എഡിറ്റര്‍
എഡിറ്റര്‍
ക്രിക്കറ്റിനോട് വിടപറയാന്‍ ആഗ്രഹമില്ലായിരുന്നു: ബ്രെറ്റ് ലീ
എഡിറ്റര്‍
Monday 15th October 2012 10:27am

ജോഹന്നാസ്ബര്‍ഗ്: ക്രിക്കറ്റ് ലോകത്തോട് വിടപറയാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ. ഒരിക്കലും നിരാശനായി ഫീല്‍ഡില്‍ നില്‍ക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഇനി വരുന്ന തലമുറയും മികച്ച സ്പിരിറ്റോടെ കളിക്കാന്‍ കഴിയുന്നവരായിരിക്കണമെന്നാണ് ആഗ്രഹമെന്നും ബ്രെറ്റ് ലീ പറഞ്ഞു.

Ads By Google

‘എന്റെ എല്ലാ പ്രതിസന്ധികളെയും ഞാന്‍ തരണം ചെയ്തത് ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശംകൊണ്ടാണ്‌. ക്രിക്കറ്റില്‍ നിന്നും വിടപറയുന്ന ദിവസം എന്നെ സംബന്ധിച്ച് ഓര്‍ക്കാന്‍ പോലും കഴിയാത്തതായിരുന്നു. വിരമിച്ചെങ്കിലും ഇനി വരുന്നവര്‍ക്ക് എന്നെ കൊണ്ട് കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാന്‍ തയ്യാറാണ്’- ബ്രെറ്റ് ലീ പറഞ്ഞു.

14 സര്‍ജറികളാണ് അടുത്തിടെ ബ്രെറ്റ് ലിയുടെ ശരീരത്തില്‍ നടത്തിയത്. ഈ പരിക്കുകള്‍ തന്നെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ബ്രെറ്റ്‌ലിയെ പ്രേരിപ്പിച്ചതും.

‘ഒരിക്കലും പതുക്കെ ബൗള്‍ ചെയ്യാന്‍ എനിയ്ക്ക് ഇഷ്ടമല്ലായിരുന്നു, എന്റെ പരാമവധി വേഗത്തില്‍ ഓരോ ബോളും എറിയുക അതായിരുന്നു ലക്ഷ്യം. നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ ക്രിക്കറ്റിനെ കാണുക, രാജ്യത്തിന് വേണ്ടി പരമാവധി നേട്ടങ്ങള്‍ സമ്മാനിക്കുക, ഇതെല്ലാമായിരുന്നു ആഗ്രഹം’- ബ്രെറ്റ് ലീ പറയുന്നു.

ക്രിക്കറ്റിന് പുറമെ സംഗീതത്തിലും മോഡലിങ്ങിലും ഒരു കൈ പരീക്ഷിക്കുന്ന ലീ ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 യില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന് വേണ്ടി കളിക്കുന്നുണ്ട്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്തേറുകാരുടെ ഗണത്തില്‍പ്പെടുന്ന ബ്രെറ്റ് ലീ 221 ഏകദിനങ്ങളില്‍നിന്നു 380 വിക്കറ്റുകളും 25 ട്വന്റി-20കളില്‍ നിന്ന് 28 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന്‌ 2010ല്‍ വിരമിച്ച ലീയുടെ പേരില്‍ 76 മല്‍സരങ്ങളില്‍ നിന്ന്‌ 310 വിക്കറ്റുകളുണ്ട്.

ഇന്ത്യയ്‌ക്കെതിരെ 1999ല്‍ ആദ്യ ടെസ്റ്റില്‍ത്തന്നെ 7 വിക്കറ്റ് സ്വന്തമാക്കി ഉജ്വലതുടക്കമാണ് രാജ്യാന്തര രംഗത്ത്‌ ലീ കുറിച്ചത്. പിന്നീട് ഇന്ത്യയില്‍ നിത്യസന്ദര്‍ശകനായി മാറിയ ബ്രെറ്റ് ലീയുടെ രണ്ടാം നാടായി ഇന്ത്യ മാറി.

Advertisement