എഡിറ്റര്‍
എഡിറ്റര്‍
നെല്ലിയാമ്പതി : രാഹുല്‍ വിളിച്ചു, പ്രതാപനും സതീശനും ദല്‍ഹിയില്‍
എഡിറ്റര്‍
Thursday 9th August 2012 11:29am

ന്യൂദല്‍ഹി : എം.എല്‍.എമാരായ വി.ഡി. സതീശനും ടി.എന്‍. പ്രതാപനും ദല്‍ഹിയിലെത്തി. നെല്ലിയാമ്പതി വിഷയവുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ പുകയുന്ന പ്രതിസന്ധി പരിഹരിക്കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി വിളിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാനാണ് ഇരുവരും ദല്‍ഹിയിലെത്തിയത്.

Ads By Google

ഉച്ചയ്ക്ക് ശേഷം ഇരുവരും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. നെല്ലിയാമ്പതി വിഷയവുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളെ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ശക്തമായ നിലപാടെടുത്തില്ലെന്നാണ് ഇരുവരുടേയും പരാതി. ഈ സാഹചര്യത്തിലാണ് ഇരുവരേയും ചര്‍ച്ചക്ക് ദല്‍ഹിയിലേക്ക് വിളിപ്പിച്ചത്.

നെല്ലിയാമ്പതി വിഷയം രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് വി.ഡി സതീശന്‍ ദല്‍ഹിയില്‍ പറഞ്ഞു. ‘നെല്ലിയാമ്പതി പ്രശ്‌നം നിയമപ്രശ്‌നമാണ്. മറിച്ചൊരു തീരുമാനം കേരളാ കോണ്‍ഗ്രസ് എടുത്താലും കാര്യമില്ല. താനും പ്രതാപനും സര്‍ക്കാര്‍ നിലപാടിനെയാണ് പിന്തുണക്കുന്നത്. അപകടം മണത്തത് കൊണ്ടാണ് പ്രശ്‌നത്തില്‍ ഇടപെട്ടത്. മുഖ്യമന്ത്രി അനുകൂലമായ നിലപാടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’ വി.ഡി സതീശന്‍ പറഞ്ഞു.

നെല്ലിയാമ്പതിയില്‍ കയ്യേറ്റക്കാര്‍ക്ക് വേണ്ടി വാദിച്ച പി.സി ജോര്‍ജ് എം.എല്‍.എയുടെ പ്രസ്താവനയോടെ ഉപസമിതിയുടെ വിശ്വാസ്യത നഷ്ടമായെന്നാരോപിച്ച് വി.ഡി സതീശന്റെ നേതൃത്വത്തില്‍ 6 കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചിരുന്നു. ഉപസമിതിയുടെ വിശ്വാസ്യതയെ പരസ്യമായി ചോദ്യം ചെയ്ത എം.എല്‍.എമാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഉപസമിതി കണ്‍വീനര്‍ സ്ഥാനം എം.എം ഹസന്‍ രാജിവെക്കുകയും ചെയ്തിരുന്നു.

ടി. എന്‍ പ്രതാപന്‍ എം.എല്‍.എക്കെതിരെ പി.സി ജോര്‍ജ് നടത്തിയ തീര്‍ത്തും വ്യക്തിപരമായ പരാമര്‍ശത്തിന്റെ പേരില്‍ ഉപസമിതിയില്‍ വിശ്വാസമില്ലെന്ന് പറയുന്നത് ശരിയല്ലെന്നും സമിതിയിലെ ഒരംഗം മാത്രമാണ് പി.സി ജോര്‍ജ് എന്നുമായിരുന്നു എം.എം ഹസന്‍ പറഞ്ഞത്.

Advertisement