മാതൃകയാക്കാം ഇവരെ. കൊടുങ്ങല്ലൂരിലെ ന്യൂജനറേഷന്‍ ദമ്പതികളുടെ കഥ
ന്യൂസ് ഡെസ്‌ക്

കൊടുങ്ങല്ലൂര്‍: ആര്‍ഭാടങ്ങള്‍ എല്ലാം ഒഴിവാക്കി കൊടുങ്ങല്ലൂരില്‍ ഒരു കല്യാണം. കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശികളായ ഫായിസയും അബ്ദുല്ലയുമാണ് വിവാഹത്തിന് എല്ലാ ആര്‍ഭാടവും ഒഴിവാക്കിയത്.

ഇരുവരുടേയും വിവാഹത്തിന് മഹര്‍ അഥവാ വിവാഹമൂല്യമായി വരന്‍ നല്‍കിയത് 40 ഗ്രാം സ്വര്‍ണത്തിനൊപ്പം 500 വൃക്ഷത്തൈകള്‍. സ്വര്‍ണം വേണ്ട പകരം ആളുകള്‍ക്ക് ഉപകാരമുള്ള എന്തെങ്കിലും വേണമെന്ന ഫായിസയുടെ നിര്‍ദേശമാണ് വൃക്ഷത്തൈകളെന്ന ആശയത്തിലേക്ക് ഇരുവരേയും എത്തിച്ചത്. തീരുമാനത്തെ എതിര്‍ക്കാതെ പൂര്‍ണപിന്തുണയുമായി കുടുംബ കൂടെ നിന്നതോടെ ഇരുവരുടേയും വിവാഹ സ്വപ്‌നം യാഥാര്‍ത്യമായി.

വിവാഹത്തിന് എത്തിയ അതിഥികള്‍ക്കാണ് വൃക്ഷത്തൈകള്‍ കൈമാറിയത്. കൊണ്ടുപോകുന്ന തൈ കൃത്യമായി പരിപാലിക്കുമെന്നും വളര്‍ന്ന് മരമായി ഭാവിയില്‍ ഉപകാരമാക്കുമെന്ന് ഉറപ്പുള്ളവര്‍ മാത്രം തൈകള്‍ കൊണ്ടുപോയാല്‍ മതിയെന്ന കൃത്യമായ നിര്‍ദേശം മരം വാങ്ങുന്നവര്‍ക്ക് നല്‍കിയെന്നും അബ്ദുല്ല ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

വൈറലാകാന്‍ ചെയ്തതല്ല. സ്വര്‍ണത്തിനപ്പുറം ഇതില്‍ നിന്നൊക്കെയാകും പ്രതിഫലം ലഭിക്കുക. വിവരം അറിഞ്ഞ് പലരും എന്നെ വിളിച്ചു. ഞങ്ങളും ഇങ്ങനെ ചെയ്യുമെന്ന് പറഞ്ഞു ഇതൊക്കെ കേട്ടപ്പോള്‍ വല്ലാത്ത സന്തോഷം- അബ്ദുല്ല പറഞ്ഞു.

ചാമ്പ, മാവ്, അത്തി പേര, പ്ലാവ് തുടങ്ങിയ ബഡ് ചെയ്ത ചെടിയാണ് വിതരണം ചെയ്തത്. മണ്ണുത്തി കാര്‍ഷിക സര്‍വകലാശായില്‍ നിന്നായിരുന്നുതൈകള്‍ വാങ്ങിയത്. വിവാഹത്തിന് ശേഷം വധൂവരന്‍മാര്‍ ചേര്‍ന്ന് മരത്തൈ നടുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.