എവറസ്റ്റ് കീഴടക്കിയെന്ന വ്യാജ അവകാശവാദം ; പോലീസ് ദമ്പതികള്‍ക്ക് നേപ്പാള്‍ വിലക്കേര്‍പ്പെടുത്തി
Daily News
എവറസ്റ്റ് കീഴടക്കിയെന്ന വ്യാജ അവകാശവാദം ; പോലീസ് ദമ്പതികള്‍ക്ക് നേപ്പാള്‍ വിലക്കേര്‍പ്പെടുത്തി
ന്യൂസ് ഡെസ്‌ക്
Monday, 29th August 2016, 3:33 pm

 കഴിഞ്ഞ ജൂണ്‍ 5 നായിരുന്നു എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇന്ത്യന്‍ ദമ്പതികളാണെന്ന വാദവുമായി ഇവര്‍ പത്രസമ്മേളനം നടത്തുന്നത്

പൂനെ: എവറസ്റ്റ് കീഴടക്കിയെന്ന വ്യാജ അവകാശവാദം ഉന്നയിച്ച പൂനെ പോലീസ് ദമ്പതികള്‍ക്ക് നേപ്പാള്‍ ഗവണ്‍മെന്റ് പത്ത് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.

പുനെ പോലീസിലെ കോണ്‍സ്റ്റബിള്‍മാരാണ് ദമ്പതികളായ ദിനേഷും ടര്‍ക്കേശ്വരി റാത്തോഡും. കഴിഞ്ഞ ജൂണ്‍ 5 നായിരുന്നു എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇന്ത്യന്‍ ദമ്പതികളാണെന്ന വാദവുമായി ഇവര്‍ പത്രസമ്മേളനം നടത്തുന്നത്.

മെയ് 23 ന്എവറസ്റ്റ് കീഴടക്കിയെന്നായിരുന്നു വാദം. എന്നാല്‍ ഇതിന്റെ പിറ്റെ ദിവസം തന്നെ പര്‍വാതാരോഹകരുടെ സംഘടന ഇതിനെതിരെ രംഗത്ത് വരികയായിരുന്നു.

ഇവര്‍ തെളിവിനായി നല്‍കിയ ഫോട്ടോ മോര്‍ഫു ചെയ്തതാണെന്ന് സംഘടന തെളിയിച്ചു. മെയ് 21 ന് എവറസ്റ്റ് കീഴടക്കിയ കൊല്‍ക്കത്ത സ്വദേശികളുടെ ഫോട്ടോയായിരുന്നു ദമ്പതികള്‍ മോര്‍ഫിങ്ങിനായി ഉപയോഗിച്ചത്.

ഇതിനെ തുടര്‍ന്ന് നേപ്പാള്‍ ഗവണ്‍മെന്‍റ് ദമ്പതികള്‍ക്കെതിരെ നടപടി എടുക്കുകയായിരുന്നു. 10 വര്‍ഷത്തേക്ക് നേപ്പാളിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്.

എവറസ്റ്റ് കീഴടക്കിയ ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി നോക്കുന്ന സിഥാന്ദ പറയുന്നത് ഇങ്ങനെയാണ്,

പര്‍വതാരോഹക സമയത്ത് കൂടെയുണ്ടായിരുന്ന ഗൈഡിന് താന്‍ ഫോട്ടോ കൈമാറിയിരുന്നു. അവര്‍ പെന്‍ ഡ്രൈവില്‍ ഫോട്ടോ കോപ്പി ചെയ്തിരുന്നു. ഈ ഫോട്ടോയാകാം ദമ്പതികള്‍ മോര്‍ഫിങ്ങിന് ഉപയോഗിച്ചത്- സിഥാന്ദ പറഞ്ഞു.