ജീവന് തുല്യം സ്‌നേഹിച്ച ചാര്‍ലിയുടെ കഥ; പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തിലെത്തിക്കുന്ന പുതിയ സിനിമ
Film News
ജീവന് തുല്യം സ്‌നേഹിച്ച ചാര്‍ലിയുടെ കഥ; പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തിലെത്തിക്കുന്ന പുതിയ സിനിമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th May 2022, 4:09 pm

കന്നഡ താരം രാക്ഷിത് ഷെട്ടി നായകനാകുന്ന 777 ചാര്‍ലിയുടെ ട്രെയ്‌ലര്‍ പുറത്ത്. മലയാളി സംവിധായകന്‍ കിരണ്‍ രാജ് ഒരുക്കുന്ന ചിത്രത്തില്‍ ഒരു നായയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം ജൂണ്‍ 10ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

ധര്‍മ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് ചാര്‍ലി എന്ന നായ എത്തിച്ചേരുന്നതും അതിലൂടെ ധര്‍മയുടെ ജീവതത്തില്‍ ഉണ്ടാകുന്ന മാറ്റവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നായകള്‍ക്ക് പ്രവേശനമില്ലാത്ത ഹൗസിംഗ് കോളനിയിലേക്ക് ചാര്‍ലിയുമായി ധര്‍മ എത്തിയാല്‍ എങ്ങനെയിരിക്കും. തുടര്‍ന്ന് ചാര്‍ലി ധര്‍മയ്ക്കുണ്ടാക്കുന്ന പൊല്ലാപ്പുകളൊക്കെ ട്രെയ്‌ലറില്‍ രസകരമായി കാണിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം പുറത്ത് വന്ന ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഴയും വെയിലും കൊണ്ട് ചാര്‍ലി നടത്തുന്ന യാത്രകളായിരുന്നു ടീസറിലുണ്ടായിരുന്നത്.

കന്നഡയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ മൃഗങ്ങളെ കേന്ദ്ര കഥപാത്രമാക്കി ഇറക്കുന്ന ചിത്രങ്ങള്‍ വളരെ കുറവായതിനാല്‍ 777 ചാര്‍ലിക്ക് വന്‍ തോതില്‍ പ്രേക്ഷക ശ്രദ്ധ നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

നിവിന്‍ പോളി, ആസിഫ് അലി, ടൊവിനോ തോമസ്, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍ പുറത്ത് വിട്ടത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ മലയാളം വേര്‍ഷന്‍ വിതരണത്തിനെടുത്തിരിക്കുന്നത്. സംഗീത ശ്രിങ്കേരി ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. രാജ് ബി. ഷെട്ടി, ബോബി സിന്‍ഹ, ഡാനിഷ് സെയ്റ്റ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കിരണ്‍ രാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. രാക്ഷിത് ഷെട്ടിയും ജി.എസ് ഗുപ്തയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Condent Highlight: new kannada movie 777 charley trailer out