മഹാരാഷ്ട്ര: എന്‍.സി.പിക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കറും; സ്പീക്കര്‍ പദവി കോണ്‍ഗ്രസിന്
national news
മഹാരാഷ്ട്ര: എന്‍.സി.പിക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കറും; സ്പീക്കര്‍ പദവി കോണ്‍ഗ്രസിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th November 2019, 10:08 pm

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിന്റെ വകുപ്പു വിഭജനം പൂര്‍ത്തിയായി. ഉപമുഖ്യമന്ത്രി സ്ഥാനം എന്‍.സി.പിക്ക് ലഭിച്ചു. പ്രഫുല്‍ പട്ടേലായിരിക്കും ഉപമുഖ്യമന്ത്രി. കോണ്‍ഗ്രസിനാണ് സ്പീക്കര്‍ സ്ഥാനം. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.സി.പിയില്‍ നിന്നുമായിരിക്കും. ഒരു ഡെപ്യൂട്ടി സ്പീക്കര്‍ മാത്രമേ ഉണ്ടാകൂ.

ശിവസേനയ്ക്കും എന്‍.സി.പിക്കും 15 മന്ത്രിമാര്‍ വീതമുണ്ടാകും. കോണ്‍ഗ്രസിനു 13 മന്ത്രി സ്ഥാനം നല്‍കാനും ധാരണയായി. മുംബൈയില്‍ നടന്ന ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗത്തിലാണ് തീരുമാനമായത്.

‘എത്ര മന്ത്രിമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഇന്ന് രാത്രി തീരുമാനിക്കും. ഓരോ പാര്‍ട്ടിയുടെയും ഒന്നോ രണ്ടോ എം.എല്‍.എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.’, പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യോഗത്തില്‍ എന്‍.സി.പി നേതാക്കളായ ശരദ് പവാര്‍, സുപ്രിയ സുലെ, അജിത് പവാര്‍, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, ശിവസേന നേതാക്കളായ ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നാളെ വൈകീട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്ഞ നടക്കുക.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കില്ല. കെജ്രിവാള്‍ പങ്കെടുക്കില്ലെന്ന് ആദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, മധ്യപ്രദേശ് മുഖ്യമന്ത്രി കമാല്‍ നാഥ് ചടങ്ങില്‍ പങ്കെടുക്കും.

സത്യാപ്രതിജ്ഞാ ചടങ്ങിനു സുരക്ഷയൊരുക്കുന്നതിനു വേണ്ടി ശിവാജി പാര്‍ക്കില്‍ 2000 പൊലീസുകാരെ വിന്യസിക്കും.