Administrator
Administrator
പെട്രോള്‍; 6.50 വര്‍ദ്ധന 5.28 രൂപയായി കുറയും:മുഖ്യമന്ത്രി
Administrator
Wednesday 18th May 2011 7:35pm

ummenchandiതിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍വില കുറച്ചുകൊണ്ട് കേരളത്തിന്റെ 21 ാം മന്ത്രിസഭയുടെ ആദ്യയോഗം സമാപിച്ചു. പ്രധാനമായും നാലു വിഷയങ്ങളിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനമെടുത്തത്. പെട്രോള്‍ വിലവര്‍ധനയുമായി ബന്ധപ്പെട്ടാണ് സുപ്രധാനതീരുമാനം. മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മന്‍ചാണ്ടി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

പെട്രോള്‍ വിലവര്‍ധനവിലൂടെ ലഭിക്കുന്ന അധികനികുതി സര്‍ക്കാര്‍ വേണ്ടെന്നുവെയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവഴി ലിറ്ററിന് 1 രൂപ 22 പൈസ കുറയും. എന്നാല്‍ ഇത് സംസ്ഥാനത്തിന് 139.14 കോടി വാര്‍ഷിക നഷ്ടം വരുത്തിവെക്കും. ഇന്ന് അര്‍ധരാത്രിമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍വരും. ഇത്തരമൊരു സാഹചര്യത്തില്‍ 20 ന് ഇടതുപക്ഷം പ്രക്യാപിച്ച ഹര്‍ത്താല്‍ വേണ്ടെന്നുവെയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഒരു ലക്ഷം രൂപ അടിയന്തിര സഹായം നല്‍കാനാണ് തീരുമാനിച്ചത്. 50,000 രൂപ നഷ്ടപരിഹാരം ലഭിച്ച 178 പേര്‍ക്ക് 50,000 രൂപ കൂടി നല്‍കും. ഔദ്യോഗിക കണക്ക് പ്രകാരം 486 പേരാണ് എന്‍ഡോസള്‍ഫാന്‍ ദുതന്തത്തിനിരയായി മരിച്ചത്. ഇതില്‍ 178 കുടുംബങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കിയിരുന്നു. ഇവര്‍ക്കാണ് 50,000 രൂപ കൂടി നഷ്ടപരിഹാരമായി ലഭിക്കുക.

എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് കൊണ്ടുള്ള സുപ്രീംകോടതി നടപടി കര്‍ശനമായി നടപ്പിലാക്കും. ഇതിനായി ജില്ലാ കളക്ടര്‍മാര്‍ ഉത്തരവാദപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടണമെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് എന്‍ഡോസള്‍ഫാന്‍ കൊണ്ട് വരുന്നത് തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് വി എം സുധീരന്റെ ആവശ്യപ്രകാരം ഉന്നതതലയോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതര്‍ക്കുള്ള ദേശീയ മനുഷ്യാവകാശകമ്മീഷന്റെ 4 ശുപാര്‍ശകള്‍ തത്വത്തില്‍ അംഗീകരിച്ചതായും പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

കുട്ടനാടുള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ആവശ്യത്തിനുള്ള കൊയ്ത്തുയന്ത്രങ്ങള്‍ വാങ്ങിക്കാനുള്ള നടപടി സ്വീകരിക്കും. കുട്ടനാട്ടില്‍ കൃഷിനാശം സംഭവിച്ചവര്‍ക്കായി ഹെക്ടറിന് 20000 രൂപ വീതം ധനസഹായം നല്‍കും. എല്‍ഡിഎഫ് സര്‍ക്കാര്‍ ഹെക്ടറിന് 10000 രൂപവെച്ച് നല്‍കിയിരുന്നത് അപര്യാപ്തമാണെന്ന് കര്‍ഷകര്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് ഹെക്ടറിന് 20000 രൂപ വെച്ച് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തില്‍ രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കും. അവരുടെ റിസള്‍റ്റ് വരാന്‍ വൈകുന്നതിനാലാണിത്. കേന്ദ്രത്തില്‍ നിന്നുള്ള പദ്ധതികള്‍ കൃത്യസമയത്ത് ലഭ്യമാക്കുന്നതിനായി പ്രോഗ്രാം മോണിറ്ററിംഗ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ സെല്‍ രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും സെല്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

വി.എസ്. അച്യുതാനന്ദന്റെ മകനെതിരായ പരാതിയില്‍ നിയമപരമായ നടപടി സ്വീകരിക്കും. ഒരു രൂപയ്ക്ക് അരി ഏറ്റവും വേഗം കൊടുക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ടി.എം.ജേക്കബിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisement