ടിക് ടോക്കിന്റെ വളര്‍ച്ച അമ്പരപ്പിക്കുന്നത്, ആദ്യമായി തുറന്ന് സമ്മതിച്ച് നെറ്റ്ഫ്‌ളിക്‌സ്
Netflix
ടിക് ടോക്കിന്റെ വളര്‍ച്ച അമ്പരപ്പിക്കുന്നത്, ആദ്യമായി തുറന്ന് സമ്മതിച്ച് നെറ്റ്ഫ്‌ളിക്‌സ്
ന്യൂസ് ഡെസ്‌ക്
Tuesday, 21st July 2020, 7:31 pm

ടിക് ടോക്കുമായി മത്സരമുണ്ടെന്ന് ആദ്യമായി സമ്മതിച്ച് ഒ.ടി.പി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സ്. ഷെയര്‍ ഹോള്‍ഡേഴ്‌സിന് അയച്ച കത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. കത്തില്‍ ഡിസ്‌നിയും വാര്‍ണര്‍ മീഡിയയുമായി മത്സരമുണ്ടെന്ന് കമ്പനി പറയുന്നുണ്ട്. അതേ സമയം ടിക് ടോക്കിന്റെ വളര്‍ച്ച പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

‘ ടിക് ടോക്കിന്റെ വളര്‍ച്ച അമ്പരിപ്പിക്കുന്നതാണ്,’ കത്തില്‍ പറയുന്നു.ഡാറ്റാ വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന ആരോപണം ടിക് ടോക്കിനെതിരെ നിലനില്‍ക്കുമ്പോള്‍ പോലും ടിക് ടോക്കിന്റെ മാര്‍ക്കറ്റിന് വലിയ രീതിയില്‍ ഇടിവ് വന്നിട്ടില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ടിക് ടോക്കിന്റെ നിലവിലെ സി.ഇ.ഒ ആയ കെവിന്‍ എ. മേയര്‍ ഡിസ്‌നിയുടെ ഡയറക്ട് ടു കണ്‍സ്യൂമര്‍ ആന്റ് ഇന്റര്‍നാഷണല്‍ ഡിവിഷന്‍ ചെയര്‍മാനായിരുന്നു.

നേരത്തെ കൊവിഡ് വ്യാപനത്തിനിടയിലുണ്ടായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയില്‍ നെറ്റ്ഫ്ളിക്സില്‍ ഉണ്ടായ തള്ളിക്കയറ്റത്തില്‍ അയവു വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കമ്പനി തന്നെയാണ് നിക്ഷേപകര്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ സബ്ക്രൈബേഴ്സിന്റെ എണ്ണത്തില്‍ കുറവു വരുമെന്നാണ് നെറ്റ്ഫ്ളിക്സ് നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പ്രാരംഭഘട്ടത്തിലുണ്ടായ ഞെട്ടലിലൂടെ ഉപയോക്താക്കള്‍ കടന്നു പോയിക്കഴിഞ്ഞതിനാല്‍ വരിക്കാരുടെ എണ്ണം കുറയുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ജൂലൈ വരെയുള്ള മൂന്ന് മാസങ്ങളില്‍ നെറ്റ്ഫ്ളിക്സിന് 10 ദശലക്ഷം വരിക്കാരെ ചേര്‍ക്കാനായിരുന്നു. ഇതോടെ 2020 ല്‍ പുതിയ വരിക്കാരുടെ എണ്ണം 26 ദശ ലക്ഷമായി.അതേ സമയം കഴിഞ്ഞ വര്‍ഷം ആകെ 28 ദശലക്ഷം വരിക്കാരെയാണ് നെറ്റ്ഫ്ലിക്സിന് ലഭിച്ചത്. ഉപയോക്താക്കള്‍ കൂടിയതോടു കൂടി നെറ്റ്ഫ്‌ളിക്‌സിന്റെ ഓഹരിവില 30 ശതമാനത്തിലേറെ ഉയര്‍ന്നു എന്നാണ് കമ്പനി വ്യക്തമാക്കിയിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ