യ്യോ... ഞാനങ്ങനെ പറഞ്ഞിട്ടേയില്ല; ലോകകപ്പ് നേടിയിട്ടേ കല്യാണം കഴിക്കൂവെന്ന് പറഞ്ഞിട്ടില്ലെന്ന് റാഷിദ് ഖാന്‍
ICC T-20 WORLD CUP
യ്യോ... ഞാനങ്ങനെ പറഞ്ഞിട്ടേയില്ല; ലോകകപ്പ് നേടിയിട്ടേ കല്യാണം കഴിക്കൂവെന്ന് പറഞ്ഞിട്ടില്ലെന്ന് റാഷിദ് ഖാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 21st October 2021, 6:42 pm

ടി-20 ക്രിക്കറ്റില്‍ ഏറെ ആരാധകരുള്ള താരമാണ് അഫ്ഗാന്റെ റാഷിദ് ഖാന്‍. ദേശീയ ടീമിന്റെ പ്രതീക്ഷ മുഴുവനും റാഷിദ് ഖാനിലാണ്.

എന്നാല്‍ താരമിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഒരു പ്രസ്താവനയിലൂടേയും അതിനെ ചുറ്റിപ്പറ്റിയുള്ള ട്രോളുകളിലൂടെയുമാണ്.

ലോകകപ്പ് നേടിയാല്‍ മാത്രമേ താന്‍ കല്യാണം കഴിക്കൂ എന്ന് റാഷിദ് പറഞ്ഞെന്നായിരുന്നു പ്രചരണം. ഇതിനെ തുടര്‍ന്ന് താരത്തെ കളിയാക്കി ട്രോളുകളും വന്നിരുന്നു.

ഇപ്പോഴിതാ താന്‍ അത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് റാഷിദ് ഖാന്‍. കല്യാണത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും വരാനിരിക്കുന്ന ലോകകപ്പുകളിലാണ് തന്റെ ശ്രദ്ധയെന്നുമാണ് താന്‍ പറഞ്ഞതെന്ന് റാഷിദ് പറഞ്ഞു.

‘ഇതൊക്കെ കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ലോകകപ്പ് നേടിയാല്‍ മാത്രമേ കല്യാണം കഴിക്കൂ എന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. ഞാനിപ്പോള്‍ ക്രിക്കറ്റില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്,’ റാഷിദ് പറഞ്ഞു.

2021, 2022 ടി-20 ലോകകപ്പുകളിലും 2023 ഏകദിന ലോകകപ്പിലും മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും അതിനുശേഷമേ കല്യാണത്തെക്കുറിച്ച് ചിന്തിക്കൂവെന്നും റാഷിദ് കൂട്ടിച്ചേര്‍ത്തു.

17-ാം വയസ്സിലാണ് റാഷിദ് ഖാന്‍ അഫ്ഗാന്‍ ടീമില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ്.

95 അന്താരാഷ്ട്ര വിക്കറ്റുകളാണ് റാഷിദ് ഖാന്റെ പേരിലുള്ളത്. 2021 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടിയ അഫ്ഗാനിസ്താന്‍ ഇന്ത്യയ്ക്കൊപ്പം രണ്ടാം ഗ്രൂപ്പിലാണ് മത്സരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Never said I’ll marry once I win the World Cup, my focus is on cricket: Rashid Khan