ആര്‍.എസ്.എസ്-ക്രൈസ്തവ കൂട്ടായ്മയില്‍ പുതിയ സംഘടന
Kerala News
ആര്‍.എസ്.എസ്-ക്രൈസ്തവ കൂട്ടായ്മയില്‍ പുതിയ സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th October 2022, 8:31 am

കൊല്ലം: ക്രൈസ്തവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുതിയ സംഘടനയുടെ രൂപീകരണത്തിന് ആര്‍.എസ്.എസ് നീക്കം. കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി യോജിക്കാവുന്ന വിഷയങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ആര്‍.എസ്.എസ് പുതിയ സംഘടനയിലൂടെ ലക്ഷ്യമിടുന്നത്.

‘സേവ് അവര്‍ നേഷന്‍ ഇന്ത്യ’ (SAVE OUR NATION INDIA) എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ സംസ്ഥാനഘടകം 23ന് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ഘടകം നിലവില്‍ വന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കിയതിന് ശേഷം ജില്ലാ, താലൂക്ക് ഘടകങ്ങള്‍ പ്രഖ്യാപിക്കും.

സംഘടന നിയോഗിക്കുന്ന പ്രവര്‍ത്തകരും വിവിധ സഭാ വിശ്വാസികളും ‘സേവ് അവര്‍ നേഷന്‍ ഇന്ത്യ’യുടെ ഭാരവാഹികളാകും. എന്നാല്‍ ആര്‍.എസ്.എസ്. നേതാക്കള്‍ സംഘടനയുടെ തലപ്പത്ത് വരാനിടയില്ലെന്നാണ് വിവരം.

ലൗ ജിഹാദ് തുടങ്ങിയ വിഷയത്തിലടക്കമുള്ള യോജിപ്പ് സംയുക്തമായി ഉന്നയിക്കാന്‍ പുതിയ സംഘടന തയ്യാറെടുക്കുന്നതായാണ് വിവരം. വര്‍ഷങ്ങളായി മുകള്‍ത്തട്ടില്‍ നടന്നുവരുന്ന ആര്‍.എസ്.എസ്-ക്രൈസ്തവസഭാ സംവാദത്തിന്റെ തുടര്‍ച്ചയായാണ് പുതിയ സംഘടനയുടെ പിറവി.

ലഹരിക്കെതിരായ ബോധവത്കരണമാണ് സംഘടന ആദ്യമായി ഏറ്റെടുക്കുന്ന പൊതു പരിപാടി. ആദ്യ പരിപാടി 23ന് കൊച്ചിയില്‍ വെച്ചാണ് നടക്കുന്നത്. സുരേഷ് ഗോപി, പി.ടി. ഉഷ എം.പി, ജസ്റ്റിസ് കെ. എബ്രഹാം മാത്യു എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം.

ആര്‍.എസ്.എസ് ദേശീയ നേതാക്കള്‍ കഴിഞ്ഞ മാസം കേരളത്തിലെത്തി വിവിധ സഭാ തലവന്മാരുമായി ചര്‍ച്ച നടത്തിയിരുന്നു. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് കഴിഞ്ഞ മാസം തൃശൂരിലെത്തി സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് തൃശ്ശൂര്‍ പോട്ട ഡിവൈന്‍ സെന്ററില്‍ വെച്ച് ക്രൈസ്തവ സഭകളുടെ പ്രതിനിധികളുമായി ആര്‍.എസ്.എസ് ദേശീയ നേതൃത്വം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണം കേരളത്തിലെത്തിയ ആര്‍.എസ്.എസിന്റെ അഖില ഭാരതീയ സമ്പര്‍ക്ക് പ്രമുഖ് രാംലാല്‍ ബിഷപ്പുമാരുമായും ചര്‍ച്ച നടത്തി.

മുകള്‍ത്തട്ടില്‍ മാത്രം ചര്‍ച്ച നടത്തിയാല്‍, പരസ്പര സഹകരണത്തിന്റെ വാതില്‍ തുറക്കാനാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് താഴേത്തട്ടിലേക്ക് ചര്‍ച്ചകള്‍ വ്യാപിപ്പിക്കാനും സംഘടന രൂപവത്കരിക്കാനും തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സഭാ നേതൃത്വത്തെ ഒപ്പം നിര്‍ത്തി ക്രിസ്ത്യന്‍ വോട്ടുകള്‍ ബി.ജെ.പി അനുകൂലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന നേതാക്കള്‍ നേരത്തെ തന്നെ തുടക്കമിട്ടിരുന്നു. ‘ഓപ്പറേഷന്‍ വൈറ്റ് സ്റ്റാര്‍’ എന്നാണ് ബി.ജെ.പി ഈ നീക്കത്തിന് പേരിട്ടിരിക്കുന്നത്.

Content Highlight: New organization in RSS-Christian community Coordination