ച കണ്ണൂരിലെ ഫൊറന്‍സിക് ലബോറട്ടറിയില്‍ ഡി.എന്‍.എ പരിശോധനക്കായി അയക്കുകയായിരുന്നു. ഇതിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെ മൃതദേഹം ഇര്‍ഷാദിന്റെതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇര്‍ഷാദിന്റേത് കൊലപാതകമാണെന്നും പൊലീസ് പറഞ്ഞു.

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ ഇര്‍ഷാദ് ജൂലൈ 15ന് രാത്രി പുറക്കാട്ടിരി പാലത്തില്‍ നിന്ന് താഴേക്ക് ചാടിയെന്ന് കേസില്‍ അറസ്റ്റിലായവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം പൊലീസും സ്ഥിരീകരിച്ചിരുന്നു.

916 നാസറെന്നറിയപ്പെടുന്ന താമരശ്ശേരി കൈതപ്പൊയില്‍ ചെന്നിപ്പറമ്പില്‍ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് റിപ്പോര്‍ട്ട്. കേസില്‍ മുഖ്യപ്രതിയായ ഇയാള്‍ ദുബായിലാണ്.

ഉടമകള്‍ക്ക് നല്‍കാതെ മറിച്ച് വിറ്റുവെന്ന് കരുതുന്ന കള്ളക്കടത്ത് സ്വര്‍ണം തിരികെ ആവശ്യപ്പെട്ടുകൊണ്ടാണ് ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: New revelation in the murder of Irshad by Gold smuggling group