എഡിറ്റര്‍
എഡിറ്റര്‍
ഫലസ്തീന്‍ അന്താരാഷ്ട്ര കോടതിയിലെത്തുന്നത് തടയണമെന്ന് അമേരിക്കയോട് നെതന്യാഹു
എഡിറ്റര്‍
Friday 8th August 2014 10:48am

netanyahu വാഷിങ്ടണ്‍: ഗസയിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഫലസ്തീന്‍ പരാതി നല്‍കുന്നത് തടയണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളോട് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എ.ഐ.പി.എ.സി(ഐപക്)യുടെ ക്ഷണിതാക്കളായി ഇസ്രഈല്‍ സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് അംഗങ്ങളോടാണ് യുദ്ധക്കുറ്റത്തില്‍ വിചാരണ ചെയ്യപ്പെടാതിരിക്കാന്‍ സഹായിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടത്.

ഗസയില്‍ ഇസ്രഈല്‍ സേന നടത്തിയ യുദ്ധക്കുറ്റങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ എത്തുന്നതിനെ തടയാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് നെതന്യാഹു അഭ്യര്‍ഥിച്ചു. ഗസയിലെ ദുരിതത്തിന് കാരണം ഹമാസാണെന്നും  കോണ്‍ഗ്രസ് അംഗങ്ങളോട് നെതന്യാഹു പറഞ്ഞു.

ഗസയിലെ കൂട്ടക്കുരുതിയില്‍ ഖേദം പ്രകടിപ്പിച്ച്  വെസ്റ്റ് ജറുസലമില്‍ പത്രസമ്മേളനം നടത്തിയ നെതന്യാഹു സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ അഗാധമായി ദുഖിക്കുന്നുവെന്നും ഗസയിലെ ജനങ്ങളല്ല ഹമാസാണ് ഇസ്രഈലിന്റെ ശത്രുവെന്നും സമര്‍ത്ഥിച്ചു. ഹമാസ് നേരത്തേ വെടിനിര്‍ത്തല്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ 90 ശതമാനം ദുരന്തങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ചാനല്‍ എന്‍.ഡി.ടി.വി പകര്‍ത്തിയ ഹമാസിന്റെ വീഡിയോ ദൃശ്യവും വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ലോകത്തെ നാണിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന തരത്തിലാണ് ഗസയിലെ കൂട്ടക്കുരുതിയെന്നും അഭയാര്‍ത്ഥിക്യാമ്പുകളിലുണ്ടായ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, ഇസ്രഈലിനെ ന്യായീകരിച്ച് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ വീണ്ടും രംഗത്തത്തെി. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രഈലിനുണ്ടെന്നും ഹമാസ് ആക്രമണങ്ങളെ ചെറുക്കുക മാത്രമാണ് ഇസ്രഈല്‍ ചെയ്തതെന്നും ഒബാമ പറഞ്ഞു.

Advertisement