അദ്ദേഹത്തില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല; പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ കുമാരസ്വാമി ആവശ്യപ്പെട്ടെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി യെദ്യൂരപ്പ
national news
അദ്ദേഹത്തില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല; പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ കുമാരസ്വാമി ആവശ്യപ്പെട്ടെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി യെദ്യൂരപ്പ
ന്യൂസ് ഡെസ്‌ക്
Tuesday, 25th December 2018, 4:01 pm

ബെംഗളൂരു: പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ശബ്ദസന്ദേശത്തില്‍ പ്രതികരണവുമായി കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ എച്ച്.ഡി കുമാരസ്വാമി. കുമാരസ്വാമിയില്‍ നിന്നും താന്‍ ഇത് പ്രതീക്ഷിച്ചില്ലെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം

“” മുഖ്യമന്ത്രിയില്‍ നിന്നും ഞാനിത് പ്രതീക്ഷിച്ചില്ല. ഒരു മുഖ്യമന്ത്രി ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കില്‍ അവിടുത്തെ ക്രമസമാധാന നില എങ്ങനെയായിരിക്കും? ഉത്തരവാദിത്തമില്ലാത്തതും അസംബന്ധവും നിറഞ്ഞ പ്രസ്താവനയാണ് ഇത്””- യെദ്യൂരപ്പ പറഞ്ഞു.


കമല്‍ഹാസന്‍ ഫാസിസത്തിനെതിരാണ്; മക്കള്‍ നീതി മയ്യത്തെ യു.പി.എ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്


പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് കാരണക്കാരായവരെ വെടിവെച്ചുകൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന ഫോണ്‍ സന്ദേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദീകരണവുമായി കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രംഗത്തെത്തിയിരുന്നു. നിഷ്‌കരുണം കൊല്ലൂവെന്നത് തന്റെ ഉത്തരവായിരുന്നില്ലെന്നാണ് കുമാരസ്വാമി പറഞ്ഞത്.

“ആ സമയത്ത് ഞാന്‍ ഏറെ വികാരാധീനനായിരുന്നു. രണ്ട് കൊലപാതകത്തിന് കാരണക്കാരാണവര്‍. അവര്‍ ജയിലിലായിരുന്നു. രണ്ടുദിവസം മുമ്പ് അവര്‍ ജാമ്യത്തില്‍ ഇറങ്ങി. മറ്റൊരാളെക്കൂടി (ജെ.ഡി.എസ് നേതാവ് പ്രകാശ്) കൊലചെയ്തു. ഇങ്ങനെയാണ് അവര്‍ ജാമ്യത്തെ ദുരുപയോഗം ചെയ്യുന്നത്.” കുമാരസ്വാമി പറഞ്ഞു.

പ്രകാശ് എന്ന ജെ.ഡി.എസ് നേതാവിന്റെ കൊലപാതകത്തിന് പകരം ചോദിക്കാന്‍ മുഖ്യമന്ത്രി ഫോണില്‍ ആവശ്യപ്പെടുന്ന വീഡിയോയാണ് പുറത്തുവന്നത്.

“അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു. അങ്ങനെയുള്ള ഒരാള്‍ കൊല്ലപ്പെട്ടത് എന്നില്‍ ഞെട്ടലുളവാക്കുന്നു. ആരാണ് അയാളോട് ഇങ്ങനെ ചെയ്തത് എന്നറിയില്ല. ആരായാലും ഒരു ദയയുമില്ലാതെ അയാളെ വെടിവെച്ച് കൊല്ലണം.ഒരു പ്രശ്നവുമുണ്ടാകില്ല. ” എന്നാണ് കുമാരസ്വാമി പറഞ്ഞത്.

പ്രകാശ് എന്ന ജനതാദള്‍ സെക്കുലറിന്റെ പ്രാദേശിക പ്രവര്‍ത്തകനെ മാണ്ഡ്യയില്‍ വെട്ടിക്കൊല്ലുകയായിരുന്നു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന പ്രകാശിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.