പ്രാണവായുവിന് കാശില്ല; കൂട്ടമരണങ്ങള്‍ക്കിടയിലും സ്വപ്‌ന പദ്ധതിയ്ക്ക് കോടികള്‍ ചെലവഴിച്ച് മോദി
അന്ന കീർത്തി ജോർജ്

കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി രാജ്യ തലസ്ഥാനം ലോക്ക്ഡൗണിലാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മാത്രം രണ്ടായിരത്തിലെറേ പേര്‍ ദല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാപ്പകലില്ലാതെ ശവസംസ്‌കാരം നടത്തുന്ന ശ്മശാനങ്ങളില്‍ നിന്നും വരുന്ന കണക്കുകള്‍ പ്രകാരം മരണനിരക്ക് ഇതിലും വളരെ കൂടുതലാണ്.

തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഓക്‌സിജനും ആശുപത്രി കിടക്കയും കണ്ടെത്താന്‍ വേണ്ടി ദല്‍ഹി നിവാസികളെല്ലാവരും നെട്ടോട്ടമോടുകയാണ്. ദല്‍ഹിയുടെ ഈ അവസ്ഥയില്‍ നിന്നും വലിയ വ്യത്യാസമൊന്നുമല്ല മുഴുവന്‍ രാജ്യത്തിന്റെയും ഇന്നത്തെ സ്ഥിതി.

കൂട്ടമരണങ്ങള്‍ രാജ്യത്തെ ഭീതിപ്പെടുത്തുന്ന ഈ ഗുരുതര സാഹചര്യങ്ങള്‍ക്കിടയിലും ഒരു തടസ്സവുമില്ലാതെ, സാമ്പത്തിക പ്രശ്‌നമോ ആരോഗ്യ ഭീഷണിയോ ഒന്നുമില്ലാതെ, ഒരേയൊരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതി മാത്രം ദല്‍ഹിയില്‍ മുന്നേറുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും സ്വപ്ന പദ്ധതികളിലൊന്നായ പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം. 20,000 കോടിയുടെ സെന്‍ട്രല്‍ വിസ്ത പ്രോജക്ട്.

ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യം എന്നതില്‍ നിന്നും ലോകത്തെ മൊത്തം കൊവിഡ് രോഗികളുടെ മൂന്നിലൊന്ന് രോഗികളുള്ള രാജ്യമായി ഇന്ത്യ മാറുന്നു. മൂന്നര ലക്ഷത്തിലധികം കേസുകളാണ് പ്രതിദിനം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിന കൊവിഡ് ബാധിത മരണം മൂവായിരത്തോളമാണ്. രണ്ട് ലക്ഷത്തോളം മനുഷ്യര്‍ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇതിനകം മരണപ്പെട്ട് കഴിഞ്ഞു. ആശുപത്രികളിലെ മോര്‍ച്ചറികളില്‍ ശവങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. ഏക ഫലപ്രദ പ്രതിരോധ മാര്‍ഗമായ വാക്സിനേഷനുകള്‍ പലയിടത്തും നടക്കുന്നില്ല. രാജ്യം കടുത്ത ഓക്സിജന്‍ ക്ഷാമവും വാക്സിന്‍ ക്ഷാമവും നേരിടുന്നു.

അടിയന്തിരമായ എല്ലാ മാര്‍ഗങ്ങളുമപയോഗിച്ചും പരമാവധി ഫണ്ടുകള്‍ ചെലവഴിച്ചും രാജ്യത്തെ മരണസംഖ്യ കുറയ്ക്കാനും ഇന്ത്യന്‍ ജനതയുടെ ജീവന്‍ സംരക്ഷിക്കാനുമായി ഇടപെടേണ്ട സര്‍ക്കാര്‍ വാക്സിന്‍ വിതരണം പോലും സ്വകാര്യവത്കരിച്ചിരിക്കുന്ന ഈ സാഹചര്യത്തിലാണ് കോടികള്‍ ചെലവഴിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ സ്വപ്നപദ്ധതി തകൃതിയായി നടക്കുന്നത്.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.